ഗൾഫിൽ റമസാൻ വ്രതാനുഷ്ഠാനങ്ങൾക്ക് തുടക്കം; ഒമാനിൽ ഇന്നു തുടങ്ങും

ramadanwb
SHARE

കോവിഡ് നിയന്ത്രണങ്ങളോടെ ഗൾഫിൽ റമസാൻ വ്രതാനുഷ്ടാനങ്ങൾക്ക് തുടക്കം. മക്ക, മദീന പള്ളികളിലെ തറാവീഹ് നമസ്കാരത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഒമാനിൽ ഇന്നാണ് റമസാൻ തുടങ്ങുന്നത്. 

വിശുദ്ധനഗരങ്ങളായ മക്കയും മദീനയുമടക്കം ഗൾഫിലെ പള്ളികളിലെ തറാവീഹ് നമസ്കാരത്തിൽ പ്രവാസിമലയാളികളടക്കം വിശ്വാസികൾ പങ്കെടുത്തു. മക്ക, മദീനയിലേക്ക് തവക്കൽന ആപ്പിലൂടെ അനുമതി നേടിയവർക്ക് മാത്രമാണ് പ്രവേശനാനുമതി. വാക്സീൻ സ്വീകരിച്ചവരെ മാത്രമാണ് ഇരു പള്ളികളിലേക്കും പ്രവേശിപ്പിക്കുന്നത്. ഇശാ നമസ്കാരത്തോടു ചേർത്തും ദൈർഘ്യം കുറച്ചും തറാവീഹ് നിർവഹിക്കണമെന്നതായിരുന്നു ഈ വർഷത്തെ പ്രധാനനിർദേശം. യുഎഇ, കുവൈത്ത്, ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ പള്ളികളിലും നിയന്ത്രണങ്ങളോടെ വിശ്വാസികളെ പ്രവേശിപ്പിച്ചു. ഇഫ്താർ സംഗമങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കണമെന്ന നിർദേശത്തെതുടർന്ന് സംഘടകളുടേയും പള്ളികളുടേയും നേതൃത്വത്തിലുള്ള സമൂഹനോമ്പുതുറ ഒഴിവാക്കി. പ്രതലങ്ങളും വിരിപ്പുകളും കൂടെക്കൂടെ അണുവിമുക്തമാക്കിയാണ് പള്ളികളിൽ വിശ്വാസികളെ സ്വീകരിക്കുന്നത്. കുവൈത്തിൽ തറാവീഹ് നമസ്കാരം മന്ത്രിസഭാ നിർദേശപ്രകാരം 15 മിനിറ്റിൽ അവസാനിപ്പിച്ചു. കോവിഡ് വാക്സീൻ സ്വീകരിക്കാത്തവർ നമസ്കാരങ്ങൾക്കായി പള്ളികളിൽ എത്തരുതെന്നാണ് നിർദേശം. റംസാനോടനുബന്ധിച്ചുള്ള വിവിധ സംഘടകളുടെ മതപ്രഭാഷണങ്ങൾ ഇത്തവണ ഓൺലൈൻ വഴിയാണ് സംഘടിപ്പിക്കുന്നത്. സമൂഹനോമ്പുതുറകളില്ലെങ്കിലും സംഘടനകളും ചില കമ്പനികളും ഇഫ്താർ ഭക്ഷണം തൊഴിലാളി ക്യാംപുകളിലടക്കം വിതരണം ചെയ്യുന്നുണ്ട്.

MORE IN GULF
SHOW MORE
Loading...
Loading...