കുവൈത്തിലേക്ക് വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് നീട്ടി

kuwaitoman-01
SHARE

കുവൈത്തിലേക്ക് ഇന്ത്യയിൽ നിന്നടക്കം വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് നീട്ടി. ഇനിയൊരറിയിപ്പുണ്ടാകും വരെ പ്രവേശനവിലക്ക് തുടരുമെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം, ഒമാനിൽ കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി കൈസ്തവ ദേവാലയങ്ങളും ക്ഷേത്രങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ നിർദേശം നൽകി.

ഗൾഫിൽ കോവിഡ് വ്യാപനം വീണ്ടുംഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. വിദേശികൾക്കുള്ള പ്രവേശനവിലക്ക് അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് സർക്കാർ വക്താവ് താരീഖ് അൽ മുസറം അറിയിച്ചു. കുവൈത്തില്‍ തുടരുന്ന ഭാഗിക കര്‍ഫ്യൂ ഈ മാസം 22 വരെ നീട്ടി. രാത്രി ഏഴു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയായിരിക്കും പുതിയ കര്‍ഫ്യൂ സമയം. താമസകേന്ദ്രങ്ങളിൽ വ്യായാമ സവാരിക്കുള്ള സമയം വൈകിട്ട് 7 മുതൽ 10വരെ മാത്രമായിരിക്കും. റമസാനിൽ കർഫ്യൂ ദിവസങ്ങളിൽ റസ്റ്ററൻ‌റുകളിലും കഫെകളിലും ഡെലിവറി സേവനം വൈകിട്ട് ഏഴുമുതൽ പുലർച്ചെ മൂന്നുവരെ അനുവദിക്കും. സഹകരണസ്ഥാപനങ്ങളിലും സൂപ്പർമാർക്കറ്റുകളിലും മുൻ‌‌കൂർ റജിസ്റ്റർ ചെയ്യുന്നവർക്ക് വൈകിട്ട് ഏഴു മുതൽ രാത്രി 12വരെ ഷോപ്പിങ് സൌകര്യം ലഭ്യമാക്കും. റമസാനിൽ തറവീഹ്, ഖിയാമുല്ലൈൽ നമസ്കാരങ്ങൾ പള്ളികളിൽ തന്നെ നിർവഹിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. അടുത്തുള്ള പള്ളികളിൽ കാൽനടയായി മാത്രമേ പോകാവൂ എന്നാണ് നിർദേശം. അതേസമയം, ഒമാനിലെ മുസ്ലിം ഇതര ആരാധനാലയങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ  ഔഖാഫ്-മതകാര്യ മന്ത്രാലയം നിർദേശം നൽകി. മസ്ക്കറ്റിലെ ക്രൈസ്തവ ദേവാലയങ്ങളും ക്ഷേത്രങ്ങളും അടഞ്ഞുകിടക്കും. 

MORE IN GULF
SHOW MORE
Loading...
Loading...