ഇഫ്താർ സംഗമങ്ങളില്ല, ഭജനമിരിക്കാൻ അനുമതിയില്ല; റമസാനിലെ നിയന്ത്രണങ്ങൾ

PTI24-04-2020_000214A
SHARE

റമസാൻ അടുത്തതോടെ മക്കയിലേയും മദീനയിലേയും പള്ളികളിൽ പാലിക്കേണ്ട കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇഫ്താർ സംഗമങ്ങൾ ഇത്തവണയുണ്ടാകില്ല. ഭജനമിരിക്കുന്നതിനും അനുമതിയുണ്ടാകില്ല.

സൌദിയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് റമസാൻ കാലത്ത് നിയന്ത്രണം ഏർപ്പെടുത്തുന്നത്. തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുകയും സുഗമമായ തീർഥാടനം സാധ്യമാക്കുകയുമാണ് ലക്ഷ്യം. ഇതു പ്രകാരം മക്കയിലും മദീനയിലും ഇഫ്‌താർ സുപ്രകളും ബുഫെകളും  ഇപ്രാവശ്യം ഉണ്ടാകില്ല.  പള്ളികളിലെ ഭജനമിരിക്കൽ താത്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇരുഹറംകാര്യമേധാവി ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് പറഞ്ഞു.  പകരം സന്ദർശകർക്കും തീർഥാടകർക്കും ഭക്ഷണം പാഴ്സലായി നൽകും. മക്കയിലെ ഹറം പള്ളി, പ്രവാചക പള്ളി, ഇരു പള്ളികളുടെയും മുറ്റം എന്നിവിടങ്ങളിൽ ഭക്ഷണ വിതരണം അനുവദിക്കില്ല. 

റമസാൻ കാലത്ത് കഅബക്ക് ചുറ്റുമുള്ള മതാഫ്, ഉംറ തീർഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്തും. മറ്റു ആരാധനയ്ക്കും നമസ്കാരത്തിനും പള്ളിയുടെ കിഴക്ക് ഭാഗത്ത്  പ്രത്യേകം സജ്ജീകരിച്ച അഞ്ച് ഇടങ്ങൾ ഉണ്ടാകുമെന്നും ഷെയ്ഖ് അബ്ദുൽ റഹ്മാൻ പറഞ്ഞു.  സംസം വെള്ളം വിതരണത്തിന് വാട്ടർ കൂളറുകൾ ഉപയോഗിക്കില്ല. പ്രതിദിനം രണ്ടു ലക്ഷം സംസം കുപ്പികൾ വിതരണം ചെയ്യും. സ്വന്തമായി ഭക്ഷണം കൊണ്ടുവരുന്നവർ അത് പങ്കുവയ്ക്കുകയോ വിതരണം ചെയ്യുകയോ പാടില്ലെന്നാണ് നിർദേശം.  പള്ളിയും പരിസരവും ഓരോ ദിവസവും 10 തവണ അണുവിമുക്തമാക്കും. സേവനം ചെയ്യുന്ന സന്നദ്ധ പ്രവർത്തകർക്കും ജീവനക്കാർക്കും പ്രത്യേക മാർഗ നിർദേശങ്ങളും പരിശീലനവും നൽകിയിട്ടുണ്ട്. 

MORE IN GULF
SHOW MORE
Loading...
Loading...