ഒമാനിൽ പൊതുമാപ്പ് കാലാവധി 31 ന് അവസാനിക്കും; രേഖകളില്ലാത്തവർ എംബസിയെ സമീപിക്കണം

amnestywb
SHARE

ഒമാനിൽ തൊഴിൽ, താമസ നിയമലംഘകരായി തുടരുന്ന പ്രവാസികൾക്കായുള്ള പൊതുമാപ്പിൻറെ കാലാവധി  ഈ മാസം 31 ന് അവസാനിക്കും. അടുത്ത ബുധനാഴ്ച വരെയാണ് പൊതുമാപ്പിനായി റജിസ്റ്റർ ചെയ്യാനാകുന്നത്. പാസ്പോർട്ടടക്കം രേഖകളില്ലാത്തവർ എംബസിയെ സമീപിക്കേണ്ടതാണ്. നവംബർ 15 മുതൽ ഡിസംബർ 31 വരെയായിരുന്നു ഒമാനിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതെങ്കിലും കോവിഡിൻറെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ നീട്ടുകയായിരുന്നു. റസിഡൻറ് കാർഡ്, വീസ തുടങ്ങിയവയുടെ കാലാവധി കഴിഞ്ഞവർക്കു പൊതുമാപ്പ് പ്രയോജനപ്പെടുത്തി പിഴയില്ലാതെ രാജ്യം വിടാനാകും. ബുധനാഴ്ചവരെ മാനവ വിഭവശേഷി മന്ത്രാലയം വെബ്‌സൈറ്റോ സനദ് സെൻറുകൾ വഴിയോ സാമുഹിക പ്രവർത്തകർ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. റജിസ്ട്രേഷൻ കഴിഞ്ഞ് ഏഴു ദിവസത്തിന് ശേഷം തൊഴിൽ മന്ത്രാലയത്തിൽ നിന്ന് ക്ളിയറൻസ് ലഭിക്കും.  ഈ ക്ലിയറൻസ് ഉപയോഗിച്ച് പാസ്പോര്‍ട്ട് ഉള്ളവർക്ക് വിമാന ടിക്കറ്റെടുത്ത് കോവിഡ് പി.സി.ആർ പരിശോധന നടത്തി രാജ്യം വിടാം. പാസ്‌പോർട്ട് ഇല്ലാത്തവർക്ക് അതാത് എംബസികൾ 

ഔട്ട് പാസും നൽകും.  റജിസ്റ്റർ ചെയ്ത എല്ലാവരും ജൂൺ 30നകം രാജ്യം വിടണമെന്നാണ് നിർദേശം. 31 ന് ശേഷം ലഭിക്കുന്ന അപേക്ഷകളിൽമേൽ പരിശോധന നടത്തി നിയമലംഘകർക്ക് പിഴ ഈടാക്കും. പൊതുമാപ്പിനായി ഇതുവരെ 65,173 പേരാണ് രജിസ്റ്റർ ചെയ്തതെന്ന് തൊഴിൽ മന്ത്രാലയം 

അറിയിച്ചു. ഇതിൽ 46,355 പേർ ഇതിനകം രാജ്യം വിട്ടു. മലയാളികളടക്കം നിയമലംഘകരായി രാജ്യത്ത് തുടരുന്ന പ്രവാസികൾ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടണമെന്നാണ് നിർദേശം. അതേസമയം, കോവിഡ് പശ്ചാത്തലത്തിൽ സ്വകാര്യകമ്പനികൾക്ക് ജീവനക്കാരെ പിരിച്ചുവിടുന്നതിനും ഈ മാസം 31 വരെമാത്രമേ അനുമതിയുണ്ടാകൂവെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...