ഊർജ, സാമ്പത്തിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും കുവൈത്തും

indiakuwairwb
SHARE

ഊർജം, സാമ്പത്തികം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും കുവൈത്തും  സംയുക്ത കമ്മീഷൻ രൂപീകരിക്കുന്നു. ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ കുവൈത്ത് വിദേശകാര്യമന്ത്രി  ഷെയ്ഖ്‌ അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹും കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ട് വിമാനസർവീസ് ഉടൻ പുനരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 

ഇന്ത്യയുടേയും കുവൈത്തിൻറേയും നിലവിലുള്ള സംയുക്ത സമിതികൾക്ക് പുറമേയാണ് പുതിയ സമിതി രൂപീകരിക്കുന്നത്.  ഊർജം, വ്യാപാരം, സാമ്പത്തികം, നിക്ഷേപം, മനുഷ്യവിഭവം, തൊഴിൽ, ധനകാര്യം, സാംസ്കാരികം, ശാസ്ത്രം, സാങ്കേതികവിദ്യ, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കുകയാണ് സമിതിയുടെ ലക്ഷ്യം. സമിതിയുടെ യോഗത്തിൽ ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാർ അധ്യക്ഷത വഹിക്കും. വിദേശമന്ത്രാലയം കൺ‌സൽറ്റേഷൻ, മറ്റു സംയുക്ത കർമ്മ സമിതികൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ഘടകമായി പുതുതായി രൂപംകൊണ്ട സംയുക്ത കമ്മീഷൻ മാറും. ഇതിനൊപ്പം നിക്ഷേപം, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിലും സംയുക്ത കർമ്മസമിതി രൂപവത്കരിക്കും. വിമാനം ഇല്ലാത്തത് കാരണം യാത്രമുടങ്ങിയിരിക്കുന്ന ഇന്ത്യക്കാർക്ക് താമസിയാതെ കുവൈത്തിലേക്ക് പോകാനാകുമെന്ന്  പ്രതീക്ഷിക്കുന്നതായി എസ്.ജയ്ശങ്കർ പറഞ്ഞു. ആരോഗ്യസുരക്ഷയിൽ കൂടുതൽ സഹകരണം വേണമെന്ന് ഇരുവരും അഭ്യർഥിച്ചു. അതേസമയം, കുവൈത്തിന് രണ്ടു ലക്ഷം ഡോസ് കോവിഡ് വാക്സീൻ നൽകിയതിന് ഇന്ത്യാ ഗവണ്മെൻ‌റിന് കുവൈത്ത് വിദേശകാര്യമന്ത്രി നന്ദി അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ്‌ സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിൻ‌റെ കത്ത് എസ്. ജയ്ശങ്കറിന് ഷെയ്ഖ്‌ അഹമ്മദ് നാസർ കൈമാറി.

MORE IN GULF
SHOW MORE
Loading...
Loading...