ഹജ്, ഉംറ സേവന മേഖലകളിലുള്ള സ്ഥാപനങ്ങള്‍ക്ക് ഫീസ് ഇളവ്; നടപടി കോവിഡിന്റെ പശ്ചാത്തലത്തിൽ

hajihelp-01
SHARE

സൗദി അറേബ്യയിലെ ഹജ്, ഉംറ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക്  കോവിഡിൻറെ പശ്ചാത്തലത്തിൽ ഫീസ് ഇളവുകൾ അനുവദിച്ചു. നിക്ഷേപകർ, വ്യക്തികൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ഇളവുകളുടെ പ്രയോജനം ലഭിക്കും. ഈ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസിമലയാളികളടക്കമുള്ളവർക്ക് സഹായകരമാണ് തീരുമാനം. 

മക്ക, മദീന നഗരങ്ങളില്‍ താമസ സൗകര്യങ്ങള്‍ അനുവദിക്കുന്ന മുന്‍സിപ്പല്‍ വാണിജ്യ പ്രവര്‍ത്തന ലൈസന്‍സുകളുടെ വാർഷിക ഫീസ് ഒരുവർഷത്തേക്ക് ഒഴിവാക്കി. രണ്ട് നഗരങ്ങളിലെയും താമസത്തിനായി ടൂറിസം മന്ത്രാലയ ലൈസന്‍സ് പുതുക്കാനുള്ള ഫീസും ഒരു വര്‍ഷത്തേക്ക് സൌജന്യമായിരിക്കും. ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ലെവി അടയ്ക്കാൻ ആറുമാസത്തെ ഇളവാണ് അനുവദിച്ചിരിക്കുന്നത്. തീർഥാടകരുടെ യാത്രകൾക്കായി സ്ഥാപനങ്ങൾ സർവീസ് നടത്തുന്ന ബസുകളുടെ ലൈസൻസ് ഫീസും സൌജന്യമായിരിക്കും. ഈ വർഷത്തെ ഹജ്ജിനായി തയ്യാറാക്കിയ പുതിയ ബസുകളുടെ കസ്റ്റംസ് തീരുവ മൂന്ന് മാസത്തേക്ക് അടയ്ക്കേണ്ടതില്ല. പിന്നീട് തവണകളായി അടയ്ക്കാൻ സൌകര്യമുണ്ടാകും. ഹജ് തീർഥാടനത്തിന് സൌദിക്ക് പുറത്തുള്ളവർക്ക് കഴിഞ്ഞ വർഷം അനുമതി നൽകിയിരുന്നില്ല. ഉംറ തീർഥാടനവും നിയന്ത്രണങ്ങളോടെയാണ് നടക്കുന്നത്. ഈ പശ്ചാത്തലത്തിൽ ഈ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസിമലയാളികളടക്കം ആയിരക്കണക്കിന്പേർക്ക് സഹായകരമാണ് പുതിയ തീരുമാനം.  ഹജ്ജ്, ഉംറ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സാമ്പത്തികബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നത് പരിഗണിച്ചാണ് സൽമാൻ രാജാവിൻറെ താൽപര്യപ്രകാരം ഇളവുകൾ അനുവദിച്ചിരിക്കുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...