‘ശ്വാസം നിലയ്ക്കുന്നു, ഞാൻ മരിക്കും..’; പക്ഷേ ആ അമ്മ പറഞ്ഞു: ‘നിങ്ങൾ അവനെ രക്ഷിക്കും’

dubai-help-life
SHARE

മൂന്നു തവണ ഹൃദയവും ശ്വാസകോശവും നിലച്ച പതിനേഴുകാരനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലും ചാരിതാർഥ്യത്തിലുമാണ് മൻകൂൾ ഇന്റർനാഷനൽ മോഡേൺ ഹോസ്പിറ്റലിലെ പൾമോണോളജി സ്പെഷലിസ്റ്റ് ഡോ. അസ്‌ലം. പതിനേഴുകാരന് ഇങ്ങനെ സംഭവിക്കുന്നത് അപൂർവമാണെന്ന് പറഞ്ഞ ഡോക്ടർ എല്ലാത്തിനും ദൈവത്തോട് നന്ദി പറയുന്നു. ദുബായ് ആംബുലൻസിന്റെ സമയോചിത ഇടപെടൽ, സഹഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും പിന്തുണ... ഇങ്ങനെ നിരവധി ഘടകങ്ങൾ ഒത്തുചേർന്നപ്പോഴാണ് ആ അദ്ഭുതം സംഭവിച്ചതെന്ന് പറഞ്ഞു വിനയാന്വിതനാകുകയാണ് ഡോ.അസ്‌ലം.  

മഹാരാഷ്ട്രക്കാരനായ കീൻ ഓൾസ്റ്റണിന്റെ (17) ജീവിതമാണ് ഒരു സിനിമാ കഥപോലെ അവിശ്വസനീയമായി അദ്ഭുതം നിറയ്ക്കുന്നത്. ആ യുവാവിന്റെ പിതാവും ഇതേ അവസ്ഥ വന്നു മരിച്ചിരുന്നു. മകനും അതേ അവസ്ഥയിലേക്കു വന്നതോടെ മാതാവും ഭയന്നു. ‘ആ അമ്മയെ അഭിമുഖീകരിക്കാനും കാര്യങ്ങൾ ധരിപ്പിക്കാനുമാണ് പ്രയാസപ്പെട്ടത്. അതു മറ്റൊരു പരീക്ഷണമായിരുന്നു. എന്നാൽ അവർ അപ്പോഴും പറഞ്ഞുകൊണ്ടിരുന്നു, നിങ്ങൾക്ക് അവന്റെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന്...’- ഡോ. അസ്‌ലം പറഞ്ഞു. വിവിധ വസ്തുക്കളോട് അലർജിയുള്ള കീനിന് എന്തു കൊണ്ടാണിങ്ങനെ സംഭവിച്ചതെന്നത് ഇപ്പോഴും അജ്ഞാതം. അലർജിയുള്ള വസ്തുക്കളുടെ ഒരു വലിയ പട്ടിക തന്നെ തയാറാക്കി അതൊഴിവാക്കിയുള്ള ഭക്ഷണമാണ് ഇപ്പോൾ നൽകുന്നത്.

ജനുവരി 21ന് വൈകിട്ടാണ് എന്റെ ശ്വാസം നിലയ്ക്കുന്നു, ഞാൻ മരിച്ചു പോകുമെന്ന് പറഞ്ഞ് ദുബായ് ആംബുലൻസിന് അടിന്തര ഫോൺവിളിയെത്തിയത്. എന്നാൽ ലൊക്കേഷൻ പറയാൻ കഴിയും മുൻപേ കീൻ കുഴഞ്ഞു വീണു. പക്ഷേ ഫോൺ നമ്പർവച്ച് ലൊക്കേഷൻ കണ്ടെത്തി ആംബുലൻസ് പാഞ്ഞു ചെന്നു. ‘അതിന് ദുബായ് ആംബുലൻസ് സർവീസിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അൽപം കൂടി വൈകിയിരുന്നെങ്കിൽ ഹൃദയവും നിലച്ചേനെ. അതാണ് ആദ്യ അത്ഭുത ഇടപെടൽ”-ഡോ. അസ് ലം പറഞ്ഞു. ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾ അദ്ദേഹം ഓർത്തെടുത്തു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ അത് കേൾക്കാം.

‘ശ്വാസകോശം നിലച്ച അവസ്ഥയിലാണ് കീനിനെ ആശുപത്രിയിൽ കൊണ്ടുവന്നത്, പക്ഷേ ചെറിയ തോതിൽ ഹൃദയമിടിപ്പ് ഉണ്ടായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ ഡോക്ടർ നിതിൻ തരലേ അവന് കൃത്രിമ ശ്വാസോച്ഛ്വാസം നൽകുകയും ശ്വാസകോശത്തിലേക്ക് ട്യൂബ് കടത്തി വെന്റിലേറ്ററിൽ ബന്ധിപ്പിക്കുകയും ചെയ്തു. അവന് വിവിധ വസ്തുക്കളോട് അലർജിയുള്ള വിവരം അമ്മയിൽനിന്നു മനസ്സിലാക്കി. എന്നാൽ സംഭവം നടക്കുമ്പോൾ അവർ ജോലിസ്ഥലത്തായിരുന്നു. മകൻ തീരെ കുഞ്ഞായിരുന്നപ്പോൾ അവന്റെ പിതാവും ഇതേ രീതിയിലാണ് മരിച്ചതെന്നു കൂടി കേട്ടതോടെ വല്ലാത്ത അവസ്ഥയിലായി. പിന്നീടുള്ള മണിക്കൂറുകൾ ഞങ്ങളെ സംബന്ധിച്ച്  അതികഠിനമായിരുന്നു. 

സാധാരണ കൊടുക്കുന്ന ഒരു മരുന്നിനോടും അവന്റെ ശാസകോശക്കുഴലുകൾ പ്രതികരിക്കുന്നില്ല! ആസ്‌ത്‌മയ്ക്കും അലർജിക്കും ലോകത്തു കൊടുക്കാറുള്ള  എല്ലാ മരുന്നുകളും കൊടുത്തു. പക്ഷേ അൽപ സമയം കൊണ്ട് ശാസകോശനാളികൾ അടഞ്ഞു പോകുന്നു. അപ്പോൾ നൽകേണ്ട അപൂർവമായ ചില മരുന്നുകൾ പുറത്തുനിന്നും ജിഎംഒ രമ്യയുടെയും ഫാർമസി മാനേജർ സുമേഷിന്റെയും ശ്രമഫലമായി വളരെ പെട്ടെന്നു തന്നെ ലഭിച്ചു. ശ്വാസോച്ഛ്വാസം  എളുപ്പമാകുന്നതിന് അനസ്‌തീസിയ വെന്റിലേറ്ററിലേക്കു ബന്ധിപ്പിച്ചു. അതിലൂടെ മരുന്നുകളും നൽകി. സാവധാനം ശ്വാസകോശത്തിന്റെ പ്രവർത്തനം സാധാരണയായിത്തുടങ്ങി. 

നെഞ്ച് സ്‌കാൻ ചെയ്തതിൽനിന്നും ശ്വാസകോശത്തിലേക്കുള്ള രക്തക്കുഴലിൽ ബ്ലോക്ക് കണ്ടു. അതിനുള്ള മരുന്നുകളും നൽകി. പക്ഷേ, ആശ്വാസത്തിനു കുറഞ്ഞ ആയുസ്സേ ഉണ്ടായുള്ളൂ. വീണ്ടും ശാസകോശം പഴയതു പോലെ ഒരു മരുന്നിനോടും പ്രതികരിക്കാതായി. ഭയപ്പെട്ടതു സംഭവിച്ചു, ആ കുഞ്ഞു ഹൃദയവും നിലച്ചു. ഹോസ്പിറ്റലിൽ കോഡ് ബ്ലൂ അനൗൺസ് ചെയ്തു. ടീമിലെ എല്ലാവരും കുതിച്ചെത്തി! ഒരു നിമിഷം പകച്ചു പോയ ഞങ്ങൾ ഹൃദയമിടിപ്പ് വീണ്ടെടുക്കാൻ സിപിആർ നൽകിത്തുടങ്ങി. മൂന്നു തവണ ഇതിനിടയിൽ പൂർണമായും ഹൃദയത്തിന്റെ മിടിപ്പു നിലച്ചു പോയി. ഐസിയു നഴ്‌സിങ് മാനേജർ  കണ്ണന്റെയും എസിഎൽഎസ് പരിശീലകൻ ടോജോയുടെയും സഹായത്തോടെ ഡോ.നിതിൻ സിപിആർ തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ കുഞ്ഞു ഹൃദയത്തിന്റെ മിടിപ്പുകൾ സാധാരണയായി തുടങ്ങി. 

പക്ഷേ, വീണ്ടും പുതിയ പ്രശ്നം! നെഞ്ചിന്റെ ഒരു ഭാഗത്തേക്കു ശ്വാസം എത്തിച്ചേരാത്തതു പോലെ. വലതു ശ്വാസകോശത്തിൽ വായൂ ‘ലീക്ക്’ ഉള്ളതായി സംശയം. ഉടൻതന്നെ വലിയ ഒരു സൂചി ശാസകോശത്തിലേക്കു കടത്തി. സംശയം ശരിവച്ചു കൊണ്ട് സൂചിയിൽ കൂടി വായു പുറത്തേക്കു വന്നു. ഉടൻ തന്നെ സർജൻ ഡോ.ശിവ കുതിച്ചെത്തി നെഞ്ചിൽ മുറിവുണ്ടാക്കി വലിയ ട്യൂബ് ഇട്ടു. ഈ സമയത്ത് ഐസിയുവിന്റെ പുറത്തു ബന്ധുക്കളും സുഹൃത്തുക്കളും തടിച്ചു കൂടാൻ തുടങ്ങി. എല്ലാവരുടെയും കണ്ണുകളിൽ ദുഃഖവും ആശങ്കയും  മാത്രം. വർഷങ്ങൾക്കു മുൻപേ ഭർത്താവിനെ നഷ്ടപ്പെട്ട, ഏക മകനു വേണ്ടി മാത്രം ജീവിക്കുന്ന ആ അമ്മയുടെ അവസ്ഥ വിവരിക്കാൻ ആകുമായിരുന്നില്ല. പക്ഷേ ഞങ്ങൾക്ക് ആ കുഞ്ഞിനെ രക്ഷിക്കാൻ കഴിയുമെന്ന് ആ അമ്മ അപ്പോഴും പറഞ്ഞു കൊണ്ടിരുന്നു.

മൂന്നു മണിക്കൂറോളം ഞങ്ങൾ ആ മുറിയിലിരുന്നു. ഒടുവിൽ എല്ലാം സാധാരണ അവസ്ഥയിലേക്ക് വന്നു തുടങ്ങി. തുടർന്നുള്ള രണ്ടാഴ്ചൾ കൊണ്ട് വെന്റിലേറ്റർ സഹായം സാവധാനം കുറച്ചുകൊണ്ടു വന്നു. ഒടുവിൽ പൂർണമായും വെന്റിലേറ്ററിൽനിന്നും മാറ്റി. മാസ്ക് വഴി മാത്രം ഓക്സിജൻ കൊടുക്കാൻ തുടങ്ങി. ദിവസങ്ങൾക്കു ശേഷം അമ്മയും മകനും പരസ്പരം കണ്ടു. വെന്റിലേറ്റർ ട്യൂബ് ഇട്ടതു കാരണം സംസാര ശക്തി തിരിച്ചു കിട്ടാത്ത അവനോട് ആ അമ്മ  കിടക്കയ്ക്ക് അരികിലിരുന്ന് ആശയ വിനിമയം നടത്തുന്ന കാഴ്ച കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. ഒരു ശ്വാസകോശ രോഗവിഭാഗം ഡോക്ടർ എന്ന നിലയിൽ ഇതിലും നല്ല ഒരു നിമിഷം കണ്ടിട്ടില്ല. സർവ ശക്തനായ ദൈവത്തിനു നന്ദി. അവനെ പരിചരിച്ചവർക്കും പ്രാർഥന കൊണ്ട് പിന്തുണ ഏകിയവർക്കും നന്ദി..’-കണ്ണുകൾ ഈറനണിഞ്ഞ് ഡോ. അസ്‌ലം പറഞ്ഞു നിർത്തി.

MORE IN GULF
SHOW MORE
Loading...
Loading...