ഖത്തറിലെ എക്സ്പ്രസ് വേ പദ്ധതി സബാഹ് അല്‍ അഹമ്മദ് ഇടനാഴി ഉദ്ഘാടനം ചെയ്തു

qatar-project-06
SHARE

ഖത്തർ ഗതാഗതമേഖലയിലെ പ്രധാനപ്പെട്ട എക്സ്പ്രസ് വേ പദ്ധതിയായ സബാഹ് അല്‍ അഹമ്മദ് ഇടനാഴി ഉദ്ഘാടനം ചെയ്തു. നാല് വരിപ്പാതകളുള്ള ഇരട്ട ക്യാരേജ് ഹൈവേ ഇടനാഴിയിലൂടെ മണിക്കൂറില്‍ ഇരുവശങ്ങളിലേക്കും 20,000 വാഹനങ്ങൾക്ക് യാത്ര ചെയ്യാനാകും. ദോഹയുടെ തെക്കും വടക്കും തമ്മിലുള്ള യാത്രാ സമയത്തില്‍ 70 ശതമാനം കുറവ് വരുത്താന്‍ കഴിയുമെന്നതാണ് പ്രത്യേകത.

ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുൽ അസീസ് അല്‍താനിയും കുവൈത്ത് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലി അല്‍ സബാഹും ചേർന്നാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. അന്തരിച്ച മുന്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനോടുള്ള ആദരസൂചകമായാണ് പദ്ധതിക്ക് സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍ എന്ന  പേരുനൽകിയത്. ഹമദ് വിമാനത്താവളത്തില്‍ നിന്നും ദോഹ സൗത്ത് വഴി ഉംലഖ്ബ ഇൻറര്‍ചേയ്ഞ്ച് വരെ നീളുന്ന,  രാജ്യത്തിൻറെ തെക്കു,വടക്കു മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 29 കിലോമീറ്റര്‍ പദ്ധതിക്ക് 2017 ലാണ് തുടക്കമായത്. പുതുതായി നിര്‍മിച്ച 12 കിലോമീറ്റര്‍ പ്രാദേശിക റോഡുകള്‍ ഉള്‍പ്പെടെ 41 കിലോമീറ്റര്‍ റോഡാണ് പദ്ധതിയിലുള്ളത്. ദോഹ എക്‌സ്പ്രസ് വേ, ട്വൻറി റ്റു ഫെബ്രുവരി സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുള്ള സമാന്തര പാത കൂടിയാണിത്. കാല്‍നടയാത്രക്കാര്‍ക്ക് റോഡു കുറുകെ കടക്കുന്നതിനായി ഏഴ് നടപ്പാലങ്ങള്‍, രണ്ട് അണ്ടര്‍പാസുകള്‍, 50.5 കിലോമീറ്റർ സൈക്കിള്‍,കാല്‍നടപ്പാതകള്‍, റോഡിൻറെ വശങ്ങളിലായി 3,55,642 ചതുരശ്രമീറ്ററില്‍ മരങ്ങള്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. ദോഹ എക്സ്പ്രസ് വേയിലെ 22 ഫെബ്രുവരി സ്ട്രീറ്റ് ഉള്‍പ്പെടെയുള്ള പാതകളിലെ ഗതാഗത കുരുക്കിന് വലിയ പരിഹാരമാണ് ഈ ഇടനാഴി. വിവിധ ഘട്ടങ്ങളിലായുള്ള പദ്ധതിയിലെ 13 കിലോമീറ്റര്‍ റോഡ് കഴിഞ്ഞവർഷം അവസാനത്തോടെ തുറന്നിരുന്നു. ഈ വര്‍ഷാവസാനത്തോടെ പദ്ധതി മുഴുവനായും പൂര്‍ത്തിയാകും.

MORE IN GULF
SHOW MORE
Loading...
Loading...