കാമുകിക്ക് പിറന്നാൾ സമ്മാനം നൽകാൻ ഒട്ടകത്തിനെ മോഷ്ടിച്ചു; കളളക്കഥ പൊളിഞ്ഞു

camel-arrest
SHARE

കാമുകിയുടെ ജന്മദിനത്തില്‍ സമ്മാനിക്കാന്‍ ഒട്ടകത്തിനെ മോഷ്‍ടിച്ച് യുവാവ്.  മോഷണത്തിന് ശേഷം പിടിക്കപ്പെടുമെന്ന് ഭയന്ന് യുവാവും കാമുകിയും കള്ളക്കഥയുണ്ടാക്കി പൊലീസിനെ സമീപിക്കുകയും ചെയ്‍തു. എന്നാല്‍ ഇവര്‍ നിര്‍മിച്ച കഥ വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്‍തപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്. സംഭവത്തിൽ കാമുകൻ അറസ്റ്റിലായി. 

ഒട്ടക കുട്ടിയെ പ്രസവിച്ച് മണിക്കൂറുകള്‍ക്കകം  കാണാതായെന്ന് കാണിച്ച് യഥാര്‍ത്ഥ ഉടമസ്ഥന്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് അന്വേഷണത്തിനായി പൊലീസ് സംഘം സ്ഥലത്ത് പോയിരുന്നെങ്കിലും മോഷണത്തിന്റേതായ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് തങ്ങളുടെ ഫാമിന് സമീപത്ത് നിന്ന് ഒരു ഒട്ടകത്തെ കണ്ടെത്തിയെന്നായിരുന്നു ഇവര്‍ പൊലീസിനെ അറിയിച്ചതെന്ന് ബര്‍ദുബൈ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്‍ദുല്ല ഖാദിം പറഞ്ഞു

എന്നാല്‍ ഒട്ടകത്തെ കാണാതായ സ്ഥലവും യുവാവിന്റെ ഫാമും തമ്മില്‍ മൂന്ന് കിലോമീറ്റര്‍ ദൂരവും ഇടയില്‍ മെയിന്‍ റോഡുമുണ്ടായിരുന്നു. ഇത്രയും ദൂരം ഒട്ടക കുട്ടിക്ക് സഞ്ചരിക്കാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് സത്യം പുറത്തുവന്നത്. അപൂര്‍വ ഇനത്തില്‍പെട്ട വിലകൂടിയ ഒട്ടകമായിരുന്നതിനാല്‍ താന്‍ രാത്രിയില്‍ ഇവിടെയെത്തി മോഷണം നടത്തുകയും ജന്മദിനത്തില്‍ കാമുകിക്ക് സമ്മാനിക്കുകയുമായിരുന്നെന്ന് ഇയാള്‍ സമ്മതിച്ചു. 

MORE IN GULF
SHOW MORE
Loading...
Loading...