ഭാര്യ അതിർത്തി കടന്നു, ഭർത്താവിന് പിഴ 15,000 ദിർഹം ; പരാതി നൽകി മലയാളി ദമ്പതികൾ

sad-man.jpg.image.845.440
SHARE

ഭാര്യ അതിർത്തി കടന്നു, ഭർത്താവിന് പിഴ 15,000 ദിർഹം (3 ലക്ഷം രൂപ). അബുദാബിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ഹിരൺ ഭാസ്കരനാണ് 3 ലക്ഷം രൂപ പിഴ ലഭിച്ചത്. ഹിരൺ അടുത്ത കാലത്തൊന്നും  അബുദാബി അതിർത്തി വിട്ട് പോയിട്ടുമില്ല. മീഡിയ കമ്പനിയിൽ ജോലി ചെയ്യുന്ന ഭാര്യ അതുല്യ ഔദ്യോഗിക ആവശ്യത്തിന് ജനുവരി 24നു ദുബായിൽ പോയിയിരുന്നു.

കോവിഡ് പരിശോധന നടത്തിയാണ് അതിർത്തി കടന്നത്. തിരിച്ചെത്തി 4, 8 ദിവസങ്ങളിൽ കൃത്യമായി കോവിഡ് പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും ഭർത്താവിന് പിഴ വന്നത് എങ്ങനെ എന്ന് അന്വേഷിച്ചപ്പോഴാണ് സിം കാർഡ് 'വില്ലനായ'ത് അറിയുന്നത്. അതുല്യ അതിർത്തി കടക്കുമ്പോൾ ഉപയോഗിച്ച 2 ഫോണുകളിൽ ഒന്ന് ഹിരണിന്റെ പേരിൽ എടുത്ത സിം കാർഡായിരുന്നു. മറ്റൊന്ന് കമ്പനി ഫോണും. വ്യക്തിഗത സിം കാർഡാണ് പിഴയിലേക്കു നയിച്ചത്.  പിഴയ്ക്ക് എതിരെ പരാതിയുണ്ടെങ്കിൽ ഫയൽ നമ്പർ സഹിതം 14 ദിവസത്തിനകം നിശ്ചിത വെബ്സൈറ്റിൽ പരാതിപ്പെടണമെന്നും നിർദേശമുണ്ടായിരുന്നു.

ഇതനുസരിച്ച് പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകിയിരിക്കുകയാണ് ദമ്പതികൾ. കോവിഡ് പരിശോധന നടത്തിയതിനുള്ള തെളിവായി അൽഹൊസൻ ആപ്പിലെ സന്ദേശവും  ബന്ധം തെളിയിക്കുന്നതിനു വിവാഹ സർട്ടിഫിക്കറ്റും എമിറേറ്റ്സ് ഐഡിയും സഹിതമാണ് അപേക്ഷ നൽകിയത്. ഇക്കാര്യം കോടതിക്കു ബോധ്യപ്പെട്ടാൽ ഒരു മാസത്തിനകം പിഴയിൽനിന്ന് ഒഴിവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടിൽനിന്ന് എത്തിയ സുഹൃത്തിനു സിംകാർഡ് നൽകിയ മറ്റൊരു മലയാളിക്കും നേരത്തെ 5000 ദിർഹം പിഴ ലഭിച്ചിരുന്നു. നാട്ടിൽ പോയ ഭാര്യയുടെ നമ്പർ താൽക്കാലികമായി സുഹൃത്തിനു നൽകിയതായിരുന്നു ഇദ്ദേഹം എന്നാൽ ഇയാൾ ദുബായിൽ പോയ കാര്യം പിഴ വന്നപ്പോഴാണ് സിം കാർഡ് ഉടമ അറിയുന്നത്.

നൂറുകണക്കിന് ആളുകൾ അതിർത്തി കടക്കുന്നതിനാൽ അതൊക്കെ ആരറിയാനാണ് എന്ന മട്ടിൽ നിസാര ലാഭം നോക്കി പിസിആർ എടുക്കാത്ത മലയാളികൾ അടക്കം ഒട്ടേറെ പേർക്കു 5000 ദിർഹം വീതം പിഴ ലഭിച്ചിരുന്നു. ബിസിനസ് ആവശ്യാർഥം പല തവണ അതിർത്തി കടക്കുന്നവർക്കും തീയതിയിലെ ആശയക്കുഴപ്പം മൂലം പിസിആർ  എടുക്കാൻ മറന്നവർക്കും പിഴ കിട്ടി. അതിർത്തി കടക്കുന്നവർ സ്വന്തം പേരിലുള്ള സിം കാർഡ്  ഉപയോഗിക്കുന്നതാണ് ഉചിതം. സന്ദർശക വീസയിൽ എത്തുന്നവർക്ക് അവരുടെ രേഖകൾ വച്ച് സിം കാർഡ് എടുത്തു നൽകുന്നതും നല്ലതാണ്. അതിർത്തി കടന്നാൽ നിയമം അനുസരിച്ചുള്ള കോവിഡ് പരിശോധന കൃത്യമായി നടത്തുകയും വേണം. കോവിഡ് നിയമം ലംഘിച്ചവർക്ക് ഇളവുണ്ടാകില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അബുദാബിയിലേക്ക് പ്രവേശിക്കാൻ

24 മണിക്കൂറിനകമുള്ള ഡിപിഐ ടെസ്റ്റ്  അല്ലെങ്കിൽ ‌48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ്

അബുദാബിയിൽ തുടർച്ചയായി തങ്ങുന്നവർ

ഡിപിഐ ടെസ്റ്റെടുത്തു വന്നവർ 3, 7 ദിവസം പിസിആർ ടെസ്റ്റ് എടുക്കണം. പിസിആർ എടുത്തു വന്നവർ 4, 8 ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് എടുക്കണം.

ടെസ്റ്റിൽ ഇളവുള്ളവർ

വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായ വൊളന്റിയർമാർക്കും ദേശീയ ക്യാംപെയ്നിൽ 2 ഡോസ് കോവിഡ് വാക്സീൻ എടുത്തവർക്കും അൽഹൊസൻ ആപ്പിൽ ആക്ടീവ് മുദ്രയുള്ളവർക്കും (ഇ, ഗോർഡ് സ്റ്റാർ) ഇളവുണ്ട്.

ഡിപിഐ ടെസ്റ്റ്

ചെലവു കുറവാണെന്നു കരുതി തുടർച്ചയായി 2 തവണ ഡിപിഐ ടെസ്റ്റെടുത്താൽ അതിർത്തി കടക്കാനാവില്ല. പിഴ 5000 ദിർഹം നിയമലംഘകർക്ക് 5000 ദിർഹമാണ് പിഴ.

MORE IN GULF
SHOW MORE
Loading...
Loading...