ജോലിക്കാരായി വനിതകൾ മാത്രം; ലുലുവിന്റെ പുതിയ ചുവടുവയ്പ്പ് ജിദ്ദയിൽ

lulu-woman
SHARE

ലുലു ഗ്രൂപ്പിന്റെ 201മത് സ്റ്റോർ സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു. വിഷൻ 2030 നടപ്പാക്കുന്നതിന്റെ ഭാഗമായി സൗദി വനിതകൾ മാത്രം ജീവനക്കാരായുള്ള ലുലു ഗ്രൂപ്പിന്റെ ആദ്യ സംരംഭം എന്ന പ്രത്യേകതയും ഇതിനുണ്ട്. മഹാ മുഹമ്മദ് അൽ ഖർനി ജനറൽ മാനേജരായ പുതിയ ലുലു സ്റ്റോറിൽ നൂറിലധികം വനിതകളാണ് ജീവനക്കാരായുള്ളത്. ജിദ്ദ അൽ ജാമിയ കിംഗ് അബ്ദുൾ അസീസ് യൂണിവേഴ്സിറ്റിക്ക് സമീപം 37,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ളതാണ് സൗദിയിലെ ഇരുപതാമത്തെതു കൂടിയായ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ.

സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുന്ന സൗദി ഭരണകൂടത്തിന്റെ ദീർഘവീക്ഷണമുള്ള നയങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണിതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. സ്ത്രീശാക്തീകരണത്തിനുതകുന്ന ഈ തീരുമാനം കൂടുതൽ സ്വദേശി സ്ത്രീകൾക്ക് പുതിയ അവസരങ്ങൾ നൽകാൻ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയിലെ ആദ്യത്തെ സ്ത്രീ കേന്ദ്രീകൃതമായ ലുലു മാർക്കറ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ജനറൽ മാനേജർ മഹാ മുഹമ്മദ് അൽ ഖർനി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയിൽ സജീവ പങ്കുവഹിക്കുകയും അതിലൂടെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ലക്ഷ്യമിടുകയും ചെയ്യുന്ന സൗദി വനിതകളുടെ വർധിച്ചുവരുന്ന സമൂഹത്തെ പ്രതിനിധീകരിക്കാനായത് വലിയ അംഗീകാരമായാണ് കാണുന്നതെന്നും മഹാ മുഹമ്മദ് പറഞ്ഞു.

800ലധികം വനിതകൾ ഉൾപ്പെടെ 3000ൽ അധികം സ്വദേശികളാണ് ഇപ്പോൾ സൗദി ലുലുവിന്റെ ഭാഗമായുള്ളതെന്ന് ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു. സൗദി വനിതകളുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കൂടുതൽ സ്വദേശി വനിതകൾക്ക് അവസരങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും ഷെഹിം കൂട്ടിച്ചേർത്തു.

MORE IN GULF
SHOW MORE
Loading...
Loading...