‘ഇക്കാ, ഞാന്‍ മരിച്ചാൽ മയ്യത്ത് പെട്ടെന്ന് നാട്ടിലേക്ക് അയക്കണേ’; ചങ്കു പിടയും കുറിപ്പ്

shanavas-death
SHARE

പ്രവാസിയുടെ വരണ്ട നെഞ്ചിലെ നോവുന്ന തുടിപ്പ്.. അത് അനുഭവിച്ചവർക്കു മാത്രമേ മനസിലാകുകയുള്ളൂ. ഒരു കുബ്ബൂസ് കൊണ്ട് വയർ നിറക്കുന്നവരാണ് പ്രവാസികൾ. കാരണം നാട്ടിലെ പ്രിയപ്പെട്ടവരുടെ സന്തോഷം അവരുടെ മനസ് നിറച്ചിട്ടുണ്ടാകും. അവർക്കു അതു മതി. ഗോഡൗണിനു തുല്യമായ മുറിയിൽ കിടന്നുറങ്ങുമ്പോഴും കത്തുന്ന ചൂടിൽ അലയുമ്പോഴും അവരുടെ മനസിന്റെ ഓരോ അണുവിലും കുടുംബത്തോടും നാടിനോടുമുള്ള അടങ്ങാത്ത സ്നേഹമായിരിക്കും. 

എല്ലാം അവസാനിപ്പിച്ച് പിറന്ന നാടിന്റെ മാറിൽ അലിയാൻ വെമ്പുന്നവരാണ് ഇവർ.  ഉറ്റവരെ വിട്ട് കടൽ കടക്കുമ്പോൾ എല്ലാവരുടേയും മനസിൽ കുന്നോളം സ്വപ്നങ്ങൾ മിന്നിക്കത്തും. ചിലർ സ്വപ്നങ്ങൾ പാതി വഴിയിലാക്കി ഈ ലോകത്തോടു തന്നെ മടങ്ങും. അങ്ങനെ മരണത്തിന്റ ലോകത്തേക്കു മറഞ്ഞ ഒരാൾ കൂടി, തിരുവനന്തപുരം സ്വദേശി ഷാനവാസ്. സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയാണ് ആ വേദനിപ്പിക്കുന്ന മരണവാർത്ത പങ്കുവച്ചത്. താൻ മരണപ്പെട്ടാൽ  മയ്യിത്ത് എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കണേ എന്ന ഷാനവാസിന്റെ ഒസ്യത്ത് വേദനയോടെ ഓർത്തുകൊണ്ടാണ് അഷ്റഫിന്റെ കുറിപ്പ്.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം

തിരുവനന്തപുരം സ്വദേശി ഷാനവാസ് കാല്‍നൂറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി കഴിഞ്ഞ വര്‍ഷമാണ് നാട്ടിലേക്ക് പോയത്. പോകുന്ന സമയം എന്നോട് പറയുകയുണ്ടായി, 25 വര്‍ഷം കഴിഞ്ഞു,അഷ്റഫ് ഭായി,ജീവിതത്തിന്‍റെ പകുതിയും ഇവിടെ കഴിഞ്ഞു. ഇനി നാട്ടില്‍ പോയി മക്കളും കുടുംബവുമായി ഉളളത് പോലെ കഴിയണം. വല്ലതും ബാക്കിയുണ്ടോ എന്ന ചോദ്യത്തിന് മുഖത്ത് പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു. ഒന്നും ഇല്ലാതെ ഈ നാട്ടില്‍ വന്നിട്ട് ഇത്രയൊക്കെ ആയില്ലേ.. അല്‍ഹംദുലില്ലാ

ഇതാണ് ഇവിടെത്തെ ഓരോ ശരാശരി പ്രവാസികളുടെ ജീവിതം. വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും ബന്ധുക്കളെയും മറ്റും സഹായിച്ച് ബാക്കി കുറച്ച് മിച്ചം വെച്ച് നാട്ടിലേക്ക് ഭാര്യയുടെയും മക്കളോടപ്പം ഒരുമ്മിച്ച് ജീവിക്കാന്‍ ആഗ്രഹിച്ച് പോകുന്ന മിക്ക പ്രവാസികളും കുറച്ച് കാലം കഴിയുമ്പോള്‍ വീണ്ടും ഈ മണ്ണില്‍ തിരിച്ച് വരുന്നു.

കഴിഞ്ഞയാഴ്ച അവിചാരിതമായി അജ്മാനിലെ ബസാറില്‍ വെച്ച് ഷാനവാസിനെ കണ്ടപ്പോള്‍ എന്നോട് വന്ന് സലാം പറയുകയും സുഖമാണോ എന്ന് ചോദിക്കുകയും ചെയ്തു. എന്താ നാട്ടില്‍ പോയിട്ട് വീണ്ടും തിരികെ വന്നോ ചോദ്യത്തിന്, അതെ അഷ്റഫ് ഭായി. നമ്മള്‍ വിചാരിക്കുന്നത് പോലെയല്ലല്ലോ ഈ ദുനിയാവില്‍ പടച്ചവന്‍ നടത്തുന്നത്. വീണ്ടും തിരികെ വന്നു. നമ്മുടെ നാട് പഴയ നാടല്ല. ആര്‍ക്കും നമ്മളെ പരിചയമില്ല. എങ്ങനെ പരിചയം വരും. 26 വര്‍ഷം ഇവിടെയല്ലേ ജീവിച്ചത്. നാട്ടില്‍ പൈസ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല. ഇവിടെ ഒരു ഖുബ്ബൂസ് കഴിച്ചാല്‍ വയര്‍ നിറയും എന്ന് അയാള്‍ പറഞ്ഞപ്പോള്‍ എന്തോ വലിയ പ്രയാസം അയാളുടെ മനസ്സിലുളളതുപോലെ എനിക്ക് തോന്നി. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഞാന്‍ ഷാനവാസിനെ സമാധാനപ്പെടുത്തുവാന്‍ ശ്രമിച്ചു. കഴിഞ്ഞ മാസം ഒരു കമ്പനിയില്‍ ഒരു ഡ്രൈവറായി ജോലിക്ക് കയറിയെന്നും, വിസയുമാക്കി തരക്കേടില്ലാത്ത ശമ്പളവുണ്ടെന്ന് അയാള്‍ പറഞ്ഞപ്പോള്‍ അല്‍ഹംദുലില്ലാഹ് പറഞ്ഞ് ഞാന്‍ തിരിച്ച് നടന്നപ്പോള്‍ ഷാനവാസ് എന്നെ വിളിച്ചു,

അഷ്റഫിക്കാ , നിങ്ങളുടെ Face book ഒക്കെ വായിക്കാറുണ്ട്. ഓരോ മയ്യത്തുകളെയും കുറിച്ച് നിങ്ങള്‍ എഴുതുന്നത് വായിക്കുമ്പോള്‍ ശരിക്കും പ്രയാസം തോന്നാറുണ്ട്. നിങ്ങള്‍ ഇവിടെയുളളതാണ് ഞങ്ങള്‍ക്കുളള ഒരു ധെെര്യം. പിന്നെ അയാള്‍ പറഞ്ഞ വാക്കുകള്‍ എന്‍റെ മനസ്സില്‍ കൊണ്ടു. ഒന്നും പറയാതെ ഞാന്‍ മുന്നോട്ട് നടന്നു. അപ്പോഴും ഷാനവാസിന്‍റെ വാക്കുകള്‍ എന്‍റെ കാതുകളില്‍ വന്ന് തറച്ചോണ്ടിരുന്നു. ഇക്ക ഞാന്‍ മരിക്കുകയാണെങ്കില്‍ എന്‍റെ മയ്യത്ത് എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കണേ. ഇത് എന്‍റെ ഒസിയ്യത്താണ്. അഷ്റഫാക്ക് നല്‍കുന്ന ഒസിയത്ത്.

ചില വാക്കുകള്‍ ചിലസമയത്ത് അറം പറ്റുമെന്ന് കേട്ടിട്ടില്ലേ അത് ഇന്ന് സംഭവിച്ചു. ഇന്ന് രാവിലെ 11 മണിക്ക് കാര്‍ Drive ചെയ്യുവാന്‍ ഷാനവാസ് കയറുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. അജ്മാനിലെ ആമിന ആശുപത്രിയിലെത്തിച്ചപ്പോഴെക്കും ആ പ്രിയ സുഹൃത്ത് ഈ ലോകത്ത് നിന്ന് വിടപറയുകയായിരുന്നു.

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിയൂന്‍

ഞാന്‍ മരണം അറിയുമ്പോള്‍ ഇന്ന് ഉച്ചക്ക് 12 മണി കഴിഞ്ഞിരുന്നു. അത് കൂടാതെ ഇന്ന് വ്യാഴ്ചയും. മിക്ക ഓഫീസുകളും ഉച്ചക്ക് ശേഷം അവധിയുമാണ്. വളരെ പ്രയാസപ്പെട്ട് ഇന്ന് തന്നെ ഷാനവാസിന്‍റെ മൃതദേഹം നാട്ടിലേക്ക് അയക്കുവാന്‍ കഴിഞ്ഞു. മോര്‍ച്ചറിയില്‍ കിടക്കേണ്ട അവസ്ഥ മയ്യത്തിന് ഞാന്‍ കൊടുത്തില്ല. അതായിരുന്നു അയാളുടെ ആഗ്രഹവും. അത് നിറവേറ്റി കൊടുക്കുവാന്‍ സാധിച്ചു.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍, കല്ലിന്‍മൂട് സ്വദേശിയാണ് 60 വയസ്സുളള ഷാനവാസ് ഭാര്യ സെലീന. വിദ്യാര്‍ത്ഥികളായ അനീസ്, സുഹെെല്‍ മക്കളാണ്. 

ഷാനവാസിന്‍റെ വേര്‍പ്പാട് മൂലം കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ പങ്ക് ചേരുന്നതോടൊപ്പം ,പടച്ച തമ്പുരാന്‍ പരേതന്‍റെ ഖബറിടം വിശാലമാക്കി കൊടുക്കുകയും പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും ചെയ്യുമാറാകട്ടെ,ആമീന്‍

നമ്മുടെ ശാശ്വത ഭവനം പരലോകമാണ്. ഇവിടെ ഈ ഭൂമിയല്‍ വിരുന്നു വരുന്നവരാണ് നമ്മള്‍ മനുഷ്യര്‍, ഒരു കാരണവശാലും വിരുന്നുകാര്‍ വീട്ടുടമയാവുകയില്ല. അതിഥിയുടെ അവസരം നശ്വരമാണ്. അഹന്തയോടെയും അഹങ്കാരത്തോടെയും ഈ ഭൂമിയില്‍ ജീവിക്കുന്ന മനുഷൃരെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ ഒരു സഞ്ചാരിയോ, ഒരു വിരുന്നുകാരനോ മാത്രമാണ്. സമയം ആകുമ്പോള്‍ ഇവിടെയെല്ലാം അവസാനിപ്പിച്ച് പോകുവാനെ നിര്‍വ്വാഹമുളളു.

അഷ്റഫ് താമരശ്ശേരി

MORE IN GULF
SHOW MORE
Loading...
Loading...