പ്രവാസികളുടെ കഥയുമായി വീണ്ടും ലാൽ ജോസും സംഘവും; ഹൃദയം തൊടാൻ 'മ്യാവൂ'

soubin-06
SHARE

അറബിക്കഥയ്ക്കും ഡയമണ്ട് നെക്ളസിനും പിന്നാലെ പ്രവാസിയുടെ കഥപറയുന്ന ചിത്രവുമായി ലാൽ ജോസും ഇഖ്ബാൽ കുറ്റിപ്പുറവും ഒന്നിക്കുന്നു. മഹാമാരിയുടെ കടന്നുവരവിന് പിന്നാലെ യുഎഇയിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയാണ് സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവർ കേന്ദ്രകഥാപാത്രമായെത്തുന്ന മ്യാവൂ. റാസൽഖൈമയിൽ ചിത്രീകരിച്ച ഈ സിനിമയുടെ ചിത്രീകരണവിശേഷങ്ങളാണ് ഇനി കാണുന്നത്.

ലാൽ ജോസ്-ഇഖ്ബാൽ കുറ്റിപ്പുറം കൂട്ടുകെട്ടിലൂടെ പ്രവാസലോകം  വീണ്ടും  വെള്ളിത്തിരയിലെത്തുകയാണ്.  മലയാളികളുടെ ഗൾഫ് പ്രവാസത്തിൻറെ നേർചിത്രങ്ങളായി അറബിക്കഥയും ഡയമണ്ട് നെക്ലെസും അവതരിപ്പിച്ച കൂട്ടുകെട്ടിൻറെ മൂന്നാമത്തെ ചിത്രമാണ് മ്യാവൂ. പ്രവാസലോകത്തെ കുടുംബചിത്രമായി മ്യാവൂ  അവതരിപ്പിക്കുമ്പോൾ ഒട്ടേറെപ്രവാസികൾക്ക് അത് സ്വന്തം ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്താനാകുന്നതായിരിക്കുമെന്നാണ് സംവിധായകന്റേയും തിരക്കഥാകൃത്തിന്റേയും പ്രതീക്ഷ.

യുഎഇയുടെ വടക്കൻ എമിറേറ്റായ റാസൽഖൈമയിലാണ്  മ്യാവൂ എന്നുപേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം. സുലു മിനി മാർട്ടെന്ന ഗ്രോസറി ഷോപ്പിൻറെ ഉടമയായ ദസ്ദഗീർ എന്ന പ്രവാസിയുടെ ജീവിതമാണ് മ്യാവൂ എന്ന സിനിമയിലൂടെ പറയുന്നത്.  16 വർഷമായി പ്രവാസലോകത്തെത്തിയ ദസ്ദഗീറായി വേഷപ്പകർച്ചയണിയുന്നത് സൗബിന്‍ ഷാഹിറാണ്. പിണങ്ങിനിൽക്കുന്ന ഭാര്യ സുലേഖയായി മംമത മോഹൻദാസ് വേഷമിടുന്നു. മൂന്നുമക്കൾക്കൊപ്പമുള്ള സിംഗിൾ പേരൻറിൻറെ ജീവിതമാണ് വെള്ളിത്തിരയിലെത്തുന്നത്.

പഠനകാലത്ത് കലാപരിപാടികളിലടക്കം ജീവിതം ആഘോഷിച്ച നായകൻ പ്രവാസജീവിതത്തിൻറെ തിരക്കിലും സമ്മർദ്ദത്തിനുമിടയിൽ ഒതുങ്ങിജീവിക്കുന്ന കാലം. സാധാരണക്കാരായ പ്രവാസിയുടെ പ്രതിനിധിയായാണ്  ദസ്ദഗീറിനെ ചിത്രീകരിച്ചിരിക്കുന്നത്. പ്രവാസജീവിതത്തിൻറെ ആഘോഷങ്ങളും അതിജീവനവുമെല്ലാം നേരിട്ട് കണ്ടനുഭവിച്ചിട്ടുള്ള ഇഖ്ബാൽ കുറ്റിപ്പുറം, അത്തരമൊരു ജീവിതകഥയാണ് മ്യാവൂവിലൂടെ പങ്കുവയ്ക്കുന്നത്. ചുറ്റുപാടുമുള്ള വലിയ മാറ്റങ്ങളറിയാതെ ജീവിതത്തിരക്കുകൾക്കിടയിൽ ഒതുങ്ങുന്ന സാധാരണക്കാരനായ പ്രവാസിയുടെ പ്രതിനിധിയായാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

മ്യാവൂ എന്ന പേരിനു പിന്നിലും ഒരു കഥയുണ്ട്. സിനിമയിൽ പൂച്ച ഒരു പ്രധാനകഥാപാത്രമാണ്. ജീവിതത്തിൻറെ ഭാഗമാകുന്ന കഥാപാത്രം. കോവിഡ് കൊടുമ്പിരി കൊണ്ടകാലത്ത് ലൊക്കേഷൻ കാണാനും സിനിമയുടെ ചിത്രീകരണത്തിന് സൌകര്യമൊരുക്കാനുമൊക്കെയായി ലാൽ ജോസ് ഒരുമാസത്തോളം യുഎഇയിലുണ്ടായിരുന്നു. 2021ൽ മൂന്നാമത്തെ ചിത്രവുമായി യുഎഇയിലെത്തുമ്പോൾ, ഇനിയും വെള്ളിത്തിരയിലെത്തിയിട്ടില്ലാത്ത യുഎഇ കാഴ്ചകളാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നതെന്നാണ് സംവിധായകൻറെ ഉറപ്പ്. അറബിക്കഥയിലൂടെ ലേബർ ക്യാംപുകളിലടക്കം താമസിക്കുന്ന വളരെ സാധാരണക്കാരായ പ്രവാസിയുടെ ജീവിതമാണ് പറഞ്ഞത്. ഡയമണ്ട് നെക് ലേസ് ഉയർന്ന നിലകളിലുള്ള ചെറുപ്പക്കാരുടെ ജീവിതവും പ്രമേയമാക്കി.

ആദ്യമായി ലാൽ ജോസ് ചിത്രത്തിൻറെ ഭാഗമാകുന്നതിന്റെ സന്തോഷത്തിലാണ് മംമ്ത മോഹൻദാസ്. ചിരിക്കാനും ചിന്തിപ്പിക്കാനും വകനൽകുന്നതാണ് മ്യാവൂ എന്ന് മംമ്ത പറയുന്നു. സ്ഥാനമൊഴിഞ്ഞ അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെക്കൊണ്ട് 'ആമിനാത്താത്തേടെ പൊന്നുംമോളാണ്..' പാടിച്ചും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊണ്ട് കൈയടിപ്പിച്ചും രാജ്യാന്തരശ്രദ്ധ പിടിച്ചുപറ്റിയ യുവ എഡിറ്റർ അജ്മൽ സാബുവാണ് ഈ ചിത്രത്തിൻറെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ അജ്മൽ സാബുവിൻറെ ആദ്യ സിനിമകൂടിയാണ് മ്യാവൂ. ദുബായിൽ വ്യവസായിയായ തോമസ് തിരുവല്ലയാണ് ചിത്രത്തിൻറെ നിർമാതാവ്.  കളിമണ്ണ്, ഓട്ടം എന്നീ ചിത്രങ്ങൾക്കു ശേഷം തോമസ് തിരുവല്ലയുടെ മൂന്നാമത്തെ ചിത്രമാണിത്.

മ്യാവൂവിലെ രണ്ടാമത്തെ നായിക ദുബായിൽ താമസിക്കുന്ന തജക്കിസ്ഥാൻ സ്വദേശിനി യാസ്മിന അലി ദൊദോവയാണ്. യുഎഇയിലും തജക്കിസ്ഥാനിലും അറിയപ്പെട്ടുതുടങ്ങിയ യുവ ഗായികകൂടിയാണ് യാസ്മിന. സലീം കുമാർ,  ഹരിശ്രീ യൂസഫ് എന്നിവർക്കൊപ്പം യുഎഇയിലേയും ബഹ്റൈനിലേയും പ്രവാസികളായ കലാകാരൻമാരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

MORE IN GULF
SHOW MORE
Loading...
Loading...