ക്ലാസിക് കാർ ഫെസ്റ്റിവലൊരുക്കി ഷാർജ; പ്രദർശനത്തിനെത്തി അപൂർവ മോഡലുകൾ

cars-06
SHARE

ലോകത്തിലെ തന്നെ ഏറ്റവും അപൂർവമായ ക്ലാസിക് വിന്റേജ് കാറുകളുടെ കാഴ്ചകളാണ് ഇനി കാണുന്നത്. ഷാർജ നിക്ഷേപവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് ഷാർജയുടെ വിവിധഭാഗങ്ങളിൽ  'ക്ലാസിക് കാർസ് ഫെസ്റ്റിവൽ' സംഘടിപ്പിക്കുന്നത്. ഖോർഫക്കാനിൽ ഒരുക്കിയ ആദ്യ പ്രദർശനത്തിലെ കാഴ്ചകളും വിശേഷങ്ങളും കാണാം.

ഒരുകാലത്ത് ലോകത്തിലെ വിവിധ നഗരങ്ങളിലെ നിരത്തുകൾ അടക്കി ഭരിച്ച രാജാക്കന്മാരെ അതേ പ്രൗഢിയോടെ വീണ്ടും കാണാൻ അവസരം. പഴമയും പ്രൌഢിയും സംഗമിക്കുന്ന മനോഹരകാഴ്ചകൾ. മുൻനിര ബ്രാൻഡുകൾ നിർമിച്ച, അപൂർവമായ കാർ മോഡലുകളാണ് യുഎഇയിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ഖോർഫക്കാനിൽ അണിനിരന്നത്.  

1920കൾ മുതൽ 1989 വരെ മുൻനിര ബ്രാൻഡുകൾ പുറത്തിറക്കിയ, ലിമിറ്റഡ് എഡിഷൻ മോഡലുകളടക്കം 50ൽ അധികം കാറുകളാണ്  ഖോർഫക്കാൻ ബീച്ച് ക്ലാസിക്സ് എന്ന പേരിൽ അവതരിപ്പിച്ച പ്രദർശനത്തിൽ ഒരുക്കിയിരുന്നത്.  ഷെവർലെയുടെയും ഫോർഡിന്റെയും ബെൻസിന്റെയും പലരൂപഭാവങ്ങളിലുള്ള ആൻറിക്ക് മോഡലുകളാണ് അണിനിരന്നത്.

ഷാർജ നിക്ഷേപവികസന വകുപ്പ്, ഷുറൂഖ്   'ഓൾഡ് കാർസ് ക്ലബു'മായി ചേർന്ന്  'വേൾഡ്സ് കൂളസ്റ്റ് വിൻറർ' എന്ന വിനോദസഞ്ചാര കാംപയിന്റെ ഭാഗമായാണ് ഷാർജയിൽ നാലിടങ്ങളിലായി പ്രദർശനം സംഘടിപ്പിക്കുന്നത്. ഈ മാസം 19ന് 'അൽ ബദായർ റിട്രീറ്റിൽ' രണ്ടാം പ്രദർശനവും മാർച്ച് 26ന്  'അൽ ബെയ്ത്' ഹോട്ടൽ പരിസരത്ത് മൂന്നാം പ്രദർശനവുമൊരുക്കും. ഷാർജ നഗരമധ്യത്തിലുള്ള ഫ്ലാഗ് ഐലൻഡിൽ ഏപ്രിൽ രണ്ടിന് നടക്കുന്ന പ്രദർശനത്തോടെയാണ് ക്ലാസിക് കാർ ഫെസ്റ്റിവലിന് തിരശ്ശീല വീഴുന്നത്.

പഴമയും രാജകീയതയും ഒത്തിണങ്ങിയ അത്യപൂർവ കാറുകൾ അടുത്തുകാണാനും മനസ്സിലാക്കാനും ഒപ്പം നിന്ന് ചിത്രമെടുക്കാനുമുള്ള അവസരം പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ലോകത്തെ മുൻനിര ക്ളാസിക് കാർ ശേഖരമുള്ളവരുടെ പട്ടികയിൽ ഒട്ടേറെ യുഎഇ സ്വദേശികളുമുണ്ട്. സ്വകാര്യവ്യക്തികളുടെ ശേഖരത്തിലുള്ള കാറുകളടക്കമാണ് പ്രദർശനത്തിനായി എത്തിച്ചിരിക്കുന്നത്. അക്കാലത്തെ കാറുകളുടെ എൻജിനുകളുടെ പ്രവർത്തനം, നിർമാണരീതി, ഇന്ധനച്ചെലവ് തുടങ്ങിയവയെക്കുറിച്ച് നേരിട്ടറിയാനുള്ള അവസരമാണിത്.

അതതു ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് ആറ് വരെയാണ് പ്രദർശനം. പൊതുജനങ്ങൾക്ക് സൌജന്യമായി പ്രദർശനം കാണാം. കോവിഡ് സുരക്ഷാനിർദേശങ്ങളെല്ലാം ഉറപ്പുവരുത്തിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഷുറൂഖ് സിഒഒ അഹ്മദ് അൽ ഖസീർ, ഷാർജ ഓൾഡ് കാർസ് ക്ലബ് ചെയർമാൻ ഡോ. അലി അഹമ്മദ് അബു അൽ സൂദ് എന്നിവരാണ് പ്രദർശനത്തിന് ചുക്കാൻ പിടിക്കുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...