വിദ്യാർഥികൾക്ക് മാതാപിതാക്കളെ സ്പോൺസർ ചെയ്യാം; യുഎഇയില്‍ നിയമ ഭേദഗതി

uae
SHARE

യുഎഇയിലെ വിദേശികളായ വിദ്യാർഥികൾക്ക് മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ അനുമതി നൽകുന്ന താമസ നിയമഭേദഗതി നിലവിൽ വന്നു. ദുബായ് ഭരണാധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമഭേദഗതിക്ക് അംഗീകാരം നൽകിയത്. അതേസമയം, ആഭ്യന്തരവിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനായി ക്യാംപെയിൻ നടത്തുന്നതിനായി എമിറേറ്റ്സ് ടൂറിസം കൗൺസിൽ സ്ഥാപിച്ചു.   

സാമ്പത്തികനില അനുവദിക്കുകയാണെങ്കിൽ 18 വയസ്സ് പൂർത്തിയായ പ്രവാസി വിദ്യാർഥികൾക്ക് അവരുടെ മാതാപിതാക്കളെ സ്പോൺസർ ചെയ്ത് യുഎഇയിലേയ്ക്ക് കൊണ്ടുവരാനുള്ള വീസ അനുവദിക്കുന്നതിനുള്ള നിയമ ഭേദഗതിയാണ് നിലവിൽ വന്നത്. വീസ കാലാവധി അടക്കം വിശദ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും. പ്രവാസി മലയാളികളടക്കം വിദ്യാർത്ഥികൾക്ക് സഹായകരമാണ് പുതിയ തീരുമാനം. മേഖലയിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന യുഎഇയിൽ 77 സര്‍വകലാശാലകളാണുള്ളത്. അതേസമയം, യുഎഇയുടെ സാമ്പത്തിക മേഖലയെ സുസ്ഥിരപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങൾക്കും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ആരോഗ്യത്തിനാണ് ഏറ്റവും പ്രമുഖ സ്ഥാനമെന്നും  ഈ  വർഷാവസാനത്തോടെ യുഎഇ കൂടുതൽ കരുത്ത് നേടുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയടക്കം ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനാണ് എമിറേറ്റ്സ് ടൂറിസം കൗൺസിൽ സ്ഥാപിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ധനകാര്യ സ്ഥാപനങ്ങൾക്കും ബാങ്കിങ് മേഖലയ്ക്കും പിന്തുണ നൽകുന്നതിനായുള്ള പുതിയ പദ്ധതിക്കും ഈ വർഷത്തെ ആദ്യത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

MORE IN GULF
SHOW MORE
Loading...
Loading...