ദുബായ് രാജ്യാന്തര എക്സ്പോ: സുസ്ഥിരതാ പവലിയൻ തുറക്കുന്നു

pavalion
SHARE

ദുബായ് രാജ്യാന്തര എക്സ്പോയുടെ സുസ്ഥിരതാ പവലിയൻ പൊതുജനങ്ങൾക്കായി തുറക്കുന്നു. അടുത്ത വെള്ളിയാഴ്ച മുതലാണ് യുഎഇയിലെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കുമായി പവലിയൻ തുറക്കുന്നത്. പ്രകൃതിയിലെ മനോഹര കാഴ്ചകളാണ് ടെറ എന്ന പേരിലുള്ള സസ്റ്റെയ്‌നബിലിറ്റി പവിലിയനിൽ ഒരുക്കിയിരിക്കുന്നത്. 

192 ഓളം രാജ്യങ്ങൾ സംഗമിക്കുന്ന ദുബായ് രാജ്യാന്തര എക്സ്പോയുടെ ആദ്യ കാഴ്ചകളാണ് പൊതുജനങ്ങൾക്കായി മിഴിതുറക്കുന്നത്. കടലാഴങ്ങളിലെ അദ്ഭുത ലോകത്തേക്കും അറേബ്യൻ വന്യസൗന്ദര്യങ്ങളിലേക്കും സന്ദർശകരെ വരവേൽക്കാനൊരുങ്ങി എക്സ്പോ സസ്റ്റെയ്‌നബിലിറ്റി പവിലിയൻ 'ടെറാ' തയ്യാറാകുന്നു. 22 മുതൽ പ്രവേശനം അനുവദിക്കും. പ്ളാസ്റ്റിക് മലിനീകരണം, പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്കരണം, ഹരിതവൽക്കരണം, ജലസംരക്ഷണം എന്നിവയെക്കുറിച്ച് അവബോധം നൽകുന്നതാണ് ഈ പവലിയൻ. വരും തലമുറയ്ക്ക് പ്രകൃതിയോടിണങ്ങിയുള്ള തിരഞ്ഞെടുപ്പുകൾക്ക് പ്രചോദനമേകുന്നതാണ് പവലിയൻറെ പ്രമേയം. 25,000 ചതുരശ്രയടിയാണ് വിസ്തീർണം. കുട്ടികൾക്കുള്ള കളിസ്ഥലം, ഗിഫ്റ്റ് ഷോപ്പ്, ഡൈനിങ് എന്നിവയുൾപ്പെടെ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. https://www.expo2020dubai.com/en/pavilions-premiere എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. 25 ദിർഹമാണ് പ്രവേശനനിരക്ക്. ഏപ്രിൽ  10 വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന രാജ്യാന്തര എക്സ്പോ മഹാമാരി കാരണമാണ് മാറ്റിവച്ചത്. ഈ വർഷം ഒക്ടോബർ ഒന്നു മുതൽ മാർച്ച് 31 വരെയാണ് ദുബായിൽ രാജ്യാന്തര എക്സ്പോ സംഘടിപ്പിക്കുന്നത്. 

MORE IN GULF
SHOW MORE
Loading...
Loading...