ദുബായിൽ കോവിഡ് വ്യാപനം; വിനോദ പരിപാടികള്‍ നിർത്തിവച്ചു

dubai-wb
SHARE

ദുബായിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിനോദ പരിപാടികളും നിർത്തിവച്ചു. വിനോദ പരിപാടികൾക്ക് നൽകിയിരുന്ന അനുമതി റദ്ദാക്കിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. അതേസമയം, അത്യാവശ്യമല്ലാത്ത എല്ലാ ശസ്‍ത്രക്രിയകളും ഒരു മാസത്തേക്ക് നിര്‍ത്തിവയ്ക്കാൻ ദുബായ് ഹെൽത്ത് അതോറിറ്റി ആശുപത്രികൾക്ക് നിർദേശം നൽകി.

യുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണം ഇതാദ്യമായി ഒരാഴ്ചയായി മൂവായിരത്തിലധികമായ സാഹചര്യത്തിലാണ് ദുബായിൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാ വിനോദ പരിപാടികളും നിർത്തിവയ്ക്കുന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഹോട്ടലുകൾ, റസ്റ്ററൻറുകൾ എന്നിവയിൽ നടത്തുന്ന വിനോദപരിപാടികൾക്കും അനുമതി റദ്ദാക്കി. കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ ദുബായിൽ കോവിഡ് നിയമലംഘനം നടത്തിയ 20 ഓളം സ്ഥാപനങ്ങൾ ഉദ്യോഗസ്ഥർ അടപ്പിച്ചിരുന്നു. അതിനിടെ, അടുത്തമാസം 19വരെ  അത്യാവശ്യമല്ലാത്ത ശസ്‍ത്രക്രിയകള്‍ നടത്തേണ്ടതില്ലെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി ആശുപത്രികൾക്ക് നിർദേശം നൽകി. ന്യൂറോ സര്‍ജറി, ഓര്‍ത്തോപീഡിക് ഓപ്പറേഷനുകള്‍, കാര്‍ഡിയാക്, റേഡിയോളജിക്കല്‍ ചികിത്സാ നടപടികള്‍, യൂറിനറി സ്റ്റോണുകളും സ്റ്റെന്റുകളും നീക്കം ചെയ്യുക, തുടങ്ങിയവക്കും ജനറല്‍ സര്‍ജറി, ഒഫ്‍താല്‍മോളജി, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ അത്യാവശ്യ സ്വഭാവമുള്ള ശസ്‍ത്രക്രിയകള്‍ക്കും നിയന്ത്രണങ്ങൾ ബാധകമല്ല. കോവിഡ് രോഗികളെ പരിചരിക്കാനും ആരോഗ്യ സംവിധാനങ്ങളെ അതിനായി സജ്ജമാക്കാനും ഈ നടപടി ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസങ്ങളാണ് കടന്നുപോകുന്നത്. ഈ പശ്ചാത്തലത്തിലാണ് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...