കേസുകൾ പിൻവലിച്ചു; യുഎഇ- ഖത്തർ വിമാനസർവീസും വ്യാപാര ബന്ധവും ഉടൻ പുനഃസ്ഥാപിക്കും

qataruae
SHARE

യുഎഇയും ഖത്തറും തമ്മിലുള്ള വിമാനസർവീസും വ്യാപാര ബന്ധവും ഒരാഴ്ചയ്ക്കകം പുനഃസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം. ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് യുഎഇക്കെതിരെ ഖത്തർ നൽകിയ കേസുകൾ പിൻവലിച്ചതായി വിദേശകാര്യസഹമന്ത്രി അൻവർ ഗർഗാഷ് പറഞ്ഞു. അതേസമയം, ഗൾഫ് ജനതയ്ക്കിടയിൽ എല്ലാം വേഗത്തിൽ പഴയതുപോലെയാകുമെന്ന് ഖത്തർ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

അൽ ഉല ഉച്ചകോടിയിൽ ഖത്തർ ഉപരോധം അവസാനിപ്പിക്കാൻ തീരുമാനമായതോടെ വ്യാപാരം, ഗതാഗതം, നിക്ഷേപം, വ്യോമ,സമുദ്രഗതാഗതം തുടങ്ങിയ മേഖലകളിൽ ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാവുകയാണ്. നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അതിവേഗ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും യുഎഇ വിദേശകാര്യസഹമന്ത്രി അൻവർ ഗർഗാഷ് പറഞ്ഞു. ഖത്തർ ഉപരോധമെന്ന അധ്യായം അവസാനിച്ചു. ചില പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിക്കും. മറ്റ് ചിലതിന് കൂടുതല്‍ സമയമെടുക്കുമെന്നും മന്ത്രി വെർച്വൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഖത്തറിലെ തുർക്കി സൈന്യത്തിൻറെ സാന്നിധ്യം അറബ് ലോകത്ത് ഇറാൻറെ സാന്നിധ്യം പോലെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. യുഎഇക്കെതിരെ ഖത്തൽ നൽകിയ കേസുകൾ പിൻവലിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ അനുരഞ്ജനത്തിലേർപ്പെട്ടതിനെ തുടർന്ന് സ്വാഭാവികമായും കേസുകളും ഒഴിവാക്കപ്പെടുമെന്ന് അൻവർ ഗർഗാഷ് വ്യക്തമാക്കി. അതേസമയം, ജിസിസി ഉച്ചകോടിയില്‍ അല്‍ ജസീറ ചാനലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായില്ലെന്ന് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. അൽ ജസീറ ചാനൽ പ്രക്ഷേപണം അവസാനിപ്പിക്കണമെന്ന് സൌദി സഖ്യരാഷ്ട്രങ്ങൾ നേരത്തേ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയതലത്തെ അപേക്ഷിച്ച് ഗൾഫിലെ ജനങ്ങൾക്കിടയിൽ എല്ലാം പഴയതുപോലെയാകുന്നത് വേഗത്തിലാകുമെന്നും ഷെയ്ഖ് അബ്ദുൽ റഹ്മാൻ വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...