ജിസിസി ഉച്ചകോടി: ഖത്തർ അമീർ റിയാദില്‍; സ്വീകരിച്ച് സൗദി കിരീടാവകാശി

main-pic
SHARE

അൽ ഉലായിൽ നടക്കുന്ന 41–ാമത് ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അടക്കമുള്ള അംഗ രാജ്യങ്ങളിലെ നേതാക്കന്മാർ റിയാദില്‍ എത്തിത്തുടങ്ങി. യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ നേതാക്കന്മാരും പ്രതിനിധി സംഘങ്ങളും ഉച്ചയോടെ എത്തിച്ചേർന്നു. സൗദി  ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്‍റെ നേതൃത്വത്തിൽ അരങ്ങേറുന്ന ഉച്ചകോടിക്ക് ഇന്ന് വൈകിട്ടാണ് തുടക്കം കുറിക്കുക. 

കുവൈത്ത് ഭരണാധികാരി ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ സബാ, ഇൗജിപ്ത് വിദേശകാര്യ മന്ത്രി  സാമിഹ് ഷൗക്രി എന്നിവരും റിയാദിലെത്തി.  ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിനെ പ്രതിനിധീകരിച്ച് ഉപ പ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദ് അൽ സെയ്ദ്,  ബഹ്റൈൻ കിരീടാവകാശി എന്നിവരും റിയാദിലെത്തി. 

ഖത്തർ ഭരണാധികാരിയെ സ്വീകരിച്ചു

ഉച്ചകോടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വീകരിച്ചു. ‌മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ഖത്തര്‍ അമീര്‍ സൗദിയിലെത്തുന്നത്. ഉച്ചകോടിയില്‍ സൗദിയും ഖത്തറും തമ്മില്‍ കരാര്‍ ഒപ്പുവയ്ക്കും. കുവൈത്തിന്റെ മധ്യസ്ഥതയില്‍ ഇന്നലെ രാത്രി മുതല്‍ സൗദി അറേബ്യ ഖത്തറുമായുള്ള കര, വ്യോമ, സമുദ്ര ഉപരോധം അവസാനിപ്പിച്ച് അതിര്‍ത്തികള്‍ തുറന്നിരുന്നു.

യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണു ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ മറ്റു രാജ്യങ്ങള്‍. ഈ രാജ്യങ്ങളും ഖത്തറിനു മേലുള്ള ഉപരോധ നടപടികള്‍ അവസാനിപ്പിക്കുമെന്നാണ് വിവരം. ഉപരോധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഇന്നത്തെ ഉച്ചകോടിയില്‍ അന്തിമ പരിഹാരം ഉണ്ടാകും.

ഗൾഫിൻ്റെ  െഎക്യമാണ് ആറംഗ കൗൺസിൽ പങ്കെടുക്കുന്ന ഉച്ചകോടിയുടെ പ്രധാന ഉദ്ദേശ്യം. ഉച്ചകോടിക്ക് മുന്നോടിയായി സൗദി അറേബ്യ ഖത്തർ അതിർത്തികൾ തുറന്നത് ഗൾഫ് പ്രതിസന്ധി പരിഹാരത്തിനുള്ള സൂചനയാണെന്ന് കരുതുന്നു.

പ്രതിനിധികളുടെ വരവ് പൂർത്തിയായി

 ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുടെയും പ്രതിനിധികളുടെയും വരവ് പൂർത്തിയായി. ആദ്യമെത്തിയത് ബഹ്‌റൈൻ സംഘമാണ്. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും നേരിട്ട് ഉച്ചകോടിക്ക് എത്തിയതോടെ ലോകം പ്രതീക്ഷയോടെ കാത്തിരുന്ന നിമിഷത്തിനാണ് അൽ ഉല സാക്ഷ്യം വഹിച്ചത്. ഖത്തർ അമീറും സൗദി കിരീടാവകാശിയും എല്ലാം മറന്ന് പരസ്പരം അശ്ലേഷിച്ചതോടെ അതൊരു ഐക്യ പ്രഖ്യാപനം കൂടിയായി.  അൽ ഉല വിമാനത്താവളത്തിൽ എത്തിയ മുഴുവൻ പ്രതിനിധി സംഘങ്ങളെയും  സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് സ്വീകരിച്ചത്. 

ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഒമാൻ  ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹമൂദ് അൽ സെയ്ദ്, യുഎഇ  വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്, കുവൈത്ത് അമീർ  ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബഎന്നിവരാണ് ഓരോ പ്രതിനിധി സംഘത്തെയും നയിക്കുന്നത്. 2017 ജൂൺ 6 മുതൽ സൗദി, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഖത്തർ ഉപരോധത്തോടെ മുറിഞ്ഞ നയതന്ത്ര ബന്ധമാണ് ഇപ്പോൾ പുനഃസ്ഥാപിക്കപ്പെടുന്നത്. 

ഉച്ചകോടിയുടെ മുന്നോടിയായി ഖത്തറിൽ കുവൈത്ത് അമീറിന്റെ നേതൃത്വത്തിൽ നടന്ന അവസാനവട്ട ചർച്ചയുടെ ഭാഗമായി സൗദി എല്ലാ അതിർത്തികളും തുറന്നിരുന്നു. മൂന്നരവർഷമായി ഈ രാജ്യങ്ങൾ തമ്മിൽ നില നിന്ന നയതന്ത്ര പ്രശ്നങ്ങളും ഉപരോധവും ഇന്നത്തെ ഉച്ചകോടിയിൽ അംഗീകരിക്കുന്ന ഉടമ്പടി പ്രകാരം പൂർണമായും നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടി അംഗരാജ്യങ്ങൾക്കിടയിൽ  ഐക്യവും സമാധാനവും വർധിപ്പിക്കുമെന്നും പ്രാദേശിക വെല്ലുവിളികൾ നേരിടുന്നതിന് ഏകതയോടെ നിലകൊള്ളാൻ പര്യാപ്തമാക്കുമെന്നും സൗദി  കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച പറഞ്ഞു. 

ഇറാൻ പിന്തുണയോടെ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങളും ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട    പശ്ചാത്തലത്തിൽ യുഎസ്എയുമായുള്ള ബന്ധവും ഉച്ചകോടിയിൽ ചർച്ചയ്ക്ക് വരില്ലെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഈജിപ്ത്  വിദേശകാര്യമന്ത്രി സമീഹ് ഷൗക്റി ഉച്ചകോടിയിൽ  സംബന്ധിക്കുന്നുണ്ട്.

MORE IN GULF
SHOW MORE
Loading...
Loading...