യുഎഇയിൽ ടൂറിസ്റ്റ് വീസയിലുള്ളവർക്ക് ഒരുമാസംകൂടി കാലാവധി നീട്ടിനൽകും

uae
SHARE

യുഎഇയിൽ ടൂറിസ്റ്റ് വീസയിലുള്ളവർക്ക് ഒരുമാസംകൂടി സൗജന്യമായി വീസകാലാവധി നീട്ടിനൽകും. കൊറോണ വൈറസിൻറെ പുതിയവകഭേദം റിപ്പോർട്ട് ചെയ്തതോടെ പല രാജ്യങ്ങളും വിമാനസർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് തീരുമാനം. 

യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സന്ദർശകവീസ കാലാവധി കഴിഞ്ഞവർക്ക് ഒരുമാസത്തേക്ക് കൂടി രാജ്യത്ത് താമസിക്കാൻ അനുമതി നൽകാൻ ഉത്തരവിട്ടത്. വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചതോടെ  സ്വന്തം രാജ്യത്തേക്ക് മടങ്ങാനാവാതെ കുടുങ്ങിയ വിദേശികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം. ഇതിനായി പ്രത്യേക ഫീസ് അടയ്ക്കേണ്ടതില്ല. ക്രിസ്മസ്, പുതുവൽസരം ആഘോഷിക്കാൻ രാജ്യത്തെത്തിയ ആയിരക്കണക്കിന് വിദേശികളെ സഹായിക്കാനാണ് ഇളവെന്നും അധികൃതർ വ്യക്തമാക്കി. കൊവിഡ് കാലത്ത് വിനോദ സഞ്ചാരികളുടെ ആരോഗ്യസുരക്ഷയും അധികൃതര്‍ ഉറപ്പാക്കും.

വിവിധരാജ്യങ്ങൾ രാജ്യാന്തരസർവീസുകൾ റദ്ദാക്കിയതോടെ ഒട്ടേറെ വിനോദസഞ്ചാരികളാണ് മടങ്ങാനാകാതെ യുഎഇയിൽ കഴിയുന്നത്. കുവൈത്ത്, സൌദി തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാൻ സന്ദർശകവീസയിലെത്തി യുഎഇയിൽ കഴിയുന്ന മലയാളികളടക്കമുള്ളവർക്ക് പുതിയ തീരുമാനം സഹായകരമാകും. 

MORE IN GULF
SHOW MORE
Loading...
Loading...