ഖത്തറിൽ ഇനി നാട്ടുപച്ചക്കറിയും മൽസ്യവും സുലഭം; മരുഭൂമിയിൽ ഫാം തീർത്ത് മലയാളികൾ

farm-qatar
SHARE

മരുഭൂമിയിൽ 178 ഏക്കറിൽ പച്ചക്കറികളും മത്സ്യങ്ങളുമൊക്കെയായി ഒരു കാർഷിക ഫാം. ഖത്തറിലെ ഇന്ത്യക്കാർക്ക് ഇന്ത്യയിലെ നാട്ടുപച്ചക്കറികൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ എജിലീവ്സ് കാർഷിക ഫാമിലെ കാഴ്ചകളും വിശേഷങ്ങളുമാണ് ഇനി കാണുന്നത്.

മരുഭൂമിയിൽ പച്ചപ്പ് കണ്ടെത്താനലഞ്ഞ ജനതയുടെ കഥയല്ല ഖത്തറിൽ നിന്ന് പങ്കുവയ്ക്കുന്നത്. ഒരുപക്ഷേ, സമൃദ്ധമായ ജലാശയങ്ങൾ നിറഞ്ഞൊരു ഭൂപ്രദേശത്ത് മാത്രം കാണാവുന്ന മനോഹരമായ പച്ചപ്പിൻറെ കാഴ്ചകളാണ് ഖത്തറിലെ മരുഭൂപ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് അധികം താമസിയാതെ ഖത്തറില്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയുടെ നാട്ടുപച്ചക്കറികൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവാസിമലയാളിയായ ഷംഷീര്‍ അബ്ദുള്‍ റഹ്മാൻറെ നേതൃത്വത്തിൽ അൽഖോറിൽ ഏജിലീവ്‌സ് എന്ന കാർഷിക ഫാം ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായാണ് മലയാളി മാനേജ്‌മെന്റിന്റെ കീഴില്‍ ഖത്തറില്‍ കാര്‍ഷിക ഫാമിൻറെ പ്രവര്‍ത്തനം.

24 ഓളം ഗ്രീന്‍, പോളിഹൗസുകളിലായാണ് കൃഷി. നിലവില്‍ തക്കാളി, വഴുതനങ്ങ, കുക്കുംബര്‍, വെണ്ടയ്ക്ക, പച്ചമുളക്, ഖോസ (സുച്ചിനി), കാപ്‌സിക്കം തുടങ്ങി 23 ഇനങ്ങളിലുള്ള പച്ചക്കറികളുണ്ട്. ഇലവര്‍ഗങ്ങളില്‍ ജര്‍ജീര്‍, മല്ലി, പുതിന, കൊഴുപ്പചീര, പാലക് ചീര, ലെറ്റൂസ്, ചുവപ്പന്‍ ചീര എന്നിവയും വളരുന്നുണ്ട്. നാട്ടിൽ നിന്ന് കൊണ്ടുവന്ന വിത്തുകളും തൈകളുമടക്കമാണ് ഉപയോഗിക്കുന്നത്. കൂടാതെ നാലായിരത്തോളം ഈന്തപ്പനകളും ഇവിടെയുണ്ട്. ചാണകം, ആട്ടിന്‍ കാഷ്ടം എന്നിവയെല്ലാമാണ് പച്ചക്കറി കൃഷിയിലെ പ്രധാന വളം. അറുന്നൂറോളം കിലോയാണ് ഇപ്പോൾ പ്രതിദിന വിളവ്. അത് ആയിരം കിലോയിലെത്തിക്കുകയാണ് ലക്ഷ്യം.

അക്വാപോണിക്‌സ്, ഹൈഡ്രോപോണിക്‌സ് കൃഷിരീതികളും ഫാമിൽ സജീവമാണ്. തിലാപ്പിയ മീന്‍ വളര്‍ത്തലും തക്കാളി, ലെറ്റൂസ്, സ്ട്രോബറി കൃഷിയുമാണ് അക്വാപോണിക്‌സിലൂടെ ചെയ്യുന്നത്. ബക്കറ്റില്‍ ചെടി നട്ട് ഫിഷ് ടാങ്കുമായി ബന്ധിപ്പിച്ചുള്ള ഡച്ച് ബക്കറ്റ് സംവിധാനവും പിവിസി പൈപ്പുകള്‍ ഉപയോഗിച്ചുള്ള ന്യൂട്രിയന്റ് ഫിലിം ടെക്നിക് (എന്‍എഫ്ടി), ഗ്രോ ബെഡ് തുടങ്ങിയവയെല്ലൊം അക്വാപോണിക്സില്‍ ഉപയോഗിക്കുന്നുണ്ട്. 

ഏജിലീവ്സിൽ വളരുന്നതെല്ലാം ഓൺലൈനിലൂടെ ലഭ്യമാക്കാനുള്ള സംവിധാനവുമുണ്ട്. www.indochynestore.com വഴി ഹോം ഡെലിവറി സേവനത്തിലൂടെ പ്രവാസികള്‍ക്ക് നല്ല ഫാം ഫ്രഷ് പച്ചക്കറികള്‍ നേരിട്ടെത്തിക്കും. വാണിജ്യമന്ത്രാലയത്തിന്റെ വിലവിവരപട്ടികയിലെ നിരക്കില്‍ തന്നെ അടുത്ത വര്‍ഷം നാട്ടുപച്ചക്കറികള്‍  വിപണിയിലെത്തിക്കാനാണ് നീക്കം. പ്രവാസികള്‍ക്ക് പ്രാദേശിക പച്ചക്കറികള്‍ക്കൊപ്പം ഇന്ത്യയുടെ നാട്ടുപച്ചക്കറികളും മിതമായ നിരക്കില്‍ ലഭ്യമാക്കും. പ്രാദേശിക പച്ചക്കറികളുടെ വിപണന മേളയിലും ഏജിലീവ്‌സിന്റെ പ്രീമിയം പച്ചക്കറികളെത്തിക്കാനും പദ്ധതിയുണ്ട്

പത്തുലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തിന് ഏറ്റവും മികച്ച പച്ചക്കറികൾ ലഭ്യമാക്കുന്നതിനൊപ്പം കാർഷികമേഖലയെ വരും തലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടും കൂടിയാണ് നിർമാണമേഖലയിൽ ജോലി ചെയ്യുന്ന ഷംഷീര്‍ അബ്ദുള്‍ റഹ്മാൻ ഈ കാർഷിക ഫാമിൻറെ മേൽനോട്ടം വഹിക്കുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...