കുറഞ്ഞ ടിക്കറ്റ്; ഇന്ധനക്ഷമത; വ്യോമയാനമേഖലയിൽ വിപ്ലവം; പിന്തുണ തേടി യുവാക്കൾ

air-keralites
SHARE

വ്യോമയാനമേഖലയിൽ വിപ്ളവകരമായ മാറ്റംവരുത്താവുന്ന കണ്ടുപിടുത്തവുമായി രണ്ടു മലയാളി യുവാക്കൾ. ജെറ്റ് എൻജിനുകളുടെ ഇന്ധനക്ഷമത വർധിപ്പിക്കുന്ന ഉപകരണമാണ് അവതരിപ്പിക്കുന്നത്. പുതിയ കണ്ടുപിടുത്തങ്ങളെയും സംരംഭകരേയും കൈനീട്ടി സ്വീകരിക്കുന്ന യുഎഇയിൽ പ്രതീക്ഷ അർപ്പിച്ചാണ് ഇരുവരും ദുബായിലെത്തിയത്.

പ്രവാസികളുടെ നിരന്തരമായ അഭ്യർഥനകളിലൊന്നാണ് ഉൽസവസീസണുകളിൽ വിമാനടിക്കറ്റ് നിരക്ക് കുറയ്ക്കുകയെന്നത്. ആ ആവശ്യത്തിന് വലിയ ഉത്തരവും അതിലുപരി  വ്യോമയാനമേഖലയിൽ വിപ്ളവകരമായ മാറ്റംവരുത്താവുന്ന കണ്ടുപിടുത്തമാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സി.മുഹമ്മദ് റഷീദും കോട്ടയം താഴത്തങ്ങാടി സ്വദേശി അർജുൻ സഞ്ജീവും അവതരിപ്പിക്കുന്നത്. ജെറ്റ് എൻജിനുകളുടെ ഇന്ധനക്ഷമത വർധിപ്പിക്കുന്ന ബൈസർ ഡിസി എന്ന ഉപകരണമാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്.

സ്വപ്നങ്ങൾക്ക് ചിറകു നൽകി റൈറ്റ് സഹോദരന്മാർ ആദ്യ വിമാനം പറപ്പിച്ച ഡിസംബർ 17നു തന്നെ ഈ രംഗത്തെ വിദഗ്ധനായ ഗൌരവ് സിംഗ്വാളിന്റെ പിന്തുണയോടെ പേറ്റൻറ് നടപടികൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യൻ പേറ്റന്റ് ഉടൻ ലഭിക്കുമെന്നും ഇവർ വ്യക്തമാക്കി. ഏഴു വർഷം മുൻപ് തമിഴ്നാട്ടിൽ എസ്.ആർ.എം യൂണിവേഴ്സിറ്റിയിലെ പഠനത്തിനിടെയാണ് ആശയം രൂപപ്പെടുന്നത്. പിന്നീട് കുടുംബത്തിൻറേയും  യൂണിവഴ്സിറ്റിയിലെ എയ്റോ സ്പേസ് വിഭാഗം അധ്യാപകർ ഉൾപ്പെടെയുള്ളവരും പിന്തുണയോടെ  എയ്റോസ്പേസ് എൻജിനയറായ മുഹമ്മദ് റഷീദും   കംപ്യൂട്ടർ എൻജിനിയറും അമേരിക്കയിലെ ഷെഫീൾഡിൽ പഠിച്ച ഫ്ലൈറ്റ് ഡെസ്പാച്ചറുമായ അർജുനും ആശയം വികസിപ്പിച്ചു. എൻജിന്റെ വലുപ്പം കുറയ്ക്കാം, കൂടുതൽ സുരക്ഷ തുടങ്ങിയവ ഉൾപ്പെടെ പതിനേഴോളം ഗുണങ്ങളുള്ള ഉപകരണമാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്.

വിമാനത്തിൻറെ എൻജിനിലേക്ക് പ്രവേശിക്കുന്ന കാറ്റിൻറെ ദിശയേയോ വേഗത്തേയോ ബാധിക്കാതെ ആക്സിയൽ കംപ്രസറിലെ മർദ്ദം വർധിപ്പിക്കാൻ കഴിയുന്ന ഉപകരണമാണിത്.  വിമാനത്തിന്റെ അടിസ്ഥാന പ്രവർത്തന തത്വങ്ങളിൽ മാറ്റം വരുത്താതെ വായുവിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ്  ബൈസർ ഡിസി ചെയ്യുന്നത്. കുറഞ്ഞ ഇന്ധനം കൊണ്ട് കൂടുതൽ ദൂരം പറക്കാമെന്നതിനാൽ വിമാനക്കൂലിയും കുറയ്ക്കാനാകും. ഇപ്പോഴുള്ള വിമാനങ്ങളിലും ഈ ഉപകരണം ഘടിപ്പിക്കാനാകുമെന്നതും പ്രയോജനകരമാണ്. 

ജെറ്റ് എൻജിനുമായി ബന്ധപ്പെട്ട കണ്ടുപിടുത്തങ്ങളിലും ഗവേഷണങ്ങളിലും ബ്രിട്ടൺ,അമേരിക്ക തുടങ്ങിയ രാജ്യക്കാരാണ് മുന്നിലുള്ളത്. ഈ മേഖലയിലേക്കാണ് മലയാളികളായ രണ്ടുയുവാക്കൾ വിപ്ളവകരമായ കണ്ടുപിടുത്തവുമായി മുന്നോട്ടുവരുന്നത്. കോവിഡ് മൂലം പ്രതിസന്ധിയിലായ വ്യോമയാന മേഖലയ്ക്ക് ഊർജം പകരുന്ന കണ്ടുപിടിത്തത്തിന് യുഎഇ സർക്കാർ കമ്പനികളിൽ നിന്ന് പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. ആ പ്രതീക്ഷയോടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, യുഎഇ ഭരണാധികാരികൾ തുടങ്ങിയവരുടെ പിന്തുണതേടുകയാണ് ഈ യുവാക്കൾ. 

MORE IN GULF
SHOW MORE
Loading...
Loading...