നാടും സ്കൂളും; ഒപ്പം കോവിഡ് ആശങ്കകളും; വീണ്ടും ചിത്രം വരച്ച് ഒരു പ്രവാസി ‍‍ഡോക്ടർ

dr-artist
SHARE

ആരോഗ്യരംഗത്തെ തിരക്കിനിടയിൽ പതിനേഴ് വർഷങ്ങൾക്ക് ശേഷം ഒരു ഡോക്ടർ വീണ്ടും പെയ്ൻറിങ് ബ്രഷുകൾ കയ്യിലെടുത്തു. കോവിഡ് കാലത്ത് വീണ്ടും വരയുടെ ലോകത്തേക്ക്. ദുബായിൽ ജോലി ചെയ്യുന്ന ഡോക്ടർ ഷാജി പള്ളിശ്ശേരികുഴിയിലിൻറെ ചിത്രരചനാ വിശേഷങ്ങളാണ് ഇനി കാണുന്നത്.

കോവിഡ് കാലത്ത് ലോകവും ചുറ്റുപാടുകളും ആശങ്കയിലായപ്പോഴാണ് ദുബായിലിരുന്ന് ഡോ.ഷാജി  പള്ളിശ്ശേരികുഴിയിൽ വീണ്ടും ചിത്രരചനയ്ക്കായി ബ്രഷ് കയ്യിലെടുക്കുന്നത്. നീണ്ട 17 വർഷത്തിൻറെ ഇടവേളയ്ക്ക് ശേഷം ക്യാൻവാസിന് മുന്നിലിരുന്നു. ഉന്നതപഠനവും പിന്നീട് ജോലിത്തിരക്കുകളുമൊക്കെ ഇടവേളനൽകിയ കഴിവിനെ തെളിച്ചെടുക്കുകയായിരുന്നു കോവിഡിൻറെ ആദ്യമാസങ്ങളിൽ. എല്ലാവരും കോവിഡ് ആശങ്കകളേക്കുറിച്ചും ദുരിതങ്ങളേക്കുറിച്ചും സംസാരിച്ചപ്പോൾ ആദ്യം വരച്ചതും അത്തരം ആശങ്കകളായിരുന്നു.

പിന്നീട് പാലക്കാട്ടെ സ്വന്തം ഗ്രാമത്തിലെ കാഴ്ചകൾ ഓർത്തെടുത്ത് ക്യാൻവാസിലേക്ക് ആവഹിച്ചു. തൃത്താലയിൽ പഠിച്ച സ്കൂളും ബാല്യത്തിൽ നടന്ന വഴികളുമൊക്കെ ചിത്രങ്ങളായി തെളിഞ്ഞു. സ്കൂൾ അധ്യാപകനായിരുന്ന സ്വന്തം പിതാവാണ് ചിത്രരചനയ്ക്ക് പ്രചോദനം.2016 ഏപ്രിലിൽ ദുബായിലെത്തിയ ഡോ.ഷാജി ദുബായ് ജൂപിറ്റർ സ്പെഷ്യാലിറ്റി മെഡിക്കൽ സെൻററിലെ സ്പെഷ്യലിസ്റ്റ് ഓർത്തോപീഡിക്സ് സർജനാണ്. ആരോഗ്യരംഗത്ത് സഹാനുഭൂതിയോടെ ഇടപെടാൻ കലാഹൃദയം സഹായിക്കുന്നുവെന്നത് നല്ല ചിന്തയായി കൂടെയുണ്ട്. ഒപ്പം 

ജോലിത്തിരക്കിനിടയിലും കലാപരമായ വാസനകൾ ഒഴിവാക്കേണ്ടതില്ലെന്ന സന്ദേശം കൂടിയാണ് ഡോക്ടർ മുന്നോട്ട് വയ്ക്കുന്നത്.

പരിയാരം മെഡിക്കൽ കോളജ്, മണിപ്പാൽ യൂണിവേഴ്സി, സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ഡോ.ഷാജി ഉപരിപഠനം പൂർത്തിയാക്കിയത്. നാലു വർഷങ്ങൾക്ക് മുൻപ് ദുബായിലെത്തി. ദുബായിൽ ഗൈനക്കോളജിസ്റ്റായ ഡോ.ജിജിഷ അലിയാണ് ഭാര്യ. രണ്ടു മക്കൾക്കൊപ്പം ദുബായ് ദെയ്റയിൽ താമസിക്കുന്ന ഡോ.ഷാജി, ആരോഗ്യരംഗത്തെ ജീവിതത്തിനൊപ്പം ചിത്രരചനയിലും കൂടുതൽ സജീവമാവുകാനുള്ള തയ്യാറെടുപ്പിലാണ്. 

MORE IN GULF
SHOW MORE
Loading...
Loading...