എയർപോട്ടിൽ കുഞ്ഞിനെ ഉപേക്ഷിച്ച അമ്മ രാജ്യം വിട്ടും; ചിത്രമെടുത്ത് പിതാവിന് അയച്ചു

Hamad-International-Airport-doha.jpg.image.845.440
SHARE

ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ മാതാപിതാക്കളെ തിരിച്ചറിഞ്ഞു. ഇരുവരും ഏഷ്യന്‍ സ്വദേശികള്‍. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം അമ്മ രാജ്യം വിട്ടതായി പബ്ലിക് പ്രോസിക്യൂഷന്‍. ഏഷ്യന്‍ രാജ്യക്കാരിയായ കുഞ്ഞിന്റെ അമ്മ മറ്റൊരു ഏഷ്യക്കാരനുമായി ബന്ധം പുലര്‍ത്തിയിരുന്നതായും ഈ ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലെ ശുചിമുറിയില്‍ പ്രസവിച്ച ശേഷം മാലിന്യപെട്ടിയില്‍ ഉപേക്ഷിച്ച് യുവതി രാജ്യം വിട്ടതെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 

കുഞ്ഞിന്റെ പിതാവിനെ ദോഹയില്‍ തന്നെ അധികൃതര്‍ കണ്ടെത്തുകയായിരുന്നു. യുവതിയുമായി ബന്ധം പുലര്‍ത്തിയിരുന്നതായും പ്രസവിച്ച ഉടന്‍ മൊബൈല്‍ ഫോണില്‍ കുഞ്ഞിന്റെ ചിത്രങ്ങള്‍ അയച്ച ശേഷം മാലിന്യപെട്ടിയില്‍ നിക്ഷേപിച്ച വിവരവും രാജ്യം വിടുകയാണെന്ന സന്ദേശവും യുവതി അയച്ചിരുന്നതായും ഇയാള്‍ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയില്‍ ഇയാളാണ് പിതാവെന്നും തെളിഞ്ഞിട്ടുണ്ട്. 

വനിതാ യാത്രക്കാരെ പരിശോധിച്ചതില്‍ ചട്ടലംഘനം നടത്തിയ വിമാനത്താവളത്തിലെ സുരക്ഷാ വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമപ്രകാരം മൂന്നുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്. നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ ഖത്തര്‍ പീനല്‍ നിയമപ്രകാരം യുവതിക്ക് 15 വര്‍ഷം വരെ തടവാണ് ലഭിക്കുക. രാജ്യാന്തര ജുഡീഷ്യല്‍ സഹകരണത്തില്‍ യുവതിയെ അറസ്റ്റു ചെയ്യാനുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിനാണ് ശുചിമുറിയിലെ മാലിന്യപെട്ടിയില്‍ പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കി കുഴിച്ചിട്ട നിലയില്‍ കുഞ്ഞിനെ കണ്ടെടുത്തത്. സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയാണ് ഉത്തരവിട്ടത്. അടിയന്തര മെഡിക്കല്‍ പരിചരണം നല്‍കിയ ശേഷം പെണ്‍കുഞ്ഞ് ശിശുപരിപാലന കേന്ദ്രത്തിന്റെ സംരക്ഷണത്തിലാണ്. 

MORE IN GULF
SHOW MORE
Loading...
Loading...