കുടവയറിനും കഷണ്ടിക്കും ‘ഒറ്റമൂലി’; ലക്ഷ്യം പ്രവാസികള്‍; പലര്‍ക്കും ധനനഷ്ടം; ജാഗ്രത

medicine-fraud
SHARE

പലരേയും അസ്വസ്ഥപ്പെടുത്തുന്ന സംഗതിയാണ് കുടവയറും കഷണ്ടിയും. ഇവയെ പടിക്കു പുറത്താക്കാന്‍ പടിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് ആളുകള്‍. എന്നാല്‍ പലപ്പോഴും ചെന്നു വീഴുന്നത് കെണിയിലായിരിക്കും. യുഎഇയിലും സ്ഥിതി വ്യത്യസ്തമല്ല. 

ബർദുബായും സമീപ മേഖലകളുമാണ് തട്ടിപ്പുകാരുടെ കേന്ദ്രങ്ങൾ. ഇവരുടെ വാക്കിൽ വീണുപോയ പലർക്കും പണം നഷ്ടപ്പെട്ടു. ചില ചെറുകിട കച്ചവടക്കാരുമായി സഹകരിച്ചാണ് തട്ടിപ്പ്.

അറേബ്യൻ ഒറ്റമൂലികളെക്കുറിച്ചും മറ്റും വിശദീകരിച്ച് കടകളിലെത്തിച്ച്   ഇവർ സ്ഥലം വിടും. കടക്കാരിൽ നിന്ന് ഇവർക്ക് കമ്മിഷനും കിട്ടും. ഹിന്ദിയും ഇംഗ്ലിഷും ആകർഷകമായി  സംസാരിക്കുന്നതാണ് തട്ടിപ്പുകാരുടെ മറ്റൊരു പ്രത്യേകത. കച്ചവടക്കാരൻ പലതരം പൊടികളും  എണ്ണകളും പരിചയപ്പെടുത്തുന്നു. പൊടികൾ കഴിക്കുകയും എണ്ണ തലയിൽ പുരട്ടുകയും ചെയ്താൽ ഏതാനും ആഴ്ചകൾക്കുള്ളിൽ സമൃദ്ധമായി മുടിവരുമെന്നാണ് വാഗ്ദാനം.

ആഴ്ചകളോളം മരുന്നു കഴിച്ചിട്ടും മുടി വളരാതായതോടെയാണ് പലർക്കും തട്ടിപ്പു മനസ്സിലായത്. നാണക്കേടു ഭയന്ന് ആരും പരാതിപ്പെടാത്തതും തട്ടിപ്പുകാർക്ക് അനുഗ്രഹമാകുന്നു. ഇത്തരം കച്ചവടങ്ങൾക്ക് ബിൽ ഉണ്ടാകില്ല. തിരക്കേറിയ മേഖലകളിലെ ചെറിയ കടകൾ കണ്ടുപിടിക്കുന്നത്  എളുപ്പമല്ലെന്നു  മാത്രമല്ല  അവിടെ പഴയ കച്ചവടക്കാരൻ ഉണ്ടാകണമെന്നുമില്ല.  

വിലയ്ക്കു വാങ്ങരുത്, രോഗങ്ങൾ

∙ യുഎഇയിൽ അനധികൃത മരുന്നു വിൽപന ഗുരുതര നിയമ ലംഘനമാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാർമസികളിൽ നിന്നു മരുന്നു നൽകരുതെന്നാണു ചട്ടം.

∙ ആശുപത്രികളിലും ക്ലിനിക്കുകളിലും   കൈകൊണ്ടെഴുതിയ  കുറിപ്പടികൾ അനുവദിക്കില്ല.  പകരം പ്രിന്റ് ചെയ്തവ നൽകണം.

∙ രോഗിയുടെയും ഡോക്ടറുടെയും പേരുകൾ, മരുന്നിന്റെ പേരും അളവും, ഡോക്ടറുടെ ഒപ്പ്, തീയതി എന്നിവ കുറിപ്പടിയിൽ ഉണ്ടാകണം.

∙ വ്യാജമരുന്നുകളുടെ വിൽപനയ്ക്ക് ഒരുവർഷം തടവും 5 ലക്ഷം ദിർഹം  പിഴയുമാണു ശിക്ഷ.  കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും. വ്യാജ ലൈസൻസ് ഉപയോഗിച്ചതായി തെളിഞ്ഞാൽ ഫാർമസിസ്റ്റിന്   2 വർഷം  തടവും 2 ലക്ഷം ദിർഹം പിഴയും ലഭിക്കും.

വ്യാജൻ വില്ലൻ

∙ വ്യാജ മരുന്നുകൾ ഗുരുതര ആരോഗ്യപ്രശ്നമുണ്ടാക്കും. അവയവങ്ങളുടെ പ്രവർത്തനത്തെ വരെ  ബാധിക്കും  

∙ ഹെയർ ഡൈയും മറ്റും വാങ്ങുമ്പോൾ കാലാവധി നോക്കണം.

∙ ചതിയിൽപ്പെട്ടാൽ മറച്ചുവയ്ക്കാതെ അധികൃതരെ കൃത്യമായി അറിയിക്കുക.

ആളും തരവും നോക്കി കെണിയൊരുക്കും

വർഷങ്ങളായി ദുബായിൽ താമസിക്കുന്ന മാവേലിക്കര സ്വദേശിയും കഴിഞ്ഞദിവസം തട്ടിപ്പിനിരയായി. മിനാ ബസാറിനു സമീപം, മാന്യനെന്നു തോന്നിക്കുന്ന ഉത്തരേന്ത്യക്കാരൻ  സൗഹൃദം നടിച്ച് അടുത്തുകൂടി. പല കാര്യങ്ങളും സംസാരിക്കുന്നതിനിടെ, 'വയർ വളരെ കൂടുതലാണല്ലോ, കുറച്ചില്ലെങ്കിൽ അപകടമാണ്' എന്നു പറഞ്ഞ് വിഷയത്തിലേക്കു കടന്നു.

തനിക്കും ഇതുപോലെ വയറുണ്ടായിരുന്നെന്നും  ഒറ്റമൂലികൾ കഴിച്ചതോടെ പൂർണമായും ഇല്ലാതായെന്നും പറഞ്ഞ് മൊബൈൽ ഫോണിൽ പഴയ ചിത്രങ്ങൾ കാണിച്ചു. മരുന്നു കഴിച്ചു വയർ കുറച്ച അയാളുടെ കൂട്ടുകാരുടെ ചിത്രങ്ങളും  കാണിച്ചതോടെ വിശ്വാസമായി. ചില നാട്ടുമരുന്നുകളുടെ പേരും ചേരുവകളും ഇയാൾ വിശദീകരിച്ചു. ഇതു കിട്ടുന്ന ഏതാനും കടകൾ സമീപത്തുണ്ടെന്നും താൻ മരുന്നു വാങ്ങിയ കട വേണമെങ്കിൽ കാണിച്ചുതരാമെന്നും പറഞ്ഞപ്പോൾ സമ്മതിച്ചു. കടയിലെത്തിച്ച ശേഷം ഇയാൾ മടങ്ങി.

കടക്കാരൻ പലതരം പൊടികൾ  കൂട്ടിക്കലർത്തി ചെറു ഡപ്പികളിലാക്കി നൽകി. വില കേട്ടപ്പോൾ ഞെട്ടി-900 ദിർഹം (ഏകദേശം 18,000 രൂപ). അത്രയും പണം കയ്യിൽ ഇല്ലെന്നും പോയിട്ടുവരാമെന്നു പറഞ്ഞെങ്കിലും സമ്മതിച്ചില്ല. മരുന്നുകൾ മിക്സ് ചെയ്തു പോയെന്നും തിരികെ വന്നില്ലെങ്കിൽ വലിയ നഷ്ടമുണ്ടാകുമെന്നും പറഞ്ഞു. അടുത്തുള്ള എടിഎമ്മിൽ നിന്നു വേഗം പണമെടുക്കാനും നിർബന്ധിച്ചു. പുറത്തിറങ്ങി സുഹൃത്തിനെ  വിളിച്ചു കാര്യം പറഞ്ഞപ്പോൾ താൻ വരാതെ പണം കൊടുക്കരുതെന്ന് പറഞ്ഞു.

അദ്ദേഹം എത്തി മരുന്നൊന്നും വേണ്ടെന്നു പറഞ്ഞപ്പോൾ കടക്കാരന്റെ മട്ടുമാറി. തിരികെ ശബ്ദമുയർത്തി അറബിക്കിൽ സംസാരിക്കുകയും പൊലീസിനെ അറിയിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ കടക്കാരൻ വിരണ്ടു. അടുത്ത കടകളിലെ ചിലർ ഒത്തുതീർപ്പുമായി എത്തി. പകുതി പണം തിരികെ  നൽകാമെന്നു പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഒടുവിൽ 700 ദിർഹം കിട്ടി. 200 ദിർഹം നഷ്ടം. കഷണ്ടി  മാറ്റാമെന്നു വിശ്വസിപ്പിച്ചാണ് കണ്ണൂർ തളിപ്പറമ്പ് സ്വദേശിയെ തട്ടിപ്പുകാരൻ സമീപിച്ചത്. എന്നാൽ  തന്റെ സുഹൃത്തായ പൊലീസുകാരനും മരുന്നുവേണമെന്നും അയാളെ വിളിക്കാമെന്നും പറഞ്ഞതോടെ  തട്ടിപ്പുകാരൻ പരിഭ്രാന്തനായി വേഗം നടന്നു.

പിന്നാലെ പോയെങ്കിലും ഇടവഴിയിലൂടെ തട്ടിപ്പുകാരൻ ഓടി രക്ഷപ്പെട്ടു. വെള്ളെഴുത്ത് മാറ്റാമെന്ന് പറഞ്ഞാണ് തട്ടിപ്പുകാരൻ പന്തളം സ്വദേശിയെ സമീപിച്ചത്. 2 മാസം തുടർച്ചയായി മരുന്നു കഴിച്ചാൽ കണ്ണാടി മാറ്റാമെന്നും പറഞ്ഞു. സംശയം തോന്നിയ മൊബൈലിൽ ഫോട്ടോയെടുക്കുന്നതായി ഭാവിച്ചതോടെ തട്ടിപ്പുകാരൻ കടന്നുകളഞ്ഞു. പലർക്കും  സമാന അനുഭവങ്ങളുണ്ടായി.

MORE IN GULF
SHOW MORE
Loading...
Loading...