സാമ്പത്തികക്രമക്കേട്; വ്യവസായി ബി.ആർ.ഷെട്ടി വീണ്ടും യുഎഇയിലേക്ക്

br-shetty
SHARE

യുഎഇയിൽ സാമ്പത്തികക്രമക്കേട് നടത്തിയെന്ന ആരോപണങ്ങൾക്കിടെ നാട്ടിലെത്തിയ വ്യവസായി ബി.ആർ.ഷെട്ടി വീണ്ടും യുഎഇയിലേക്ക് മടങ്ങാനൊരുങ്ങുന്നു. കമ്പനിയിൽ തട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് ബി.ആർ.ഷെട്ടി പറഞ്ഞു. എൻ.എം.സി ഹെൽത്ത് കെയർ, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ബി.ആർ.ഷെട്ടി കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. 

ബി.ആർ.ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരിമൂല്യം പെരുപ്പിച്ചുകാട്ടിയെന്നും വൻസാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമുള്ള പരാതിയുയർന്ന സാഹചര്യത്തിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷെട്ടി ഇന്ത്യയിലേക്ക് മടങ്ങിയത്. സഹോദരൻറെ രോഗാവസ്ഥയെത്തുടർന്നാണ് നാട്ടിലേക്ക് മടങ്ങിയതെന്നായിരുന്നു വിശദീകരണമെങ്കിലും പിന്നീട് കേട്ടത് വലിയ സാമ്പത്തികക്രമക്കേടുകളുടെ വാർത്തയായിരുന്നു. തുടർന്ന് ഷെട്ടിയുടെ ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിക്കാൻ ഏപ്രിലിൽ യുഎഇ സെൻറ്രൽ ബാങ്ക് നിർദേശിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് യുഎഇയിലേക്ക് തിരിച്ചുവരുമെന്ന് ബി.ആർ.ഷെട്ടി അറിയിച്ചത്. യുഎഇയിലെ നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും സത്യം ബോധ്യപ്പെടുത്താനാകുമെന്നും ഷെട്ടി പ്രസ്താവനയിൽ പറഞ്ഞു.

തട്ടിപ്പ് നടത്തിയ രണ്ട് സി.ഇ.ഒമാരുൾപ്പെടെയുള്ളവർക്കെതിരെ ഇന്ത്യയിൽ നിയമനടപടി തുടങ്ങി. തട്ടിപ്പിലൂടെ വലിയ നഷ്ടമുണ്ടായതായും കമ്പനിക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടായതായും ഷെട്ടി പറഞ്ഞു. കമ്പനിയിലെ ജീവനക്കാരാണ് ചതിച്ചതെന്ന് ഷെട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.

MORE IN GULF
SHOW MORE
Loading...
Loading...