വിജയ്‌യുടെ ആവശ്യം അംഗീകരിച്ചു; അനർഘനിമിഷത്തിനു സാക്ഷിയായി ദുബായ് ഇന്ത്യൻ സ്കൂൾ

vijay-radhika
SHARE

ദുബായ്: പ്രാണേശ്വരിയെ ജീവിതത്തിലേയ്ക്ക് സ്വാഗതമരുളാൻ മുംബൈ സ്വദേശിയായ യുവാവ് തിരഞ്ഞെടുത്തത് ഇരുവരും ആദ്യം കണ്ടുമുട്ടിയ വിദ്യാലയമുറ്റം. ദുബായ് ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥികളായ വിജയ് വലേചയും പ്രാണസഖി രാധികാ ദോഷിയുമാണ് ജീവിതത്തിലെ അനർഘനിമിഷം സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചത്.

സ്കൂൾ കാലം മുതൽ പ്രണയത്തിലായിരുന്ന ഇരുവരും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിച്ചപ്പോൾ അതിന് തുടക്കമിടേണ്ടത് തങ്ങൾ ആദ്യം സംഗമിച്ച ദുബായ് ഇന്ത്യൻ സ്കൂൾ മൈതനമാകണം എന്ന് തീരുമാനിച്ചത് വിജയ് ആയിരുന്നു. പൂർവ വിദ്യാർഥിയുടെ ആവശ്യം സ്കൂൾ അധികൃതരും അംഗീകരിച്ചതോടെ അപൂര്‍വസുന്ദരമായ മുഹൂർത്തത്തിന് മൈതാനം സാക്ഷിയായി. പൂർണമായും കോവി‍ഡ്19 പ്രോട്ടോകോൾ അനുസരിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

പൂക്കളും ബലൂണുകളും കൊണ്ട് അലങ്കരിച്ച സ്കൂൾ മൈതാനത്ത് നിന്ന് വിജയ് രാധികയോട് പ്രണയാതുരനായി ആരാഞ്ഞു: എന്നെ വിവാഹം കഴിക്കാമോ? ഇത്തിരി നാണത്തോടെ പ്രിയതമ രാധിക സമ്മതം മൂളിയതോടെ ചരിത്രത്തിലിടം പിടിക്കുന്ന സംഭവത്തിന് സ്കൂൾ സാക്ഷിയായി

പ്രണയം മൊട്ടിട്ട സ്വപ്നസുന്ദരയിടം

ദാമ്പത്യ ജീവിതത്തിലേയ്ക്ക് പ്രവേശിക്കാൻ സമയമായെന്ന് തിരിച്ചറിഞ്ഞപ്പോൾ വിജയ് ചിന്തിച്ചത്, അത് തങ്ങൾ ആദ്യം കണ്ടുമുട്ടിയ വിദ്യാലയ മുറ്റത്ത് തന്നെ ആയിരിക്കണമെന്നായിരുന്നു. എന്നാൽ ഇത് രാധികയെ അറിയിച്ചിരുന്നില്ല. ഒടുവിൽ മണവാട്ടിപ്പെണ്ണിന്റെ വസ്ത്രമണിഞ്ഞ് രാധിക എത്തിച്ചേർന്നത് 20 വർഷം താൻ പഠിച്ച ദുബായ് ഉൗദ് മെത് ഹയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൂളിലെ മനോഹരമായി അലങ്കരിച്ച മൈതാനത്തും. ഇരുവരും പിന്നീട് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ തങ്ങളുടെ വിവാഹം റജിസ്റ്റർ ചെയ്തു. 

കോവിഡ് അകറ്റിയെങ്കിലും ദുബായ് ഒന്നിപ്പിച്ചു

ദുബായിലെ വിദ്യാഭ്യാസത്തിന് ശേഷം രാധിക ഹോംകോങ്ങിലേയ്ക്കും വിജയ് മുംബൈയിലേയ്ക്കും പോയി. എന്നാൽ, തങ്ങളുടെ പ്രണയ ബന്ധം ഇരുവരും ശക്തമായി തുടര്‍ന്നു. കോവി‍ഡിനെ തുടർന്ന് ഇരുവരും പരസ്പരം കാണാതെ 6 മാസം കഴിഞ്ഞതായി വിജയ് പറഞ്ഞു. രാധികയേക്കാൾ ഒരു വയസിന് ഇളപ്പമുള്ളതിനാൽ ഇരുവരുടെയും കുടുംബങ്ങൾ ആദ്യം കൗമാര പ്രണയ ചാപല്യം എന്ന് പറഞ്ഞു ഇൗ ബന്ധത്തെ എതിർത്തിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ഗൗരവതരമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അംഗീകരിച്ചു. 35കാരനായ വിജയ് സെഞ്ച്വറി ഫിനാൻഷ്യലിൽ ചീഫ് ഇൻവെസ്റ്റ്മെൻ്റ് ഒാഫീസറും 36കാരിയായ രാധിക എസ് എസ് ബിസിയിൽ ചീഫ് കൺട്രോൾ ഒാഫീസറുമാണ്.

MORE IN GULF
SHOW MORE
Loading...
Loading...