രണ്ടാം ഹണിമൂണിന് നിര്‍ബന്ധിച്ച് ആന്റി ബാഗ് കൊടുത്തു: ദമ്പതികള്‍ ഖത്തര്‍ ജയിലിൽ

couple-arrested-representational-image.jpg.image.845.440
SHARE

രണ്ടാമതൊരു ഹണിമൂൺ ട്രിപ്പിനു പോകാൻ മുംബൈക്കാരായ മുഹമ്മദ് ഷരീഖും ഒനിബ ഖുറേഷിയും തയാറായിരുന്നില്ല. മാത്രമല്ല, പോകുന്നതിന് രണ്ടു ദിവസങ്ങൾക്കുമുൻപ് ഗർഭിണിയാണെന്ന് ഒനിബ തിരിച്ചറിഞ്ഞതോടുകൂടി പ്രത്യേകിച്ചും. എന്നാൽ ഷരീഖിന്റെ പിതാവിന്റെ പെങ്ങൾ, ട്രിപ്പിന്റെ ‘സ്പോൺസർ’ കൂടിയായ തബാസും റിയാസ് ഖുറേഷിയുടെ നിർബന്ധം സഹിക്കവയ്യാതെയാണ് ഇരുവരും ഖത്തറിലേക്ക് യാത്ര തിരിച്ചത്. കഴിഞ്ഞ ജൂലൈയിൽ ഖത്തറിലേക്കു പോയ അവർ ലഹരിമരുന്നായ ഹഷീഷ് കൈവശം വച്ചതിന് അവിടെ ജയിലിലായി. ഇതുവരെ പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല

‘നിനക്കും ഒനിബയ്ക്കും ഖത്തറിൽ അടിച്ചുപൊളിക്കാൻ വേണ്ടി കുറേയേറെപ്പണം ഞാൻ ചെലവഴിച്ചിട്ടുണ്ട്. യാത്ര ഇപ്പോൾ റദ്ദാക്കുകയാണെങ്കിൽ ധാരാളം പണം എനിക്കു നഷ്ടമാകും. ഗർഭിണികൾക്ക് യാത്ര ചെയ്യാനാകില്ലെന്നാണോ നീ പറയുന്നത്’ – തബാസും മരുമകനായ ഷരീഖിനോടു അന്ന് തിരിച്ചുചോദിച്ചു. അവസാനം നിർബന്ധം സഹിക്കവയ്യാതെ അവർ യാത്ര പോകാൻ തീരുമാനിച്ചു.

കാരിയർമാരായി; ജീവപര്യന്തം ശിക്ഷിച്ച് കോടതി

മുംബൈക്കാരായ അവർക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് ബെംഗളൂരുവിൽനിന്നായിരുന്നു. മുംബൈയിൽനിന്ന് എസി ബസിൽ ബെംഗളൂരുവിലെത്തി കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അവർ വിമാനത്തിൽകയറി.

‘വീട്ടിൽനിന്ന് തിരിക്കുംമുൻപ് തബാസും ഒരു ബാഗ് അവർക്കു നൽകി പുകയിലയാണെന്നും ഖത്തറിലെ ഹോട്ടൽ മുറിയിൽ എത്തിക്കഴിയുമ്പോൾ ഒരാൾ വന്ന് അതു വാങ്ങിക്കൊള്ളുമെന്നും പറഞ്ഞു’ – ഒനിബയുടെ അമ്മ പർവീൺ ഖുറേഷി ദേശീയമാധ്യമത്തോടു പറഞ്ഞു.

2019 ജൂലൈ 6നാണ് ഇരുവരും ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. ഹണിമൂൺ ട്രിപ്പിനെത്തിയ ഇവര്‍ക്കു നേരിടേണ്ടി വന്നത് ലോക്കപ്പും തടവും തീർത്താൽതീരാത്ത മാനസിക ബുദ്ധിമുട്ടുകളും. എല്ലാം അവസാനനിമിഷം തബാസും ഏൽപ്പിച്ച ബാഗ് കാരണം.

4.1 കിലോ ഹഷീഷ് ആയിരുന്നു ബാഗിലുണ്ടായിരുന്നത്. ഷരീഖും ഒനിബയും ഒന്നുമറിയാതെ ലഹരികടത്തുകാരുടെ കാരിയർമാർ ആകുകയായിരുന്നു. തങ്ങൾ അറിഞ്ഞുകൊണ്ടല്ല ഇതൊന്നുമെന്ന് ദമ്പതികൾ വാദിച്ചെങ്കിലും ഖത്തറിലെ സുപ്രീം ജുഡീഷ്യറി കൗൺസിൽ അവരെ കുറ്റക്കാരായി കണ്ടെത്തി. ഡിസംബറിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ജയിലിൽ വച്ച് ഒനിബ ഈവർഷം ആദ്യം ആയത് ഖുറേഷി എന്ന പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

കുടുക്കിയവർ എൻസിബി കസ്റ്റഡിയിൽ

2018 മേയിലായിരുന്നു ഇവരുടെ കല്യാണം. ഇരുവർക്കും 29 വയസായിരുന്നു. ജാപ്പനീസ് ഫിനാൻഷ്യൽ ടെക്നോളജി കമ്പനിയായ ഹ്യോസുങ്ങിന്റെ അഡ്മിനിട്രേറ്റീവ് കൺസൾട്ടന്റായിരുന്നു ഷരീഖ്. അറസ്റ്റിന് തൊട്ടുമുന്‍പ് ജോലിയിൽ സ്ഥാനക്കയറ്റത്തിന് അർഹനായിരിക്കുകയായിരുന്നു ഷരീഖ്. മുബൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ അസിസ്റ്റന്റ് മാനേജർ ആയിരുന്ന ഒനിബ കല്യാണത്തോടെയാണ് ജോലി വിട്ടത്. കല്യാണത്തിനു പിന്നാലെ തന്നെ ബാങ്കോക്കിൽ ഇവർ ആദ്യ ഹണിമൂൺ ആഘോഷിച്ചിരുന്നു.

‘ഒനിബയ്ക്കു പോകാൻ താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ ഷരീഖിന്റെ ആന്റി നിർബന്ധംപിടിച്ചു. കല്യാണ സമ്മാനമായാണ് ഈ ട്രിപ്പെന്നാണ് അവർ പറഞ്ഞത്. അത്രയുമായപ്പോൾ ഞാനും പറഞ്ഞു പൊയ്ക്കോളാൻ. ഞാൻ അവളെ പോകാൻ അനുവദിക്കരുതായിരുന്നു’ – ഒനിബയുടെ മാതാവ് പറയുന്നു.

മക്കളെ പുറത്തെത്തിക്കുന്നതിനായി ഇരുവരുടെയും വീട്ടുകാർ പ്രധാനമന്ത്രിയുടെ ഓഫിസ്, കേന്ദ്ര മന്ത്രി, നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) എന്നിവർക്കു കത്തെഴുതിയിരുന്നു. തബാസുമിനും അവരുടെ പങ്കാളിയായ നിസാം കാരയ്ക്കുമെതിരെ ഒനിബയുടെ പിതാവ് ഷക്കീൽ അഹമ്മദ് ഖുറേഷി എൻസിബിക്ക് 2019 സെപ്റ്റംബർ 27ന് പരാതി നൽകിയിരുന്നു. തബാസും ദമ്പതികളെ ഫോൺ ചെയ്ത് ഖത്തറിനു പോകാൻ നിർബന്ധിക്കുന്നതിന്റെ ഫോൺ കോൾ രേഖകളും മറ്റും പരാതിക്കൊപ്പം സമർപ്പിക്കുകയും ചെയ്തു. മാസങ്ങൾക്കുശേഷം ലഹരിമരുന്നു കടത്ത് സിൻഡിക്കേറ്റ് നടത്തിയതിന്റെ പേരിൽ ആറുപേരെ എൻസിബി അറസ്റ്റ് ചെയ്തു. ഒക്ടോബർ 14ന് കാരയെയും എൻസിബി അറസ്റ്റ് ചെയ്തു. ഷരീഖിനെയും ഒനിബയെയും അവരറിയാതെ കാരിയർമാരാക്കുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചതായി എൻസിബി ഡപ്യൂട്ടി ഡയറക്ടർ കെ.പി.എസ്. മൽഹോത്ര അറിയിച്ചു. ഇതേത്തുടർന്ന് കേന്ദ്രസർക്കാരും എൻസിബിയും ഖത്തറിലെ ഇന്ത്യൻ എംബസിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ കുടുംബത്തെ സഹായിക്കുന്നുണ്ട്.

‘സർക്കാരിനോട് വളരെയധികം കടപ്പാടുണ്ട്. ജൂഡീഷ്യൽ പ്രക്രീയയ്ക്കു പിന്നാലെയാണ് ഞങ്ങൾ. കോവിഡ് മൂലം 6–7 മാസങ്ങൾ ഞങ്ങൾക്കു നഷ്ടമായി. അപ്പീൽ ഫയൽ ചെയ്തു കഴിഞ്ഞാൽ ഒനിബയും ഷരീഖും തെറ്റുകാരല്ലെന്നും അവരെ കുടുക്കിയവർ എൻസിബിയുടെ കസ്റ്റഡിയിൽ ആയിട്ടുണ്ടെന്നുള്ള വസ്തുതയും ഖത്തറിലെ കോടതി കണക്കിലെടുക്കുമെന്നാണ് വിശ്വസിക്കുന്നത്’ – പർവീൺ പറയുന്നു.

അതേസമയം, ലഹരിമരുന്ന് ഇടപാടുകാരുടെ കുടുക്കിൽപ്പെട്ട് സമാന അനുഭവവുമായി ജയിലിൽ കഴിയുന്ന മറ്റുള്ളവരെയും ദമ്പതികൾ കണ്ടതായി പർവീൺ പറഞ്ഞു.

മുംബൈ, പുണെ, ബെംഗളൂരു വിമാനത്താവളങ്ങളിൽനിന്നാണ് ഖത്തറിലേക്ക് ലഹരിമരുന്നു കൂടുതൽ എത്തുന്നതെന്ന് മുംബൈയിലെ ഉദ്യോഗസ്ഥർ പറയുന്നത്. ഇതുപോലെ തെറ്റിദ്ധരിക്കപ്പെട്ട് പോകുന്നവരുടെ കൈവശം മറ്റെന്തെങ്കിലും എന്ന പേരിലാണ് ബാഗ് കൊടുത്തുവിടുന്നത്

MORE IN GULF
SHOW MORE
Loading...
Loading...