സന്ദർശക വിസക്കാർ റിട്ടേൺ ടിക്കറ്റും കരുതണം; കർശന നിർദ്ദേശവുമായി ദുബായ്

dubai-07
SHARE

ദുബായിലേക്ക് വരുന്ന സന്ദർശവീസയിലുള്ളവർ മടക്കയാത്രക്കുള്ള ടിക്കറ്റും കരുതണമെന്ന് നിർദേശം. ഇൻഷുറൻസ്, ബന്ധുക്കളുടേയോ താമസിക്കുന്ന ഹോട്ടലിന്റെ വിവരങ്ങൾ എന്നിവയും ദുബായ് എമിഗ്രേഷനിൽ കൈമാറണം. അതേസമയം, യാത്രാനിയമങ്ങൾ പാലിക്കാതെ ദുബായ് വിമാനത്താവളത്തിലെത്തിയ മലയാളികളടക്കമുള്ള യാത്രക്കാരെ പുറത്തിറങ്ങുന്നത് തടഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തേയുള്ള നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കുകയാണ് ദുബായ് വിമാനത്താവള അധികൃതർ. സന്ദർശക, വിനോദസഞ്ചാര വീസയിൽ ദുബായിലെത്തുന്നവർ യാത്ര പുറപ്പെടും മുൻപ് നിബന്ധനകളെല്ലാം ഉറപ്പാക്കണമെന്നാണ് നിർദേശം. 96 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, വീസകാലാവധി കഴിയുമ്പോൾ ദുബായിൽ നിന്ന് മടങ്ങിപ്പോകുന്നു എന്ന് ഉറപ്പുവരുത്തുന്ന മടക്കയാത്ര ടിക്കറ്റ്, ആരോഗ്യഇൻഷുറൻസ് എന്നിവ നിർബന്ധമായും കയ്യിലുണ്ടായിരിക്കണം. ക്വാറൻറീനിൽ കഴിയുന്നത്എവിടെയായിരിക്കും എന്ന കാര്യത്തിൽ വ്യക്തത വേണം. ഒപ്പം, ഒറ്റയ്ക്കാണ് താമസിക്കുന്നതെങ്കിൽ ക്വാറൻറീൻ അടക്കമുള്ള ചെലവിനുള്ള പണവും കരുതണം. 

സൌദിഅറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് പോകാനാകാത്തതിനാൽ ഒട്ടേറെ മലയാളികൾ ദുബായിൽ 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞ ശേഷമാണ് ഈ രാജ്യങ്ങളിലേക്ക് പോയിരുന്നത്. ഇങ്ങനെ ദുബായിലെത്തിയവരിൽ പലരും ടിക്കറ്റ് നിരക്ക് വർധനയും സീറ്റ് ലഭിക്കാത്തതും കാരണം വീസകാലാവധി കഴിഞ്ഞും ദുബായിൽ തങ്ങുന്നതായി അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽകൂടിയാണ് നിയമം കർശനമായി നടപ്പാക്കുന്നത്. അതേസമയം, യാത്രാ നിയമങ്ങൾ മാറിയതറിയാതെ സന്ദർശക വീസയിൽ ദുബായിലെത്തി വിമാനത്താവളത്തിൽ കുടുങ്ങിയ മുപ്പതോളം മലയാളികളിൽ അഞ്ചു പേർ പുറത്തിറങ്ങി. മറ്റുള്ളവർക്കും നിബന്ധനകൾ പാലിച്ച് ഉടൻ പുറത്തിറങ്ങാനാകുമെന്നാണ് കരുതുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...