വാതിലടച്ചിട്ടും ആസിഫലി സൗദിയിലെത്തി; ദുബായ് വഴി തുറന്നത് ഇങ്ങനെ

asif-3
SHARE

ലോക്ഡൗൺ മൂലം ആകാശ വാതിലുകൾ അടഞ്ഞപ്പോൾ അൽപം ചുറ്റിയാണെങ്കിലും സൗദിയിൽ എത്തിയ തിരൂരങ്ങാടി  ചെറുമുക്ക് സ്വദേശി ആസിഫലി സീഷാന് ആശ്വാസം. ഇന്ത്യക്കാർക്ക് നേരിട്ടു പ്രവേശനം ഇല്ലാത്തതിനാൽ ദുബായ് വഴിയാണ് സൗദിയിൽ എത്തിയത്. ഇതിനു തുണയായത്  മലയാള മനോരമ വാർത്തയും. കോവിഡ് മാനദണ്ഡം പാലിച്ച് 14 ദിവസം യുഎഇയിൽ താമസിച്ച് പുതിയ കോവിഡ് ടെസ്റ്റ് എടുത്താണ് ആസിഫലി ജിദ്ദയിൽ എത്തിയത്. സൗദിയുടെ കോവിഡ് നിയമങ്ങൾ പാലിച്ചതിനാൽ യാത്രയ്ക്ക് തടസ്സം ഉണ്ടായില്ലെന്ന് ആസിഫലി പറഞ്ഞു.

ഈ മാർഗത്തിൽ സൗദിയിൽ എത്തിയ ആദ്യ മലയാളിയാണ് അസിഫലി. അബഹയിലെ  കംപ്യൂട്ടർ കടയിൽ  സെയിൽസ്മാനായ  ആസിഫലി 2019 ഡിസംബറിലാണ് അവധിക്കു നാട്ടിലേക്കു പോയത്. ഏപ്രിലിൽ തിരിച്ചുവരാനായിരുന്നു പദ്ധതിയെങ്കിലും മാർച്ചിൽ രാജ്യാന്തര   സർവീസ് നിർത്തി. മേയിൽ 6 മാസത്തെ റീഎൻട്രി തീർന്നെങ്കിലും സൗദി 3 മാസത്തേക്കുകൂടി സൗജന്യമായി നീട്ടി നൽകിയിരുന്നു. ദുബായിലുള്ള സുഹൃത്ത് അൻസുൽ ആബിദിന്റെ നിർദേശപ്രകാരം   സെപ്റ്റംബർ 3ന് വിസിറ്റ് വീസയിൽ യുഎഇയിൽ എത്തി. സൗദിയിലേക്കു പോകാൻ സാധിച്ചില്ലെങ്കിൽ യുഎഇയിൽ ജോലി നോക്കാമെന്നുറച്ചു.

ദുബായിലും അബുദാബിയിലും ബന്ധുക്കളോടൊപ്പം കഴിഞ്ഞു വരുന്നതിനിടെയാണ് ഇന്ത്യക്കാർക്ക് ദുബായ് വഴി സൗദിയിലേക്ക് പോകാമെന്ന വാർത്ത കാണുന്നത്. തുടർന്ന് 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി വീണ്ടും കോവിഡ് ടെസ്റ്റ് എടുത്ത് സെപ്റ്റംബർ 28ന് ഫ്ലൈ ദുബായിൽ ജിദ്ദയിൽ എത്തുകയായിരുന്നു. എമിഗ്രേഷൻ കഴിഞ്ഞ് പുറത്തിറങ്ങുന്നതുവരെ ആശങ്ക ഉണ്ടായിരുന്നെങ്കിലും നിയമപ്രകാരമുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയതിനാൽ പ്രശ്നങ്ങൾ ഉണ്ടായില്ല.

ദുബായിലേക്കുള്ള വീസയും ടിക്കറ്റും  അൻസുൽ എടുത്തു നൽകിയതിനാൽ കാര്യമായ തുക ചെലവായില്ലെന്ന് ആസിഫലി പറഞ്ഞു. എന്നാൽ ബന്ധുക്കൾ ആരുമില്ലാതെ ഹോട്ടലിൽ കഴിയുന്നവർക്ക് അൽപം ചെലവേറും. ദുബായ് വഴി സൗദിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക പാക്കേജുമായി അൽഹിന്ദ് ഉൾപ്പെടെ ചില ട്രാവൽ ഏജൻസികൾ രംഗത്തുണ്ട്.  ദുബായിൽ 16 ദിവസത്തെ ഹോട്ടൽ താമസം, കോവിഡ് ടെസ്റ്റ് എന്നീ സൗകര്യങ്ങൾ അടക്കമാണ് പാക്കേജ്. യുഎഇ വിസിറ്റ് വീസയും യുഎഇയിലേക്കും സൗദിയിലേക്കുമുള്ള ടിക്കറ്റും  ഇവരിൽ നിന്നോ സ്വന്തമായോ എടുക്കാം

MORE IN GULF
SHOW MORE
Loading...
Loading...