നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ച് യുഎഇ; ചടങ്ങുകളിൽ 10 പേര്‍ മാത്രം

uae-covid
SHARE

കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ  വീണ്ടും  കടുപ്പിച്ച് യുഎഇ. വിവാഹം അടക്കം എല്ലാത്തരത്തിലുമുള്ള ഒത്തുചേരലുകളിലും 10 പേരിൽ കൂടുതലുണ്ടാകരുതെന്നാണ് മുന്നറിയിപ്പ്. രണ്ടാഴ്ചയ്ക്കിടെയുണ്ടായ കോവിഡ് കേസുകളിൽ 88ശതമാനവും സമ്പർക്കത്തിലൂടെയാണെന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഒരുമിച്ചുകൂടി രോഗവ്യാപനം വിളിച്ചുവരുത്തുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ദേശീയ അത്യാഹിത ദുരന്തനിവാരണസമിതി നിയന്ത്രണങ്ങൾ കടുപ്പിച്ചത്. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും 10 പേരിൽ കൂടാൻ പാടില്ലെന്നാണ് നിർദേശം. കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും ഉൾപ്പെടുന്ന ചെറിയ ഒത്തുചേരലുകൾക്ക് മാത്രമാണ് അനുമതി. എന്നാൽ വീടിന് പുറത്തുനിന്നുള്ളവരാണങ്കിൽ 24 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പാക്കണം. മരണ വീടുകളിലും 10 പേരിൽ കൂടാൻ പാടില്ല. മൃതദേഹം എടുത്തു കൊണ്ടുപോകാൻ‍ 6 പേരിൽ കൂടരുത്. സംസ്കാരത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം മുൻപും ശേഷവും അണുവിമുക്തമാക്കണം.

നിയമം ലംഘിച്ച് പൊതു, സ്വകാര്യ സ്ഥലങ്ങളിൽ ഒത്തു ചേർന്നവർക്ക് പിഴ ശിക്ഷയുണ്ടാകും. ആതിഥേയന് 10,000 ദിർഹവും പങ്കെടുത്തവർക്കെല്ലാം 5000 ദിർഹവുമാണ് പിഴ. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 3000 ദിർഹം നൽകേണ്ടിവരും. ക്വാറൻറീൻ നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴലഭിക്കാം. കുടുംബാംഗങ്ങളല്ലാതെ മൂന്നിലധികം പേർ വാഹനത്തിൽ യാത്ര ചെയ്താലും 3000 ദിർഹം പിഴ ഈടാക്കും.

MORE IN GULF
SHOW MORE
Loading...
Loading...