ആദ്യം കബളിപ്പിക്കുകയാണെന്ന് കരുതി; ഇന്ത്യക്കാരനെ തേടി 20 കോടി രൂപയുടെ ഭാഗ്യം

abudhabi-contest
SHARE

ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പിൽ ഇന്ത്യക്കാരന് വീണ്ടും സമ്മാനം. ദുബായിൽ താമസിക്കുന്ന പഞ്ചാബ് സ്വദേശി ഗുർപ്രീത് സിങ്ങിനാണ് 20 കോടിയിലേറെ രൂപ (10 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ചത്. കഴിഞ്ഞ മാസം 12നായിരുന്നു ഗുർപ്രീത് സിങ് സമ്മാനം നേടിയ 067757 നമ്പർ ടിക്കറ്റ് വാങ്ങിയത്. 

ഇന്ന് നടന്ന 219-ാം നറുക്കെടുപ്പിന് ശേഷം സമ്മാന വിവരം കൈമാറാൻ അധികൃതർ ഫോൺ വിളിച്ചപ്പോൾ ഇദ്ദേഹം ആദ്യം കബളിപ്പിക്കുകയാണ് എന്നാണ് കരുതിയത്. പിന്നീട് യാഥാർഥ്യമാണെന്ന് മനസിലാക്കിയപ്പോൾ, ഇൗ കോവിഡ് ദുരിത കാലത്ത് ലഭിച്ച വൻ സമ്മാനം ഏറെ സന്തോഷം പകരുന്നതായി പറഞ്ഞു.

ഇതാദ്യമായി ഇൗ നറുക്കെടുപ്പില്‍ ഏർപ്പെടുത്തിയ രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം ബൾഗേറിയൻ യുവതിക്ക് ലഭിച്ചു. ആകെയുള്ള പത്ത് സമ്മാനങ്ങളിൽ ഗ്രാൻഡ് പ്രൈസ് ഉൾപ്പെടെ ഏഴും ഇന്ത്യക്കാർക്കാണ്. ഇതിൽ ചിലർ മലയാളികളുമാണ്.

ബിഗ് ടിക്കറ്റ് അടക്കമുള്ള യുഎഇയിലെ നറുക്കെടുപ്പുകളിലെല്ലാം ഇന്ത്യക്കാരനാണ് പതിവായി സമ്മാനം സ്വന്തമാക്കാറുള്ളത്. ഒക്ടോബർ മൂന്നിന് നട‌ക്കുന്ന അടുത്ത നറുക്കെടുപ്പിൽ 12 ദശലക്ഷം ദിർഹമാണ് സമ്മാനം. ഇൗ മാസം 30 വരെ ഇതിന്റെ ടിക്കറ്റുകൾ വിൽപന നടത്തും.

500 ദിർഹമാണ് ഒരു ടിക്കറ്റിന്റെ വില. 1000 ദിർഹം നൽകി 2 ടിക്കറ്റെടുത്താൽ ഒരെണ്ണം സൗജന്യമായും ലഭിക്കും. വെബ്സൈറ്റ്: www.bigticket.ae. അബുദാബി, അൽ െഎൻ രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നും നേരിട്ടും വാങ്ങാം.

MORE IN GULF
SHOW MORE
Loading...
Loading...