കുടുംബത്തിലെ 5 പേർ കോവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജവാർത്ത; 2 പേർ അറസ്റ്റിൽ

covid-fake-news
SHARE

അബുദാബിയിൽ കുടുംബത്തിലെ അഞ്ച് പേർ കോവിഡ്–19 ബാധിച്ചു മരിച്ചു എന്ന വ്യാജ ടെലിവിഷൻ വാർത്തയുണ്ടാക്കിയ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ് അറസ്റ്റെന്ന് അധികൃതർ വ്യക്തമാക്കി.

തന്റെ കുടുംബത്തിലെ അഞ്ചു പേർ കോവിഡിനു കീഴടങ്ങിയതായി ഒരു യുവാവ് അബുദാബിയിലെ ഒരു ടെലിവിഷൻ ചാനൽ റിപ്പോർട്ടറോട് പറയുകയായിരുന്നു. വാർത്തയുടെ സത്യാവസ്ഥ അന്വേഷിക്കാതെ ചാനൽ റിപ്പോർട്ടർ ഉടൻ തന്നെ അത് സംപ്രേഷണം ചെയ്തു. അന്വേഷണത്തിൽ ഇതു വ്യാജമാണെന്നു കണ്ടെത്തുകയും റിപ്പോർട്ടറേയും വാർത്ത കൈമാറിയ യുവാവിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഇൗ വാർത്ത യുഎഇ സ്വദേശികളുടെയും പ്രവാസികളുടെയും ഇടയിൽ അകാരണമായ ഭീതി സൃഷ്ടിക്കാനും ആശങ്കയിലാഴ്ത്താനും കാരണമായതായി വ്യക്തമാക്കി. 

വളരെ അപകടം പിടിച്ച വാർത്തയാണിതെന്നും ആളുകളിൽ സുരക്ഷാ മുൻകരുതലുകളെയും നിയന്ത്രണങ്ങളെയും കുറിച്ചു സംശയം ജനിപ്പിക്കാനേ ഇതുപകരിക്കൂ എന്നും ഫെ‍ഡറൽ ഏജൻസി, ക്രൈസിസ് ഡിസാസ്റ്റർ പ്രോസിക്യൂഷൻ സർവീസ് ആക്ടിങ് ഡയറക്ടർ സാലെം അൽ സഅബി പറഞ്ഞു. വ്യാജ വാർത്തയുടെ ഉദ്ദേശ്യമെന്താണെന്ന് അന്വേഷിക്കുന്നതായും തങ്ങളുടെ ജീവനക്കാരനെതിരെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നടപടി സ്വീകരിച്ചതായും സസ്പെൻഷൻ നൽകുകയും അവസാനവട്ട മുന്നറിയിപ്പ് നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തതായും ചാനൽ ഉടമ അറിയിച്ചു. 

കോവിഡ് സംബന്ധിച്ച് നിരുത്തരവാദപരമായി വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളും നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അൽ സഅബി മുന്നറിയിപ്പ് നൽകി. സന്നിഗ്ധ ഘട്ടത്തിൽ ദേശീയ മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെയാണ് വാർത്തകൾ പ്രസിദ്ധീകരിക്കുന്നതെന്നും അല്ലാതെ പെരുമാറുന്ന സമൂഹ മാധ്യമങ്ങൾ ജനങ്ങളെ കൂടുതൽ പ്രയാസത്തിലാക്കുന്നതായും വ്യക്തമാക്കി. ദേശീയ സുരക്ഷയ്ക്ക് തന്നെ ആഘാതമേൽപിക്കുന്ന ഇത്തരം പ്രവർത്തികൾ വച്ചുപൊറുപ്പിക്കില്ലെന്നും കൂട്ടിച്ചേർത്തു.

MORE IN GULF
SHOW MORE
Loading...
Loading...