പ്രവാസികൾക്ക് ആശ്വസിക്കാം; ഖത്തറിലേക്ക് വിമാനസർവീസ് പുനരാരംഭിക്കുന്നു

quatar
SHARE

ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് വിമാനസർവീസ് പുനരാരംഭിക്കുന്നു. ഈ മാസം പതിനെട്ടു മുതലാണ് കേരളത്തിൽ നിന്നടക്കം ഖത്തറിലേക്ക് വിമാനസർവീസ് തുടങ്ങുന്നത്. ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകളുമുണ്ടാകും. ഇരുരാജ്യങ്ങളുടേയും വ്യോമയാനമന്ത്രാലയങ്ങൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.

യുഎഇക്ക് ശേഷം ഇന്ത്യയുമായി എയര്‍ ബബിള്‍ കരാറില്‍ ഒപ്പുവയ്ക്കുന്ന രണ്ടാമത്തെഗൾഫ് രാജ്യമാണ ്ഖത്തർ. ഈ മാസം 18 മുതൽ, അതായത് അടുത്ത ചൊവ്വാഴ്ച മുതൽ 31 വരെയായിരിക്കും കരാർ പ്രകാരമുള്ള വിമാനസർവീസ്. തുടർന്നും കരാർ നീട്ടുമെന്നാണ് സൂചന. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് മടങ്ങിപ്പോകാനാകാത്ത ആയിരക്കണക്കിന് പ്രവാസിമലയാളികൾക്കടക്കം ആശ്വാസകരമാണ് പുതിയ തീരുമാനം. ഖത്തർ എയർവെയ്സും ഇന്ത്യൻ വിമാനങ്ങളുമായിരിക്കും സർവീസ് നടത്തുന്നത്. ഇന്ത്യയിലുള്ള ഖത്തർ പൌരൻമാർ, സാധുതയുള്ള ഖത്തർ വീസയുള്ള ഇന്ത്യക്കാർ എന്നിവർക്കാണ് ഖത്തറിലേക്ക് പോകാൻ അനുമതിയുളളത്.  മടങ്ങിയെത്തുന്നവർ ഖത്തർ പൊതുജനാരോഗ്യമന്ത്രാലയത്തിൻറെ ക്വാറൻറീൻ വ്യവസ്ഥകൾ പാലിക്കണം.

ഖത്തർ എയർവെയ്സിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ യാത്രക്ക് 72 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കുടുംബത്തോടൊപ്പം വരുന്ന 12 വയസിനു താഴെയുള്ളവർക്ക് സർട്ടിഫിക്കറ്റ് വേണ്ട. ഇക്കാര്യത്തിലടക്കം കൂടുതൽ വ്യക്തമായ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് എയർഇന്ത്യ വ്യക്തമാക്കി. അതേസമയം, എയർലൈനുകളുടെ വെബ്സൈറ്റ്, അംഗീകൃത ഏജൻസികൾ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...