ഗർഭിണിയായ ഭാര്യയെ നാട്ടിലേക്ക് അയച്ചു; മരണം; നെഞ്ചു തകർന്ന് ആതിഫ്

pregnant-wife-dies
SHARE

കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന സന്തോഷവുമായാണ് ആതിഫ് മുഹമ്മദ് ഭാര്യ മനാൽ അഹമ്മദിനെ (25) നാട്ടിലേക്ക് യാത്രയാക്കിയത്. പക്ഷേ, ആ യാത്രസമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത ദുരന്തവും. ഗർഭിണിയായ കോഴിക്കോട് സ്വദേശിനി മനാൽ അബുദാബിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ആതിഫ് മുഹമ്മദിന്റെ അരികിൽ നിന്ന് അപകടമുണ്ടായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് യാത്രയായത്. ഭാര്യയെ പിരിയുന്ന വിരഹദുഃഖത്തോടെ മുറിയിലേയ്ക്ക് തിരിച്ചെത്തിയ ആതിഫിനെ പക്ഷേ, കാത്തിരുന്നത് പ്രിയതമയുടെ വിയോഗ വാർത്തയും. ഭാര്യയുടെ മുഖം അവസാനമായി കാണാനായി ആതിഫും തന്നോടൊപ്പമുണ്ടായിരുന്ന മാതാവ് സഫിയയും ഇന്ന് നാട്ടിലേയ്ക്ക് തിരിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിൽ ഭർത്താവിന്റെ അകിരിലെത്തിയ മനാൽ ഒാഗസ്റ്റ് 10ന് മുൻപ് സന്ദർശക വീസക്കാർ യുഎഇയിൽ നിന്ന് തിരിച്ചുപോകണമെന്ന നിയമമുള്ളതിനാലാണ് ഇന്നലെ മടക്കയാത്ര നടത്തിയത്. ഭാര്യയെ യാത്രയയച്ച ശേഷം പിതാവ് ഇസ്മായിലിനോടൊപ്പം അബുദാബിയിൽ തിരിച്ചെത്തിയപ്പോഴേയ്ക്കും ഞെട്ടിക്കുന്ന വാർത്തയെത്തി. താങ്ങാവുന്നതിലും അപ്പുറമായിരുന്നു അതെന്ന്  ഇസ്മായീൽ പറയുന്നു.

വിദ്യാ സമ്പന്നയായ മനാലിന് ജീവിതത്തിൽ ഒട്ടേറെ അഭിലാഷങ്ങളുണ്ടായിരുന്നു. യുവതിയുടെ പിതാവ് കഴിഞ്ഞ മാർച്ചിൽ അപകടത്തിൽ മരിച്ചിരുന്നു. 2019 ഒാഗസ്റ്റിലായിരുന്നു മനാലിന്റെയും ആതിഫിന്റെയും വിവാഹം. അജ്മാനിൽ ജോലി ലഭിച്ചതിനാൽ അടുത്തിടെ അങ്ങോട്ട് മാറിയിരുന്നു. ഫെബ്രുവരിയിലാണ് മനാൽ ഭർത്താവിനരികിലെത്തിയത്. ഇതിനിടെ മനാൽ ഗർഭിണിയാണെന്ന സന്തോഷവാർത്തയുമെത്തി. പ്രസവമടുക്കുമ്പോൾ നാട്ടിലേയ്ക്ക് പോകാനായിരുന്നു ആതിഫിന്റെയും ഉദ്ദേശ്യം. എന്നാൽ, അതിന് മുൻപേ വിധി ഇൗ യുവാവിൽ നിന്ന് പ്രിയപ്പെട്ടവളെ തട്ടിയെടുത്തു.

MORE IN GULF
SHOW MORE
Loading...
Loading...