‘പാവങ്ങൾക്ക് ഭക്ഷണം കൊടുക്കാന്‍ ഒരു സംഖ്യ ഏൽപ്പിച്ചു’; തീരാനൊമ്പരമായി ഷറഫു

sharaffu-wb
SHARE

മാസങ്ങളുടെ ആശങ്കയ്ക്കും വേദനയ്ക്കും തീർപ്പായെന്ന് കരുതി നാടണയാൻ കൊതിച്ചവരിൽ ചിലരുടെയെങ്കിലും  അന്ത്യയാത്രയായിരുന്നു അതെന്ന് വിശ്വസിക്കാൻ ഇപ്പോഴും പ്രയാസമാണ്. വിമാനദുരന്തത്തിൽ മരിച്ച ഷറഫു പിലാശേരി നാടിനും സുഹൃത്തുക്കൾക്കും തീരാവേദനയായി മാറുകയാണ്. പാവങ്ങൾക്ക് ഭക്ഷണം കൊടുക്കണമെന്ന് പറഞ്ഞ് ഒരു തുക നൽകിയാണ് പ്രിയസുഹൃത്ത് ഷറഫു യാത്രയായതെന്ന് സുഹൃത്ത് ഷാഫി പറക്കുള തന്റ ഫെയ്സ്ബുക്ക് പോസ്റ്റിൽ‍ വ്യക്തമാക്കി. തന്നെ കാണാൻ വന്നെന്നും അകാരണമായി  മുമ്പെങ്ങുമില്ലാത്ത തരത്തിൽ പ്രത്യേക ടെൻഷൻ തോന്നുന്നുവെന്ന് പറഞ്ഞ് ഷറഫു കരഞ്ഞെന്നും ഷാഫി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

‘ബാക്ക് ടു ഹോം’ എന്ന അടുക്കുറിപ്പോടെ വിമാനത്തിനുള്ളിൽ ഭാര്യക്കും മകൾക്കുമൊപ്പം ഇരിക്കുന്ന ചിത്രവും ഷറഫു പോസ്റ്റ് ചെയ്തിരുന്നു. അപകടത്തിൽ പരിക്കേറ്റ ഭാര്യ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. വർഷങ്ങളായി യുഎഇയിലുള്ള ഷറഫു ദുബായിലെ നാദകിലാണ് ജോലി ചെയ്തിരുന്നത്. നല്ലൊരു സൗഹൃദ വലത്തിനുടമയായ ഇദ്ദേഹത്തെ പുഞ്ചിരിച്ച മുഖത്തോടെയല്ലാതെ സുഹൃത്തുക്കൾ കണ്ടിരുന്നില്ല. സാമൂഹിക രംഗത്തും സജീവമായിരുന്ന ഷറഫു സമൂഹ മാധ്യമങ്ങളിലും നിറസാന്നിധ്യമായിരുന്നു. 

വിമാന അപകടമുണ്ടായ ഉടൻ തന്നെ ഷറഫുവിന്റെ യുഎഇയിലെ ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടലിലായിരുന്നു. മിക്കവരും നാട്ടിലേയ്ക്ക് വിളിച്ച് അപകട വിവരം ആരായുമ്പോഴും തങ്ങളുടെ പ്രിയ സുഹൃത്തിന് അപകടമൊന്നും പറ്റരുതേ എന്ന പ്രാർഥനയിലായിരുന്നു. എന്നാൽ എല്ലാവരെയും അതീവ ദുഃഖത്തിലാഴ്ത്തി മരിച്ചവരുടെ പട്ടികയിൽ ആദ്യം തന്നെ ഷറഫുവിന്റെ പേര് തെളിഞ്ഞു. ഇതോടെ സുഹൃത്തുക്കൾ പരസ്പരം ഫോൺ വിളിച്ച് സങ്കടം പങ്കുവച്ചു. അതോടൊപ്പം ഷറഫുവിന്റെ പ്രിയതമയെയും പൊന്നുമോളെയും കുറിച്ച് അന്വേഷണവും ആരംഭിച്ചു. അവർക്ക് അപകടമൊന്നും സംഭവിച്ചിട്ടുണ്ടാകരുതേ എന്ന പ്രാർഥനയിലാണ് എല്ലാവരും.

ഷറഫുവിന്റെ സുഹൃത്ത് ഷാഫി പറക്കുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം; 

എന്റെ കൂട്ടുകാരൻ ഷറഫു ഇന്നത്തെ ഫ്‌ലൈറ്റ് അപകടത്തിൽ മരണപ്പെട്ട വാർത്ത വളരെ വേദനയോടെയാണ് കേട്ടത്.. 

നാട്ടിലേക്ക് പുറപ്പെടും മുമ്പ് യാത്ര പറയാൻ എന്റെ ഹോട്ടലിൽ വന്നിരുന്നു.. 

എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെൻഷൻ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു..എന്തോ ഒരപകടം മുൻകൂട്ടി കണ്ടപോലെ.. 

പോകുന്ന സമയത് പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏല്പിച്ചിട്ടാണ് അവൻ പോയത്.. 

കൊറോണ സമയത്തും ഷറഫു പാവങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പൈസ ഏൽപ്പിച്ചിരുന്നു...

ഒരു വലിയ പുണ്യം ചെയ്തിട്ടാണ് ഷറഫു യാത്രയായത്.. അള്ളാഹു എന്റെ സുഹൃത്തിന്റെ സ്വദഖ സ്വീകരിക്കട്ടെ, അതിന്റെ പുണ്യം അള്ളാഹു അവന്റെ ഖബറിലേക്ക് എത്തിക്കട്ടെ..

ആമീൻ യാ റബ്ബൽ ആലമീൻ. 

ഷാഫി പറക്കുളം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...