വധുവായി ഒരുങ്ങിയിറങ്ങി; ഫോട്ടോയ്ക്കായി പോസ് ചെയ്തു; വൻ പൊട്ടിത്തെറി; വിഡിയോ

doctor3
SHARE

വിവാഹത്തിനായി ഒരുങ്ങി നിന്നതായിരുന്നു 29കാരി ഇസ്ര സെബ്ലാനീസ് എന്ന ഡോക്ടർ. സന്തോഷിക്കേണ്ട ദിനത്തിൽ വന്നെത്തിയതാകട്ടെ ഒരിക്കലും മറക്കാനാകാത്ത ദുരന്തവും. തൂവെള്ള ഗൗണില്‍ പുഞ്ചിരി തൂകി വിവാഹ ഫൊട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ പുഞ്ചിരിക്ക് മേല്‍ ആശങ്കയുടെ കാര്‍മേഘങ്ങള്‍ പതിച്ചു. സമീപ പ്രദേശങ്ങള്‍ പുകപടലങ്ങളാല്‍ നിറഞ്ഞു. നെഞ്ച് പിടച്ചു പോകും വിധം ഒരു  ശബ്ദം! 

ലെബനനിലെ ബെയ്‌റൂട്ടില്‍ നിന്നുള്ള വിഡിയോ ലോകത്തെ അമ്പരപ്പിക്കുമ്പോള്‍ അതിനു സാക്ഷിയാകേണ്ടി വന്നു എന്ന ഞെട്ടലാണ് ഇസ്രയ്ക്കുള്ളത്. ഇസ്രയുടെ ജീവിതത്തിലെ ഒരിക്കലും മറക്കാത്ത ദിനത്തിലാണ് ആ ദുരന്തം നടന്നതെന്നത് വിധിയുടെ നാടകീയത. ഇസ്രയുടെ വിവാഹഫോട്ടോഷൂട്ടിനിടയ്ക്കാണ് അടുത്തുള്ള കെട്ടിട്ടം സ്‌ഫോടനത്തില്‍ ഛിന്നഭിന്നമായത്. അതില്‍ നിന്നും ജീവനോടെ രക്ഷപെട്ടതിന്റെ അത്ഭുതത്തിലാണ് ഇസ്രയും ഭര്‍ത്താവും. ജീവിച്ചിരിക്കുന്നത് തന്നെ വലിയ കാര്യമെന്നാണ് ഇസ്ര സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഫൊട്ടോഷൂട്ട് വിഡിയോയും ഇസ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.  

യുഎസില്‍ ഡോക്ടറായ ഇസ്ര വിവാഹം പ്രമാണിച്ച് മൂന്നാഴ്ച മുമ്പാണ് ജന്മദേശമായ ലെബനനില്‍ എത്തുന്നത്. രണ്ടാഴ്ച മുന്‍പ് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങിയ വിവാഹ ദിനത്തിലാണ് ദുരന്തം അരങ്ങേറിയത്. വിവാഹ ചടങ്ങുകള്‍ക്കായി ഒരുങ്ങിയിറങ്ങിയ നിമിഷത്തില്‍ തന്നെ സ്‌ഫോടനം ഉണ്ടായി എന്നത് ഇസ്രയുടെ മനസിനെ ഉലച്ചു. 

ആ നിമിഷത്തില്‍ താന്‍ മരിക്കാന്‍ പോകുന്നു എന്നാണ് തനിക്ക് തോന്നിയതെന്ന് ഇസ്ര പറയുന്നു. 'എനിക്കു പിന്നില്‍ ഹേട്ടല്‍ ജനാലച്ചില്ലുകള്‍ തകര്‍ന്നുവീണു. വിവാഹ നിമിഷത്തിനുവേണ്ടി ഒരുക്കിവച്ചിരുന്ന പൂക്കളും തകര്‍ന്നു. ബൊക്കെകള്‍ ഒരു നിമിഷം കൊണ്ടു ചാരമായി മാറി.'- ഇസ്ര ഓര്‍ക്കുന്നു. സ്‌ഫോടനത്തില്‍ ഉണ്ടായതുപോലെ ഒരു ശബ്ദം താന്‍ ജീവിതത്തില്‍ ഒരിക്കലും കേട്ടിട്ടില്ലെന്ന് ഇസ്രയുടെ ഭര്‍ത്താവ് സുബെ പറയുന്നു.  വിവാഹത്തിനു വേണ്ടി സുബൈ മൂന്നാഴ്ച മുന്‍പാണ് വീട്ടില്‍ എത്തിയത്.

വിവാഹ വേഷത്തില്‍ നവ വധുവും വരനും നടക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ആ വലിയ ശബ്ദം. പിറ്റേന്ന് സ്‌ഫോടനത്തില്‍ മരിച്ചവരെക്കുറിച്ചും പരുക്കേറ്റവരെക്കുറിച്ചും അറിഞ്ഞപ്പോള്‍ ദൈവമേ ഞങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് ആശ്വാസത്തോടെ ഒരു നിമിഷം ഓര്‍ത്തുപോയെന്നും സുബെ പറയുന്നു.ബുധനാഴ്ചയാണ് പാസ്‌പോര്‍ട്ടും മറ്റു രേഖകളും എടുക്കാന്‍ ഇസ്ര ഹോട്ടലില്‍ വീണ്ടും എത്തിയത്. അപ്പോള്‍ അവര്‍ കണ്ടത് തകര്‍ന്നുകിടക്കുന്ന കെട്ടിടം. ബെയ്‌റൂട്ടിനെ ഇഷ്ടമാണെങ്കിലും അവിടെ ജീവിതം തുടരുന്നതു സുരക്ഷിതമല്ലെന്നാണ് ഇപ്പോള്‍ സുബെയ്ക്കു തോന്നുന്നത്. പാസ്‌പോര്‍ട് സംഘടിപ്പിച്ച് ഭാര്യയ്‌ക്കൊപ്പം അമേരിക്കയ്ക്കു പോക്കാനാണ് ബിസിനസുകാരനായ സുബൈയുടെ തീരുമാനം. എന്നാല്‍ എത്ര ദൂരെ പോയാലും തന്റെ മനസ്സില്‍ നിന്ന് സ്‌ഫോടനത്തിന്റെ കറുത്ത ദിവസം മായില്ലെന്ന് സുബൈയ്ക്ക് അറിയാം; ഇസ്രയ്ക്കും.

MORE IN GULF
SHOW MORE
Loading...
Loading...