അകാലത്തിൽപ്പൊലിഞ്ഞ മകന്റെ ഓർമയിൽ ദുബായിലെ ഈ പിതാവ് ചെയ്തത്

krishnakumar-charity
SHARE

ദുബായ്: യാത്രപറയുമ്പോഴാണ് സ്നേഹം അതിന്റെ ആഴം അറിയുന്നത് എന്ന് പ്രശസ്ത ലബനീസ് കവി ഖലീൽ ജിബ്രാൻ എഴുതിയിട്ടുണ്ട്. ആ വേർപാടിന്റെ വേദനയും സ്നേഹത്തിന്റെ ആഴവും അറിഞ്ഞ പിതാവാണ് ടി.എൻ. കൃഷ്ണകുമാർ. ആ പൊള്ളുന്ന അറിവ് അദ്ദേഹത്തെ എത്തിച്ചതാകട്ടെ സാമൂഹിക സേവനത്തിന്റെ പാതയിലും. അകാലത്തിൽ പൊലിഞ്ഞ മകന് സാമൂഹിക സേവനത്തിന്റെ ഓർമപ്പൂക്കൾ സമ്മാനിക്കുകയാണ് സ്നേഹമയിയായ ഈ പിതാവ്. സാമൂഹിക സേവനം ഏറെ ഇഷ്ടപ്പെട്ടിരുന്ന മകന് ഏറ്റവും യോജ്യമായ സ്മരണാഞ്ജലിയാണ് ഇതെന്ന് ഇരുവരെയും അറിയുന്നവർ പറയുന്നു.

കളിക്കൂട്ടുകാരനെപ്പോലെ നടന്ന ഇളയമകൻ രോഹിത് ഒരുനിമിഷം കൊണ്ട് ജീവിതത്തിൽ നിന്ന് മറഞ്ഞുപോയപ്പോൾ തോന്നിയ ശൂന്യതയും ഹൃദയം പൊടിഞ്ഞ വേദനയും സമൂഹത്തിനുള്ള നന്മ പ്രവർത്തികളിലൂടെ മറക്കുകയാണ് കൃഷ്ണകുമാർ. സാമ്പത്തിക ശേഷിയില്ലാത്തതുമൂലം നാട്ടിൽപ്പോകാനാകാതെ യുഎഇയിൽ കുടുങ്ങിയ 61 പേർക്കാണ് കൃഷ്ണകുമാർ ടിക്കറ്റെടുത്തു നൽകിയത്. ഏതാണ്ട് പതിനൊന്നര ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. അക്കാഫ് വൊളന്റിയർ ഗ്രൂപ്പിന്റെ ചാർട്ടേഡ് വിമാനങ്ങളിൽ അവർ നാടണഞ്ഞപ്പോൾ കൃഷ്ണകുമാറിനും കുടുംബത്തിനും ചാരിതാർഥ്യം. തങ്ങളുടെ മകൻ ആഗ്രഹിച്ചതുപോലെ സാധുക്കൾക്ക് സേവനം ചെയ്യാനായതിന്റെ അനൽപമായ സന്തോഷം. ഇനിയും ഏറെ നന്മകൾ ചെയ്യാനുള്ള പാഥേയവുമായി ഇത്.

കഴിഞ്ഞ ക്രിസ്മസ് നാളിലാണ് കൃഷ്ണകുമാറിന്റെയും ഗീതുവിന്റെ ഇളയമകനായ രോഹിത് (19)ദുബായിൽ വീടിന് സമീപം കാർ മരത്തിലേക്ക് പാഞ്ഞുകയറി മരിച്ചത്. യുകെയിൽ യൂണിവഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിൽ മൂന്നാം വർഷ മെഡിസിൻ വിദ്യാർഥിയായിരുന്ന രോഹിത് അവധിക്കെത്തിയതായിരുന്നു. വീടിന് വിളിപ്പാടകലെ മരണം തട്ടിയെടുത്തു.

ഷെയ്ഖ് ഹംദാൻ അവാർഡ് ജേതാവ് കൂടിയായ രോഹിത് ദുബായ് ഡിപിഎസിന്റെ അഭിമാനവുമായിരുന്നു. ഷെയ്ഖ് ഹംദാൻ അവാർഡ് ആദ്യമായി സ്കൂളിന് നേടിക്കൊടുത്ത മിടുക്കന്റെ ചിത്രം ഇപ്പോഴും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കാൻ എന്നും തൽപരനായിരുന്ന രോഹിത് പഠനത്തിന്റെ ഭാഗമായി നടത്തിയ സാമൂഹിക സേവനമാകട്ടെ ചെന്നൈയിലെ സിത്ത് ലിങ്കി വനത്തിലെ ആദിവാസികൾക്കിടയിലായിരുന്നു. 

ഡോ. റോജി ജേക്കബും പത്നിയും ആദിവാസികൾക്കായി നടത്തുന്ന ക്ഷേമപ്രവർത്തനങ്ങളിൽ ആഴ്ചകളോളം ആഹ്ലാദപൂർവം രോഹിത പങ്കാളിയായി. അതെക്കുറിച്ച് ഏറെ അഭിമാനത്തോടും സന്തോഷത്തോടും രോഹിത് പറഞ്ഞിരുന്നത് കൃഷ്ണകുമാർ ഇപ്പോഴും ഓർക്കുന്നു. മകന്റെ ഓർമകളിൽ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, വാക്കുകൾ മുറിഞ്ഞു. ഭാര്യ ഗീതുവാകട്ടെ ആ ഓർമകളിൽ നിന്ന് പൂർണമായും മോചിതയാകാൻ കഴിയാതെ വിഷമിക്കുകയാണ് ഇപ്പോഴും.

മുപ്പതു വർഷമായി ദുബായിലുള്ള തൊടുപുഴ സ്വദേശിയായ കൃഷ്ണകുമാർ ഒരു സ്വകാര്യ കമ്പനിയുടെ മാർക്കറ്റിങ് ആൻഡ് സെയിൽസ് വിഭാഗം തലവനാണ്. മകൻ പോയ വേദനയിൽ നിന്ന് മോചിതനാകാൻ കൂട്ടുകാർ അദ്ദേഹത്തെ നിർബന്ധപൂർവം ഒരോരോ കർമപദ്ധതികളിലേക്കും കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പോൾ.ടി.ജോസഫ് അടക്കമുള്ള സുഹൃത്തുക്കൾ അദ്ദേഹത്തെ ഇതിനായി പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് കൃഷ്ണകുമാർ കൂടി അംഗമായ അക്കാഫ് വൊളന്റിയർ ഗ്രൂപ്പിന്റെ ചാർട്ടേഡ് വിമാന പദ്ധതിയിൽ സഹകരിക്കുന്നത്. 

പണമില്ലാതെ ആളുകൾ നാട്ടിലേക്ക് മടങ്ങാനാകാതെ വിഷമിക്കുന്നതു കണ്ടപ്പോൾ അവർക്കായി ടിക്കറ്റ് സമ്മാനിക്കുകയായിരുന്നു. ഇനിയും മകന്റെ ഓർമയ്ക്കായി ഡിപിഎസ് സ്കൂളിലെ സമർഥരായ വിദ്യാർഥികൾക്കായി സ്കോളർഷിപ്പ് ഉൾപ്പടെയുള്ള പദ്ധതികൾ കൃഷ്ണകുമാർ ആലോചിക്കുന്നു. മൂത്ത മകൻ രാഹുൽ യൂണിവഴ്സിറ്റി ഓഫ് യോർക്കിൽ പബ്ലിക് ഹെൽത്തിൽ പിജി വിദ്യാർഥിയാണ്.

MORE IN GULF
SHOW MORE
Loading...
Loading...