സുരക്ഷിതമായി ഹജ് തീർഥാടനത്തിന് പരിസമാപ്തി; വാഴ്ത്തി ലോകാരോഗ്യസംഘടന

haj-now
SHARE

മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഹജ് തീർഥാടനത്തിന് സുരക്ഷിതത്വത്തോടെ പരിസമാപ്തി. തീർഥാടകരെല്ലാം താമസയിടങ്ങളിലേക്ക് മടങ്ങിപ്പോയിത്തുടങ്ങി. അതേസമയം, ഹജ് തീർഥാടനം സുരക്ഷിതമാക്കാൻ സൌദി അറേബ്യ സ്വീകരിച്ച നടപടികളെ ലോകാരോഗ്യസംഘടന പ്രശംസിച്ചു.

മഹാമാരിക്കിടയിലും  ഹജ് കർമം പൂർത്തീകരിച്ചതിൻറെ സന്തോഷത്തോടെ 160 രാജ്യക്കാരായ 1000 തീഥാടകർ പുണ്യനഗരിയിൽ നിന്ന് മടങ്ങി. ഇനി അഞ്ചു ദിവസത്തോളം താമസിടങ്ങളിൽ തീർഥാടകർ ക്വാറൻറീനിൽ കഴിയും. ഈ വർഷം തീർഥാടകരെല്ലാം ഹജ്ജിൻറെ അഞ്ചാം ദിനം തന്നെ കർമങ്ങൾ പൂർത്തിയാക്കി മടങ്ങിത്തുടങ്ങിയിരുന്നു. പരസ്പരം ഇടപഴകാൻ ഇടവരുത്താതെ 20 പേരടങ്ങുന്ന സംഘങ്ങളാക്കി ആരോഗ്യ, സുരക്ഷാ, ഹജ് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു തീർഥാടകർ കർമങ്ങൾ അനുഷ്ടിച്ചത്. സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്തിരുന്നു. തീർഥാടകരാരും കോവിഡ് രോഗബാധിതരല്ലെന്ന് ഉറപ്പുവരുത്തി. 

തീർഥാടകരുടെ എല്ലാ ചെലവുകളും ഇത്തവണ സൌജന്യമായിരുന്നു. കടുത്ത സുരക്ഷാ ക്രമീകരണങ്ങൾക്കും  കോവിഡ് മുന്കരുതലുകൾക്കും ഇടയിൽ അനധികൃത തീർഥാടകർ ആരും ഈ വർഷം പുണ്യ ഭൂമിയിൽ പ്രവേശിച്ചിട്ടില്ലെന്ന് ഹജ് സുരക്ഷാ സേനാ കമാന്റർ പറഞ്ഞു. അതേസമയം, കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിലും സുരക്ഷിതമായി ഹജ് തീർഥാടനം നടത്താൻ മുൻകൈയെടുത്ത സൌദിഅറേബ്യയെ ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനം അഭിനന്ദിച്ചു. പുതിയ സാഹചര്യവുമായി പൊരുത്തപ്പെടുന്നതിൻറെ ഭാഗമായി രാജ്യങ്ങൾക്ക് സ്വീകരിക്കാനാകുന്ന മാതൃകയാണ് സൌദിഅറേബ്യയുടേതെന്നും അദ്ദേഹം വ്യക്തമാക്കി. 

MORE IN GULF
SHOW MORE
Loading...
Loading...