മകളുടെ വിവാഹത്തിന് എത്താനായില്ല; അന്ന് തന്നെ രക്തം ദാനം ചെയ്ത് ജലാൽ

dubai1
SHARE

ജീവിതത്തിൽ ഒരിക്കലെങ്കിലും 'ഹീറോ' ആകണമെന്നായിരുന്നു  ദുബായ് ബെൽഹാസ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടറായ തൃശൂർ തൊയക്കാവ് പള്ളിപ്പാട്ട് ഹൗസിൽ ജലാലി(51)ന്റെ അഭിലാഷം. അത് യാഥാർഥ്യമായത് പക്ഷേ, മകളുടെ വിവാഹവുമായി ബന്ധപ്പെട്ടായത് നിയോഗമായിരിക്കാമെന്നാണ് ഇദ്ദേഹം കരുതുന്നത്. മഹാമാരിക്കാലത്ത് നാ‌‌ട്ടിൽ നടന്ന മൂത്ത മകൾ ജൗഹറയുടെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ മനോവേദന അകറ്റാൻ ശ്രമിച്ചത് അതേ ദിവസം ദുബായിൽ രക്തദാനം  നടത്തിയിട്ടും. തന്റെ സ്ഥാനത്ത് നിന്ന് ഇളയസഹോദരൻ അസീസ് കോഴിക്കോട് കൊടുവള്ളി സ്വദേശി റാഫിക്ക് ജൗഹറയെ കൈപിടിച്ച് ഏൽപിക്കുമ്പോൾ ജലാൽ  ദുബായ് ലത്തീഫ് ആശുപത്രിയിൽ രക്തദാനത്തിലായിരുന്നു. മകള്‍ക്കും മരുമകനും വേണ്ടിയുള്ള പ്രാർഥനയാണ് ഈ സത്കർമമെന്ന് ജലാൽ പറയുന്നു.

കഴിഞ്ഞ 20 വർഷമായി ബെൽഹാസ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന ജലാൽ ദുബായിലെ മലയാളി മാധ്യമപ്രവർത്തകർക്കടക്കം മൂവായിരത്തിലേറെ പേരെ വളയം പിടിക്കാൻ പഠിപ്പിച്ചു. ജലാൽ ആണെങ്കിൽ ആദ്യ ടെസ്റ്റിൽ തന്നെ ഡ്രൈവിങ് ലൈസൻസ് ലഭിച്ചിരിക്കും എന്നൊരു ഖ്യാതിയും ഇദ്ദേഹത്തിനുണ്ട്. വർഷങ്ങളോളം ദുബായിൽ  ഇദ്ദേഹത്തോടൊപ്പം കുടുംബം ഉണ്ടായിരുന്നു. മകൾ പത്താം തരം കഴിഞ്ഞപ്പോൾ കുടുംബം മടങ്ങി. തൃശൂർ മദർ കോളജിൽ സൈക്കോളജി രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ ജൗഹറയ്ക്ക് ദുബായിൽ ഇവന്റ് മാനേജ്മെൻ്റ് സ്ഥാപനത്തിൽ ഉദ്യോഗസ്ഥനായ റാഫിയുടെ വിവാഹാലോചന നേരത്തെ വന്നതായിരുന്നു. എന്നാൽ ബിരുദ പഠനത്തിന് ശേഷം ചടങ്ങ് നടത്താനായിരുന്നു തീരുമാനം. ഇതിനിടെ റാഫിയുടെ മാതാവ് രോഗബാധിതയായതോടെ വിവാഹം ഈ മാസം 1ന് ഉറപ്പിക്കേണ്ടിവന്നു. വിവാഹ ശേഷം തുടർപഠനം കോഴിക്കോട് നടത്തുമെന്ന് പുതുമാരൻ ഉറപ്പു നൽകിയതു ഇതിനു പിൻബലമായി. 

എന്നാൽ, വധുവിന്റെ പിതാവില്ലാതെ വിവാഹം നട‌ത്തുക എന്ന കുറവ് ആദ്യം കുടുംബക്കാർക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. ജൗഹറയും ഭാര്യ റാഹില, മറ്റു മക്കളായ ജസിയ, ജിഷാൻ എന്നിവരും ജലാലില്ലാതെ ഒന്നും നടക്കില്ലെന്ന നിലപാടിലായിരുന്നു. ജലാലിനും ആദ്യം ഇത് ഉള്‍കക്കൊള്ളാൻ സാധിച്ചില്ല. എന്നാൽ മകളുടെ ഭാവിയെ കരുതി ഒടുവിൽ സമ്മതിക്കുകയായിരുന്നു. 

latheef.jpg.image.845.440

''വിവാഹം പെട്ടെന്ന് നടത്താൻ തീരുമാനിച്ചതോടെ എന്റെ യാത്ര പ്രതിസന്ധിയിലായി. നാട്ടിലേയ്ക്ക് ചെല്ലുകയാണെങ്കിൽ 28 ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷമേ പുറത്തിറങ്ങാൻ പോലുമാകൂ. അത്രയും നാൾ കാത്തിരിക്കാൻ മണവാളനും കൂട്ടർക്കും ആകുമായിരുന്നില്ല. ജീവിതത്തിലെ‍ പ്രധാന മുഹൂർത്തങ്ങളിലൊന്നാണ്  കഴിഞ്ഞുപോയത് എന്നറിയാം. എന്നാൽ, ആ ദുഃഖം രക്തദാനത്തിലൂടെ മറികടന്നു''–ജലാൽ പറയുന്നു. പതിവായി രക്തം ദാനം ചെയ്യാറുള്ള  ഇദ്ദേഹത്തോടൊപ്പം ഇപ്രാവശ്യം സുഹൃത്തുക്കളായ സുനിൽ, നസ്റു, ജാഫർ എന്നിവരും പങ്കെടുത്തു. ഇവരെല്ലാം പക്ഷേ, ആദ്യമായാണ് രക്തം ദാനം ചെയ്യുന്നത്. സംഭവമറിഞ്ഞ് യുഎഇയിലെ സുഹൃത്തുക്കളും സഹപ്രവർത്തകരും ജലാലിനെ വിളിച്ച് വധൂവരന്മാർക്ക് ആശംസകൾ കൈമാറിയതോടൊപ്പം, ഈ ദിനത്തിൽ പുണ്യപ്രവൃത്തി ചെയ്തതിന് അഭിനന്ദിക്കുകയും ചെയ്തു. 

''ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ ഹീറോ ആകണമെന്നായിരുന്നു ആഗ്രഹം. അത് ഇത്തരമൊരു അവസരത്തിലായതിൽ ഏറെ സന്തോഷം''–ജലാൽ പറയുന്നു. ഹീറോ ആകൂ, ജീവൻ രക്ഷിക്കൂ എന്നാണ് ലത്തീഫ ബ്ലഡ് ബാങ്കിന്റെ മുദ്രാവാക്യം. ഫോൺ:+971 52 490 0022.

MORE IN GULF
SHOW MORE
Loading...
Loading...