അറബ് ലോകത്തെ ആദ്യ ആണവോർജ നിർമാണം യുഎഇയിൽ

saudi-nuclear
SHARE

അറബ് ലോകത്തെ ആദ്യ ആണവോർജ നിർമാണ രാജ്യമായി യുഎഇ. അബുദാബി അൽ ദഫ്റയിലെ ബറാക്ക ആണവോർജ പ്ലാൻറ് പ്രവർത്തന സജ്ജമായതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രഖ്യാപിച്ചു. ഈ വർഷം അവസാനത്തോടെ വ്യാവസായികാടിസ്ഥാനത്തിൽ ഉൽപ്പാദനം തുടങ്ങും.

അറബ് മേഖലയിൽ വ്യാവസായികാടിസ്ഥാനത്തിൽ സുരക്ഷിതവും സമാധാനപരവുമായ ആണവോർജം നിർമിക്കുന്ന ആദ്യ രാജ്യമായിരിക്കുകയാണ് യുഎഇ. അബുദാബി അൽ ദഫ്റയിലെ ബറാക്ക ആണവോർജ പ്ളാൻറിലെ യൂണിറ്റ് 1 വിജയകരമായി പ്രവർത്തനം ആരംഭിച്ചതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ അറിയിച്ചു. നിർമാണം പൂർത്തിയായി അഞ്ചു മാസങ്ങൾക്ക് ശേഷമാണ് പ്രവർത്തനം തുടങ്ങുന്നത്. എമിറേറ്റ്സ് ന്യൂക്ലിയർ കോർപറേഷന് കീഴിലുള്ള നവാഹ് എനർജി കമ്പനിക്കാണ് പ്ലാന്റിന്റെ മേൽനോട്ടചുമതല. സുരക്ഷാപരിശോധനകൾക്ക് ശേഷം വ്യാവസായികാടിസ്ഥാനത്തിൽ  രാജ്യത്തെ വീടുകളിലും സ്ഥാപനങ്ങളിലുമായി ഊർജം ഉപയോഗിച്ചു തുടങ്ങും. 

രാജ്യത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ നാലിലൊന്ന് വിതരണം ചെയ്യുകയാണ് ലക്ഷ്യം. സുരക്ഷിതവും മലിനീകരണരഹിതവുമായ വൈദ്യുതി ഉപയോഗത്തിലൂടെ ഭാവി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിൻറെ അടുത്തെത്തിയതായി ഇ.എൻ.ഇ.സി സി.ഇ.ഒ മുഹമ്മദ് ഇബ്രാഹിം അൽ ഹമ്മാദി പറഞ്ഞു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഈ നേട്ടത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അഭിനന്ദിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...