ഹജ് തീർഥാടനത്തിനായുള്ള ആദ്യസംഘം മക്കയിൽ

umra
SHARE

ഹജ് തീർഥാടനത്തിനായുള്ള ഈ വർഷത്തെ ആദ്യസംഘം മക്കയിലെത്തി. അൽ ഖസീമിൽ നിന്ന് ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ തീർഥാടകരെ ഹജ് ഉംറ മന്ത്രാലയ അധികൃതർ സ്വീകരിച്ചു. സൌദിഅറേബ്യയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ 10,000 പേർക്കാണ് ഇത്തവണത്തെ ഹജ് തീർഥാടനത്തിന് അനുമതി. ഈ മാസം 28 മുതൽ അടുത്തമാസം രണ്ടുവരെയാണ് തീർഥാടനം.

നൂറ്റാണ്ടിലെ ഏറ്റവും കുറവ് തീർഥാടകരെത്തുന്ന ഹജ് കർമങ്ങൾക്കാണ് മക്ക മദീന വിശുദ്ധ നഗരങ്ങൾ സാക്ഷിയാകുന്നത്. ഇത്തവണത്തെ ഹജ് തീർഥാടകരായ 10,000 പേരിൽ 70 ശതമാനവും സൌദിയിൽ താമസിക്കുന്ന വിദേശികളാണ്. 30 ശതമാനം സൌദി പൌരൻമാരാണ്. ഹജ് തീർഥാടനത്തിനായി ജിദ്ദ വിമാനത്താവളത്തിലെത്തിയ ആദ്യസംഘത്തെ ഹജ്-ഉംറ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അൽ ശരീഫ്, ജിദ്ദ വിമാനത്താവളം ഡയറക്ടർ ഇസാം ബിൻ ഫുആദ് നൂറും തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ ആരോഗ്യ മുൻകരുതൽ, പ്രതിരോധ പരിശോധനകൾ നടത്തിയതിനു ശേഷമാണ് മക്കയിലെ ഹറമിനോടു ചേർന്നുള്ള താമസസ്ഥലത്തേക്ക് കൊണ്ടുപോയത്. മക്ക ഹറമിൽ മാത്രം സൌദി റെഡ് ക്രെസൻറിൻറെ നേതൃത്വത്തിൽ 27 ആരോഗ്യസുരക്ഷാകേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ തീർഥാടകരേയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും തീർഥാടനത്തിനു മുൻപും ശേഷവും ക്വാറൻറീനിലേക്ക് മാറ്റുകയും ചെയ്യും. സുരക്ഷിതമായ തീർഥാടനം ഉറപ്പുവരുത്താൻ രാജ്യം എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ഹജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബന്ദൻ പറഞ്ഞു. സാമൂഹികഅകലം ഉറപ്പുവരുത്തിയായിരിക്കും ഹജ് കർമങ്ങൾ. ഹജ്ജിനെത്തുന്ന ഓരോ തീർഥാടകരും ആരോഗ്യസുരക്ഷാ വിഭാഗത്തിൻറെ നിരീക്ഷണത്തിലായിരിക്കും. 

MORE IN GULF
SHOW MORE
Loading...
Loading...