താമസ വീസക്കാർക്ക് മടങ്ങി വരുന്നതിന് തടസമുണ്ടാകില്ല; വ്യക്തമാക്കി ഒമാൻ

oman-23
SHARE

ഒമാനിലെ താമസവീസയുള്ളവർ 180 ദിവസത്തിലധികം രാജ്യത്തിന് പുറത്തായിരുന്നാലും മടങ്ങിയെത്തുന്നതിന് തടസമുണ്ടാകില്ലെന്ന് അധികൃതർ. കോവിഡ് വ്യാപനത്തിന് മുൻപ് നാട്ടിലേക്ക് പോയി മടങ്ങിവരാനാകാതെ കുടുങ്ങിയ പ്രവാസിമലയാളികളടക്കമുള്ളവർക്ക് ആശ്വാസകരമാണ് പുതിയ തീരുമാനം. ആറു മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തായിരുന്നവരുടെ താമസവീസ റദ്ദാക്കുമെന്ന നിയമത്തിനാണ് ഇളവ് അനുവദിച്ചത്.

കോവിഡ് വ്യാപനത്തിന് മുൻപ് അവധിക്ക് നാട്ടിലേക്ക് പോയി മടങ്ങിവരാനാകാതെ കുടുങ്ങിയ പ്രവാസിമലയാളികളടക്കമുള്ളവർക്ക് ആശ്വാസകരമാണ് പാസ്പോർട്ട് ആൻറ് റസിഡൻസ് ഡയറക്ടറേറ്റ് ജനറൽ ഡെപ്യൂട്ടി ഡയറക്ടർ മേജർ മുഹമ്മദ് ബിൻ റാഷിദ് അൽ ഹസ്ബി പ്രഖ്യാപിച്ച ഇളവ്. ഒമാനിലെ വീസനിയമ പ്രകാരം താമസവീസയുള്ളവർ 180 ദിവസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്താണെങ്കിൽ താമസവീസ റദ്ദാക്കപ്പെടുമായിരുന്നു. ജനുവരിയിലും ഫെബ്രുവരിയിലുമൊക്കെയായി നാട്ടിൽ അവധിക്കുപോയ പ്രവാസിമലയാളികളടക്കം ആശങ്കപ്പെടുത്തിയിരുന്ന ഈ നിയമത്തിനാണ് ഇളവ് അനുവദിച്ചത്.നിലവിൽ വിദേശത്തുള്ള വീസ കാലാവധി കഴിഞ്ഞവർ ഓൺലൈനിൽ വീസ പുതുക്കണമെന്നാണ് നിർദേശം.

വീസ പുതുക്കിയതിൻറെ റസീപ്റ്റ് സ്പോൺസർ ജീവനക്കാർക്ക് അയച്ചുകൊടുക്കണം. ഇത് വീസപുതുക്കിയതിൻറെ രേഖയായി വിമാനത്താവളത്തിൽ കാണിക്കുകയും വേണം. ഒമാനിലേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കുന്ന മുറയ്ക്ക് ഇവർക്ക് മടങ്ങിവരാം. കോവിഡ് കാലത്തേക്ക് മാത്രമായിരിക്കും ഈ ഇളവുകളെന്നും മേജർ മുഹമ്മദ് ബിൻ റാഷിദ് അൽ ഹസ്ബി വ്യക്തമാക്കി. ഇതിനൊപ്പം സന്ദർശകവീസ പുതുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 

MORE IN GULF
SHOW MORE
Loading...
Loading...