യുഎഇയുടെ ആദ്യ ചൊവ്വാഗവേഷണ പേടക വിക്ഷേപണം വിജയകരം

mars
SHARE

യുഎഇയുടെ ആദ്യ ചൊവ്വാഗവേഷണ പേടകത്തിൻറെ വിക്ഷേപണം വിജയകരം. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് യുഎഇ സമയം  പുലർച്ചെ 1.58നായിരുന്നു വിക്ഷേപണം. അറബ് മേഖലയിലെ ആദ്യ ചൊവ്വാ ഗവേഷണ ദൌത്യമാണ് യുഎഇയുടെ ഹോപ് മാർസ് മിഷൻ.

ചരിത്രത്തിലാദ്യമായി അറബിക് ഭാഷയിലെ കൌണ്ട്ഡൌൺ പൂർത്തിയായതോടെ  പ്രതീക്ഷയെന്നർഥം വരുന്ന അൽ അമൽ പേടകം കുതിച്ചുയർന്നു. 200 സ്വദേശി യുവശാസ്ത്രജ്ഞരുടെ 6 വർഷത്തിലേറെയായുള്ള പ്രയത്നത്തിൻറെ ആദ്യഘട്ടം വിജയകരം. പേടകം അടുത്തവർഷം ഫെബ്രുവരിയോടെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും. ഇനി 30 ദിവസം മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞർ 24 മണിക്കൂറും ഉപഗ്രഹത്തെ നിരീക്ഷിക്കും. പേടകത്തിൽ നിന്നുള്ള ആദ്യവിവരം പുലർച്ചെ 3.20 ന് ലഭിച്ചു. ചൊവ്വയിലെ അന്തരീക്ഷത്തേയും കാലാവസ്ഥയേയും കുറിച്ചുള്ള പഠനമാണ് ലക്ഷ്യം. യുഎഇ ഭരണാധികാരികളും ജനതയും ലൈവായി വിക്ഷേപണം കണ്ടു. ചുവന്ന ഗ്രഹത്തിലേയ്ക്കുള്ള നമ്മുടെ  493 ദശലക്ഷം കിലോ മീറ്റർ യാത്ര ഇവിടെ ആരംഭിക്കുന്നുവെന്ന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രതീക്ഷയോടെ ട്വിറ്ററിൽ കുറിച്ചു. അഭിമാനത്തോടെ സന്തോഷത്തോടെ നാം ബഹിരാകാശത്ത് പുതിയ അധ്യായം ആരംഭിച്ചതായി യുഎഇ ഉപസർവ്വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. 

അസാധ്യമായത് ഒന്നുമില്ല. ദൃഢമായ വിശ്വാസമുണ്ടെങ്കിൽ എന്തും നേടാനാകും ഇതായിരുന്നു ദുബായ് കിരീടാവകാശിയും മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെൻ്ററിൻ്റെ പ്രസിഡൻ്റുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ പ്രതികരണം. ചൊവ്വാ ദൌത്യത്തിനു പിന്നാലെ എട്ട് ഉപഗ്രഹങ്ങൾ കൂടി യുഎഇ വിക്ഷേപിക്കുന്നുണ്ട്. 2,200 കോടി ദിർഹത്തിന്റെ പദ്ധതികളാണ് ബഹിരാകാശ മേഖലയിൽ പുരോഗമിക്കുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...