മകളെ തലയ്ക്കടിച്ച് കൊന്നു; മൃതദേഹത്തിന് അടുത്തിരുന്ന് ചായ കുടിച്ച് അച്ഛൻ

gulf-murder
SHARE

മകളെ സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ചു ക്രൂരമായി കൊലപ്പെടുത്തി പിതാവ്. വർഷങ്ങളായി വീട്ടിൽ സഹോദരന്മാരുടെയും പിതാവിന്റെയും ക്രൂര പീഡനങ്ങൾക്ക് വിധേയയായ അഹ്‌ലം എന്ന മുപ്പതുകാരിയാണ് പിതാവിന്റെ ക്രൂര കൃത്യത്തിന് ഇരയായത്. ജോർദാനിൽ നടന്ന സംഭവത്തിൽ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. 

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വീട്ടിൽനിന്ന് ‘രക്ഷിക്കണേ’ എന്ന് നിലവിളിച്ചു കൊണ്ട് ഇറങ്ങി ഓടിയ പെൺകുട്ടിയെ പിന്തുടർന്ന പിതാവ് സിമന്റ് കട്ടകൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നെന്നു ദൃക്സാക്ഷി പറഞ്ഞു. ‘അവളുടെ ശരീരം രക്തത്തിൽ കുളിച്ചിരുന്നു. അവളെ പിന്തുടർന്ന് പിതാവ് ആദ്യം സിമന്റ് കട്ടകൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി.

അവൾ നിശ്ചലമാകുന്നതു വരെ തലയിൽ അടിച്ചുകൊണ്ടേ ഇരുന്നു. അവളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളുടെ മുന്നിൽവച്ചാണ് അയാൾ അവളെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊന്നതിനു ശേഷം അവളുടെ മൃതദേഹത്തിന് അടുത്തിരുന്ന് അയാൾ ചായ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്തു.’– ദൃക്സാക്ഷി പറഞ്ഞു.

‘വീട്ടിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നതായി കാണുന്നത്. അഹ്‌ലം അവളുടെ അമ്മയോട് ഇടപെടാൻ അഭ്യർഥിക്കുന്നുണ്ടെങ്കിലും അവർ യാതൊന്നും മിണ്ടാതെ നിൽക്കുകയാണ്. പിതാവിനെ പിടിച്ചുമാറ്റാൻ അയൽവാസികൾ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പൊലീസിൽ വിവരം അറിയിച്ചെങ്കിലും അവർ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.–’ മറ്റൊരാൾ  ട്വിറ്ററിൽ വിശദീകരിച്ചത് ഇങ്ങനെ. 

അഹ്‌ലത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോർദാനിൽ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. അഹ്‌ലത്തിന്റെ ദുരഭിമാനക്കൊലയാണെന്നും അവൾക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.

MORE IN GULF
SHOW MORE
Loading...
Loading...