ഹജ് തീർഥാടനം; മക്ക നഗരം നാളെ മുതൽ പ്രത്യേക സുരക്ഷാവലയത്തില്‍

Mecca hajj Kaaba
SHARE

ഹജ് തീർഥാടനത്തിന് മുന്നോടിയായി മക്ക നഗരം നാളെ മുതൽ പ്രത്യേക സുരക്ഷാവലയത്തിലാകും. പ്രത്യേകപാസുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. കോവിഡിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഹജ്ജിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

ഹജ് തീർഥാടനം സൌദിഅറേബ്യയിൽ താമസിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ ഹജ് കര്‍മങ്ങള്‍ നടക്കുന്ന മിന, മുസ്ദലിഫ, അറഫ എന്നീ ഭാഗങ്ങളിലേക്കുള്ള എല്ലാ കവാടങ്ങളിലും സുരക്ഷാ വിന്യാസമുണ്ട്. പൊലീസിനൊപ്പം സൈന്യവും രംഗത്തിനറങ്ങിയാണ് സ്ഥിതിഗതികൾ നിരീക്ഷിച്ച് സുരക്ഷ ഒരുക്കിയിരിക്കുന്നത്. പ്രത്യേക പെർമിറ്റ് ഉള്ളവർക്ക് മാത്രമായിരിക്കും മക്കയിലേക്ക് കടക്കുന്നതിന് അനുമതി. നിയമലംഘകർക്ക് 10,000 റിയാലാണ് പിഴശിക്ഷ. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. സാധാരണ മൂന്ന് ദിവസം മുൻപ് മാത്രമാണ് ഇത്തരം ക്രമീകരണങ്ങൾ ഒരുക്കാറുള്ളതെങ്കിൽ കോവിഡ് പശ്ചാത്തലത്തിലാണ് രണ്ടാഴ്ച മുൻപ് തന്നെ നിയന്ത്രണങ്ങൾ തുടങ്ങുന്നത്. സാമൂഹിക അകലം പാലിച്ച് നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ഹജ് തീർഥാടനം. കഴിഞ്ഞ വര്‍ഷം 27 ലക്ഷം ഹാജിമാരാണ് മക്കയിലുണ്ടായിരുന്നത്. ഇത്തവണ 10000 പേര്‍ മാത്രമായിരിക്കുമെന്ന് ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

MORE IN GULF
SHOW MORE
Loading...
Loading...