കൂസലില്ലാതെ അന്ന് മാധ്യമങ്ങൾക്ക് മുന്നിൽ; ഇന്ന് ഒളിവിൽ; ഫൈസൽ എവിടെ?

faizal-car
SHARE

നയതന്ത്ര ബാഗേജിൽ കേരളത്തിലേയ്ക്ക് 30 കിലോഗ്രാം സ്വർണക്കള്ളക്കടത്ത് നടത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻെഎഎ) അന്വേഷിക്കുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദ് ഒളിവിൽ തുടരുന്നു. ഞായറാഴ്ച രാത്രി വരെ മാധ്യമങ്ങൾക്കു മുന്നിൽ നേരിട്ടെത്തി നിരപരാധിയാണെന്ന് ആവർത്തിച്ച ഇയാൾ തിങ്കളാഴ്ച മുതൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയോ, വിളിച്ചാൽ എടുക്കാതിരിക്കുകയോ ആണ്.

സുഹൃത്തുക്കൾക്ക് പോലും ഇയാൾ എവിടെയാണ് ഉള്ളതെന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇടയ്ക്കിടെ അറബി വേഷത്തിലും പ്രത്യക്ഷപ്പെടാറുള്ള ഫൈസൽ യുഎഇയിൽ തന്നെ ഒളിച്ചുകഴിയുകയാണെന്നാണ് സംശയിക്കുന്നത്. യുഎഇയിലെ മിക്ക മലയാളം മാധ്യമങ്ങളും ഫൈസലിന് പിന്നാലെയാണ്. എന്നാൽ, തൊട്ടടുത്താണെങ്കിലും ആരുടെയും ശ്രദ്ധ പതിയാതെ ഒളിസങ്കേതത്തിലാണ് ഇയാളെന്നാണ് സംശയിക്കുന്നത്.

പലർക്കും അറിയാം; പക്ഷേ, സൗഹൃദമില്ല.

യുഎഇയിൽ, പ്രത്യേകിച്ച് ദുബായിലെ മലയാളി കൂട്ടായ്മകളിൽ പ്രവർത്തിക്കുന്ന പലർക്കും ഫൈസലിനെ അറിയാം. പലപ്രാവശ്യം കണ്ടിട്ടും പരിചയപ്പെട്ടിട്ടുമുണ്ടെങ്കിലും ആരുമായും സൗഹൃദം സ്ഥാപിക്കുന്നതിൽ ഫൈസൽ താത്പര്യം കാണിക്കാറില്ലെന്ന് ഇയാളെ പരിചയമുള്ളവർ പറയുന്നു. ദുബായ് ഖിസൈസിലെ ഡമാസ്കസ് സ്ട്രീറ്റിനടുത്താണ് ഫൈസൽ ഫരീദിന്റെ 5–സി മോട്ടോർ സ്പോർട്സ് എന്ന ആഡംബര വാഹനങ്ങളുടെ വർക് ഷോപ് സ്ഥിതി ചെയ്യുന്നത്. 

തന്റെ വിളിപ്പേരായ ഫൈസി എന്നതിന്റെ സൂചകമായി 5സി എന്നാണ് സ്ഥാപനത്തിന് പേരിട്ടിരിക്കുന്നത്. 1998 ൽ സ്ഥാപിച്ചതായി രേഖപ്പെടുത്തിയിട്ടുള്ള ഗ്യാരേജ് കഴിഞ്ഞ മൂന്നാാഴ്ചയായി തുറക്കാറില്ലെന്നാണ് പരിസര വാസികൾ പറയുന്നത്. എന്നാൽ, പരിസരത്ത് ഒട്ടേറെ നമ്പരില്ലാത്ത ആഡംബര കാറുകൾ പൊടിപിടിച്ച് കിടക്കുന്നുണ്ട്. നാല് ജീവനക്കാരാണ് ഇവിടെയുണ്ടായിരുന്നത്. തങ്ങൾക്ക് കഴിഞ്ഞ മൂന്നു മാസമായി ശമ്പളം കിട്ടിയിട്ടില്ലെന്നും പാക്കിസ്ഥാനിയായ ജീവനക്കാരൻ പറഞ്ഞു. 

ഒട്ടേറെ വർക് ഷോപ്പുകളുടെ കേന്ദ്രമായ ഇൗ സ്ഥലത്ത് വേറെയും മലയാളികൾക്ക് സ്ഥാപനങ്ങളുണ്ട്. ഫൈസൽ ഫരീദ് തന്നെയായിരുന്നു 5 സി ഗ്യാരേജിന് മേൽനോട്ടം വഹിച്ചിരുന്നത്. ഇടയ്ക്കിടെ വിലകൂടിയ കാറുകളിൽ തന്റെ സ്ഥാപനത്തിലെത്താറുണ്ടെങ്കിലും പരിസരത്തെ മലയാളികളോട് പോലും വലിയ  അടുപ്പം കാണിക്കാറില്ലായിരുന്നു. ഫൈസലിനെ പലപ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും അയാളുടെ പേര് പോലും തനിക്ക് അറിയാൻ പാടില്ലായിരുന്നുവെന്നും മാധ്യമങ്ങളിൽ പടം കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും തൊട്ടടുത്ത് ഗ്യാരേജ് നടത്തുന്ന തൃശൂർ സ്വദേശി പറഞ്ഞു.

ഗ്യാരേജിന് അധികം അകലെയല്ലാതെ ഖിസൈസിലെ കണ്ണായ സ്ഥലത്താണ് ഫൈസലിന്റെ ഗോ ജിം എന്ന ആഡംബര ജിംനേഷ്യം സ്ഥിതി ചെയ്യുന്നത്. മറ്റു ജിമ്മുകളിൽ നിന്ന് വ്യത്യസ്തമായി വലിയ തുക ഇവിടെ ഫീസ് ഇൗടാക്കുന്നു. ഇതര രാജ്യക്കാർക്ക് പാർട്ണര്‍ഷിപ്പുള്ള ജമ്മിന് മേൽനോട്ടം വഹിക്കുന്നത് മറ്റൊരു മലയാളിയാണ്. മലയാളികളടക്കം ഒട്ടേറെ മികച്ച പരിശീലകരാണ് പ്രത്യേകത. ഫൈസി അപൂർവമായി മാത്രമേ വരാറുള്ളൂ എന്നും ജീവനക്കാർ പറഞ്ഞു.

കൂസലില്ലാതെ ഫൈസൽ; സുഹൃത്തുക്കൾക്ക് പോലും അത്ഭുതം

മാധ്യമങ്ങളിൽ തന്റെ പേരും ചിത്രങ്ങളും വന്ന് മണിക്കൂറുകൾ കഴിഞ്ഞ് എല്ലാവരുടെയും മുന്നിൽ വരാൻ ഫൈസൽ തയാറായി. കൂസലില്ലാതെ ടെലിവിഷൻ ചാനലുകളോട് താനല്ല അയാളെന്നും തെറ്റായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും ഇയാൾ പറഞ്ഞു. അന്വേഷണ സംഘം നേരിട്ടും സുഹൃത്തുക്കൾ വഴിയും ബന്ധപ്പെടാൻ ശ്രമിക്കുന്നെങ്കിലും ഒഴിഞ്ഞുമാറുന്നതായാണു വിവരം. സുഹൃത്തിനെ ഫോണിൽ വിളിച്ചാണു ഞായറാഴ്ച കസ്റ്റംസ് മൊഴി രേഖപ്പെടുത്തിയത്. ഇപ്പോൾ അതേ സുഹൃത്തുക്കളിൽ നിന്ന് മാറി നിൽക്കുന്ന ഫൈസലിനെ പരിചയമുണ്ടെന്ന് പറയാൻ പോലും പലരും തയ്യാറാകുന്നില്ല. 

വാർത്തകൾ കണ്ട് തമാശതോന്നിയെന്ന് ഫൈസൽ

മാധ്യമങ്ങളിൽ തന്റെ പടവും വാർത്തയും കണ്ട് തമാശയാണ് തോന്നിയത് എന്നായിരുന്നു ഞായറാഴ്ച ഫൈസലിന്റെ പ്രതികരണം. ഇത്രയും ഗൗരവമായ ആരോപണമായിരുന്നിട്ടും അതിൽ തമാശ കണ്ടെത്തിയത് പ്രവാസി മലയാളികളെ അത്ഭുതപ്പെടുത്തിയിരുന്നെങ്കിലും, സംഭവത്തെ നിസാരവത്കരിച്ചതിനാൽ ഫൈസൽ പറയുന്നതായിരിക്കും ശരിയെന്നായിരുന്നു ഞായറാഴ്ച മിക്കവരുടെയും അഭിപ്രായം. ഫൈസലിനെ രക്ഷിക്കാൻ ചില മാധ്യമങ്ങൾ ശ്രമം നടത്തുന്നുണ്ടോ എന്ന് സംശയിച്ചവരുമുണ്ട്. അണയാൻ പോകുന്നതിന് മുൻപത്തെ ആളിക്കത്തലായിരുന്നു പ്രതിയാകുമെന്ന് അറിയാമായിരുന്നിട്ടും ഫൈസൽ മാധ്യമങ്ങൾക്ക് മുൻപിൽ നിരപരാധി കളിച്ചതിന് പിന്നിലെന്നാണ് പലരും ഇപ്പോൾ അഭിപ്രായപ്പെടുന്നത്.

അഞ്ചാം നമ്പർ വില്ല ഒന്നിലേറെ; എവിടെയും ഫൈസലില്ല

ഫൈസൽ കൂടെയില്ലെന്ന വിവരമാണ് അന്വേഷണസംഘത്തോടു സുഹൃത്തുക്കൾ ഇപ്പോൾ അറിയിക്കുന്നത്. മലയാളികളടക്കം ജനസാന്ദ്രതയേറിയ പ്രദേശമായ റാഷിദിയയിലെ വില്ലയിലായിരുന്നു ഫൈസൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. സ്വർണം അയച്ച മേൽവിലാസത്തിൽ അഞ്ചാം നമ്പർ വില്ല എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഏത് തെരുവാണെന്നു രേഖപ്പെടുത്തിയിട്ടില്ല. ഇതേ നമ്പരിൽ ഒന്നിലേറെ വില്ലകൾ ഇൗ പ്രദേശത്തുണ്ട്. മാത്രമല്ല, രേഖപ്പെടുത്തിയ യുഎഇ മൊബൈൽ ഫോൺ നമ്പരിൽ ഒരക്കം കുറവുമാണ്. ഇത്തരം പിശകുകൾ മനപ്പൂർവമാണെന്നും പിന്നീട് പിടികൂടപ്പെട്ടാൽ രക്ഷപ്പെടാനുള്ള തന്ത്രമായിട്ടാണ് കാണേണ്ടതെന്നും സംശയിക്കുന്നു. 

അന്വേഷണ സംഘം ദുബായിലെത്തുമോ?

യുഎഇയുടെ ലോഗോ, സീൽ എന്നിവ വ്യാജമായി നിർമിച്ചുവെന്ന് എൻഐഎ കോടതിയെ അറിയിച്ച സാഹചര്യത്തിൽ ദുബായ് പൊലീസ് ഫൈസലിനെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനാൽ ഫൈസലിനെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട്  രണ്ട് സാധ്യതകളാണ് നിയമവിദഗ്ധർ പറയുന്നത്. ഒന്ന്  അന്വേഷണ സംഘം ദുബായിൽ നേരിട്ടെത്തുകയും ദുബായ് പൊലീസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തു കൈമാറുകയും ചെയ്യുക. രണ്ട്. ഫൈസലിനെ നാട്ടിലേക്കു വരാൻ ആവശ്യപ്പെടുകയോ ദുബായ് പൊലീസിന്റെ സഹായത്തോടെ വിമാനത്തിൽ നാട്ടിലേക്കു അയക്കുകയോ ചെയ്യുക. ഇരുരാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിനു കരാറുള്ളതിനാൽ കൈമാറ്റത്തിനു തടസങ്ങളില്ലെന്നാണു കരുതുന്നത്. ഏതായാലും വൈകാതെ ഫൈസൽ ഫരീദ് നിയമത്തിന്റെ പിടിയിലാകും എന്നു തന്നെയാണ് യുഎഇയിലെ മലയാളി സമൂഹം കരുതുന്നത്.  

യുഎഇയിലും നിയമ നടപടിക്ക് സാധ്യത

സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെതിരെ യുഎഇയിലും നിയമ നടപടികൾക്കു സാധ്യത. ഞായറാഴ്ച ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് ‘അതു ഞാനല്ല’ എന്നു പറഞ്ഞ ഇയാൾ തുടർന്നുള്ള രണ്ടു ദിവസവും മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്നു. എന്നാൽ, അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതായി അറിയുന്നു. 

അധികൃതരെ കബളിപ്പിച്ചു നയതന്ത്ര ബാഗേജിൽ സ്വർണം ഒളിപ്പിക്കുന്നത് ഗുരുതരമായ മൂന്നു വകുപ്പുകൾ ചുമത്താവുന്ന കുറ്റമാണ്. രാജ്യസുരക്ഷ അപകടത്തിലാക്കൽ, രാജ്യാന്തര ബന്ധങ്ങളിൽ വിള്ളലുണ്ടാക്കൽ എന്നിവ യുഎഇയിലെ പരമോന്നത കോടതി (അബുദാബി ഫെഡറൽ കോർട്) ആണു പരിഗണിക്കുക. തെറ്റായ വിവരം നൽകുന്നത് കസ്റ്റംസ് നിയമമനുസരിച്ച് 5 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. തെറ്റായ വിവരം നൽകുന്നത് കസ്റ്റംസ് നിയമമനുസരിച്ച് 5 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. 

MORE IN GULF
SHOW MORE
Loading...
Loading...