യാത്രാനുമതി ലഭിക്കുന്നില്ല; യുഎഇയിലേക്കു കാലിയായി വിമാനങ്ങൾ

uae-flight-new
SHARE

ഇന്ത്യയിലുള്ള യുഎഇ താമസ വീസക്കാർക്ക് തിരിച്ചെത്താൻ അനുമതി നൽകിയ ആദ്യ ദിനത്തിൽ എത്തിയത് 200ൽ താഴെ ഇന്ത്യക്കാർ. വന്ദേഭാരത് മിഷൻ വിമാനങ്ങളിലും ചാർട്ടേഡ് വിമാനങ്ങളിലുമായാണ് അബുദാബി, ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ എത്തിയത്. ഓരോ വിമാനങ്ങളിലും 15 മുതൽ 20 യാത്രക്കാർ മാത്രം.

യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെയും ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെയും അനുമതി ലഭിക്കാത്തതിനാലാണ് വീസയുള്ള പലർക്കും തിരിച്ചെത്താൻ കഴിയാത്തതെന്ന് യാത്രക്കാർ പറഞ്ഞു. കൂടാതെ അംഗീകൃത കേന്ദ്രങ്ങളിൽനിന്നല്ലാത്ത പിസിആർ ടെസ്റ്റുമായി എത്തിയവർക്കും യുഎഇയിലേക്കു വരാനായില്ല.

ട്രൂനാറ്റ് ഉൾപെടെ ഇതര കോവിഡ് പരിശോധനാ ഫലവുമായി എത്തിയവർക്കും യാത്രാനുമതി ലഭിച്ചില്ല. കണ്ണൂരിൽനിന്ന് ഇന്നലെ രാവിലെ 10.50ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.20ന് അബുദാബിയിലെത്തിയ വിമാനത്തിൽ 15 മുതിർന്നവരും 4 കുട്ടികളുമാണ് ഉണ്ടായിരുന്നതെന്ന് ഈ വിമാനത്തിൽ തിരിച്ചെത്തിയ സാമൂഹിക പ്രവർത്തകൻ എംഎം നാസർ കാഞ്ഞങ്ങാട് പറഞ്ഞു.

അനുമതി കിട്ടാത്തവരെ മടക്കി അയച്ചു

ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റി (ഐസിഎ) അനുമതി കിട്ടാതെ ടിക്കറ്റെടുത്ത് അബുദാബിയിലേക്കു വരാനായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ 4 പേരെ മടക്കി അയച്ചു. വെബ്സൈറ്റിൽ റജിസ്ട്രേഷൻ നടത്തിയപ്പോൾ കിട്ടിയ കൺഫർമേഷൻ അനുമതിയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഇവർ ടിക്കറ്റെടുത്ത് എയർപോർട്ടിലെത്തിയത്. റജിസ്ട്രേഷൻ നടത്തിയ ഉടൻ ലഭിക്കുന്ന കൺഫർമേഷൻ യാത്രാനുമതിയല്ല. അപേക്ഷ അധികൃതർ വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്താൽ 2 ദിവസത്തിനകം അംഗീകരിച്ചതായി അറിയിപ്പ് ലഭിക്കും.

ദുബായിലേക്ക് മാത്രം ജിഡിആർഎഫ്എ

ദുബായ് വീസയിലുള്ളവർ ജനറൽ റസിഡൻസി ഓഫ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) https://www.gdrfad.gov.ae വെബ്സൈറ്റിലാണ് റജിസ്റ്റർ ചെയ്ത് അനുമതി എടുക്കേണ്ടത്. ഈ അനുമതി വച്ച് അബുദാബിയിലേക്കു യാത്ര ചെയ്യാനാകില്ല. ദുബായിലേക്കുള്ള വിമാനത്തിൽ വരുന്നതായിരിക്കും ഉചിതം. മറ്റ് എമിറേറ്റിലുള്ളവർ ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയുടെ (ഐസിഎ) വെബ്സൈറ്റിലാണ് (https://www.ica.gov.ae) റജിസ്റ്റർ ചെയ്യേണ്ടത്. ഐസിഎ–ജിഡിആർഎഫ്എ അനുമതിക്ക് 21 ദിവസത്തെ കാലാവധിയുള്ളതിനാൽ യാത്രാനുമതി കിട്ടിയ ശേഷം മാത്രം കോവിഡ് ടെസ്റ്റും വിമാന ടിക്കറ്റും എടുത്താൽ മതിയാകും.

MORE IN GULF
SHOW MORE
Loading...
Loading...