'ജീവനോടെ നാട്ടിലെത്തില്ലെന്ന് കരുതി'; ദുരിതം താണ്ടി ആബിദ നാട്ടിലെത്തി

abida-11
ആബിദയെ കുവൈത്ത് വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ
SHARE

വെള്ളം മാത്രം കുടിച്ച് ജീവൻ നിലനിർത്തിയ അവസ്ഥയിൽ നിന്ന് ആശ്വാസതീരത്തേക്ക് ഒടുവിൽ ആബിദ എത്തി. ജീവനോടെ നാട്ടിലെത്താൻ പറ്റുമെന്ന് കരുതിയില്ലെന്ന് ആബിദ പറയുമ്പോൾ അതിൽ കണ്ണീരിന്റെ നനവുണ്ട്. കുവൈത്തിൽ വീട്ടുതടങ്കലിൽ ദുരിതത്തിൽ കഴിഞ്ഞ ആബിദയുടെ അവസ്ഥ മനോരമയാണ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് സുമനസുകൾ സഹായവുമായി എത്തി. ഇന്നലെ വൈകിട്ടാണ് കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് തിരിക്കുമ്പോൾ കൂപ്പിയ കൈകളോടെ ആബിദ എല്ലാവർക്കും നന്ദി പറഞ്ഞു.

പാലക്കാട് കൊഴിഞ്ഞാംപാറ സ്വദേശിയായ ആബിദയുടെ ദുരിതം ജൂൺ  എട്ടിനാണ് മനോരമ പ്രസിദ്ധീകരിച്ചത്. നോർക്ക മുഖേന കുവൈത്തിലെ ജഹ്റയിലെ സ്വദേശിയുടെ വീട്ടിൽ 2019 ഒക്ടോബറിൽ ജോലിക്കെത്തിയതായിരുന്നു ആബിദ. 10 അംഗങ്ങളുള്ള വീട്ടിൽ വിശ്രമമില്ലാതെ പണിയെടുത്ത് തളർന്ന ആബിദ വൈകാതെ രോഗിയായി. വീട്ടുതടങ്കലിലായിരുന്നതിനാൽ പരസഹായവും ലഭിച്ചില്ല. തന്റെ ദുരവസ്ഥ കൂട്ടികാരിക്ക് വാട്സാപ് സന്ദേശമായി അറിയിച്ചതോടെ വാർത്തയായി.

വയറിനുള്ളിലെ അലർജി കാരണം വെള്ളം മാത്രം കുടിച്ചാണ് ജീവൻ നിലനിർത്തിയത്. മതിയായ ചികിത്സയുമില്ല, വേതനവും മുടങ്ങി. പ്രശ്നത്തിൽ ഇടപെട്ട പാലക്കാട് കെഎംസിസി ആബിദയെ നാട്ടിലെത്തിക്കണമെന്ന് സ്പോൺസറോട് ആവശ്യപ്പെട്ടെങ്കിലും തിരസ്കരിച്ചു. നോർക്കയിൽ കെട്ടിവെച്ച 850 ദിനാർ തിരിച്ചു നൽകണമെന്നായിരുന്നു സ്പോൺസറുടെ ആവശ്യം. തുടർന്ന് ആബിദയുടെ ദുരവസ്ഥ ആശുപത്രി അധികൃതരെ ബോധ്യപ്പെടുത്തി നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുകയായിരുന്നു.

ആബിദയുടെ പ്രയാസങ്ങൾ വാർത്തയായതോടെ മന്ത്രി കെ.ടി.ജലീൽ, പി.കെ.കുഞ്ഞാലിക്കുട്ടി എംപി, നോർക്ക സിഇഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി, കെഎംസിസി പ്രവർത്തകർ, കുവൈത്തിൽ സാമൂഹിക പ്രവർത്തകയായ തൃശൂർ സ്വദേശിനി ഷൈനി ഫ്രാങ്ക് തുടങ്ങിയവരും ഇടപെട്ടു. ഷൈനിയുടെ നേതൃത്വത്തിലാണ് ആബിദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങളോളം ആശുപത്രിയിൽ സഹായത്തിനെത്തിയതും ഇവർതന്നെ. പാസ്പോർട്ട് വിട്ടുകിട്ടുന്നതിനും മറ്റും പാലക്കാട്, മലപ്പുറം കെഎംസിസി പ്രവർത്തകർ ഓടിനടന്നു. ആശുപത്രിയിൽനിന്ന് കെഎംസിസി പ്രവർത്തകരാണ് ആബിദയെ വിമാനത്താവളത്തിലെത്തിച്ചത്. വിഷയത്തിൽ എംബസി ഉദ്യോഗസ്ഥരും ഇടപെട്ടിരുന്നു. ഷൈനി ഫ്രാങ്കിനൊപ്പം കെഎംസിസി പ്രവർത്തകരായ അഷ്റഫ് അപ്പക്കാടൻ, ശിഹാബ് പൂവക്കോട്, നിസാർ പട്ടാമ്പി, നിഷാബ് തങ്ങൾ, പി.എം.എസ്.ആബിദ് തങ്ങൾ, മുജീബ് മൂടാൽ, റസാക്ക് അയ്യൂർ എന്നിവരും ആബിദയെ യാത്രയാക്കാൻ വിമാനത്താവളത്തിലെത്തി. വിമാന ടിക്കറ്റ് കെഎംസിസി നൽകി.

MORE IN GULF
SHOW MORE
Loading...
Loading...