ദുബായിലെ പബ്ലിക് ബസുകളിൽ വളയം പിടിക്കാൻ ഇനി വനിതകളും

RTA-Lady-bus-Drivers
SHARE

ദുബായിലെ പബ്ലിക് ബസുകളിൽ വളയം പിടിക്കാൻ ഇനി വനിതകളും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കിയ മൂന്ന് വനിതകളാണ് ബസ് ഓടിച്ചുതുടങ്ങിയത്. ഗൾഫ് മേഖലയിൽ ആദ്യമായാണ് പബ്ളിക്ക് ബസിൽ വനിതകൾ ഡ്രൈവർമാരായി നിയമിതരാകുന്നത്.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീശാക്തീകരണത്തിൻറെ ഭാഗമായി പരിശീലനം നൽകിയ മൂന്ന് വനിതകളാണ് ബസ് ഓടിച്ച് തുടങ്ങിയത്. പുരുഷൻമാർ മാത്രമുണ്ടായിരുന്ന മേഖലയിൽ സ്ത്രീകൾക്ക് പുതിയ ജോലിസാധ്യത കൂടി തുറന്നിരിക്കുകയാണെന്ന്  പബ്ലിക് ട്രാൻസ്പോർട് ഏജൻസി സിഇഒ അഹമദ് ഹാഷിം ബഹ്റൂസിയാൻ പറഞ്ഞു. ബനിയാസ്, ദെയ്റ സിറ്റി സെൻ്റർ, ടി 1, ടി3 എന്നിവയെ ബന്ധപ്പെടുത്തിയുള്ള റൂട്ട് 77, മാൾ ഓഫ് ദി എമിറേറ്റ്സ്, ദുബായ് സയൻസ് പാർക്ക്, അൽ ബർഷ സൗത്ത് എന്നീ സ്ഥലങ്ങൾ ബന്ധപ്പെടുത്തുന്ന മെട്രോ ലിങ് റൂട്ട് എഫ് 36,  ബുർജുമാൻ, ബർ ദുബായ്, അൽ ഫാഹിദി എന്നിവയെ ബന്ധിപ്പിക്കുന്ന റൂട്ട് എഫ്70 എന്നീ നിരത്തുകളിലൂടെയാണ് വനിതകളോടിക്കുന്ന ബസ് നീങ്ങുന്നത്. വരും ദിനങ്ങളിൽ കൂടുതൽ വനിതാ ബസ് ഡ്രൈവർമാരെ നിരത്തുകളിൽ കാണാമെന്നും  സിഇഒ അറിയിച്ചു. നിലവിൽ ആർ‌ടി‌എയിൽ 165 വനിതാ ടാക്സി ഡ്രൈവർമാരും 41 വനിതാ ലിമോ ചീഫുകളും ഒരു വനിതാ സ്‌കൂൾ ബസ് ഡ്രൈവറുമുണ്ട്.  എല്ലാവർക്കും സുരക്ഷിതവും സുഗമവുമായ സഞ്ചാരം ഉറപ്പുവരുത്തണമെന്ന ആർടിഎയുടെ കാഴ്ചപ്പാടിനോട് ചേർന്നുനിൽക്കുന്നതാണ് ഈ പ്രവർത്തനങ്ങളെന്നും സിഇഒ വ്യക്തമാക്കി. 

MORE IN GULF
SHOW MORE
Loading...
Loading...